പ്രതിരോധ ശക്തി വർധിപ്പിക്കാൻ ആഹാരത്തിൽ ശ്രദ്ധിക്കാം; പഞ്ചശീലങ്ങൾ പതിവാക്കാം: ഡോ. ബി. പത്മകുമാർ

HIGHLIGHTS
  • കോവിഡ് കാലത്തെ ഭക്ഷണം സമീകൃതവും പോഷക സമ്പുഷ്ടവും ആകണം
  • 45 മിനിറ്റെങ്കിലും ലഘു വ്യായാമങ്ങൾ പതിവാക്കാം
immunity boosting foods
Photo credit : Elena Eryomenko / Shutterstock.com
SHARE

കോവിഡ് കാലത്ത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനായി ഭക്ഷണം സമീകൃതവും പോഷക സമ്പുഷ്ടവുമാകാൻ ശ്രദ്ധിക്കണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. ബി. പത്മകുമാർ. ആരോഗ്യം മുൻനിർത്തിയുള്ള പഞ്ചശീലങ്ങൾ അനുവർത്തിച്ചാൽ കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളെ അതിജീവിക്കാനാകുമെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ ഡോ. പത്മകുമാർ പറഞ്ഞു.

പഞ്ചശീലങ്ങൾ പതിവാക്കാം

∙ ഭക്ഷണം: 

വൈറ്റമിൻ സി,ഡി, സിങ്ക്, സെലിനിയം തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്ന ഘടകങ്ങളാണ്. അതുകൊണ്ട് ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ മൂന്നു നേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ എന്നിവ വേണ്ട. 8–10 ഗ്ലാസ് വെള്ളം കുടിക്കുക. മോരും വെള്ളം, നാരങ്ങ വെള്ളം, കഞ്ഞിവെള്ളം എന്നിവ കുടിക്കാം. റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന തണുത്ത ആഹാരങ്ങൾ അതേ പടി കഴിക്കരുത്.

∙ വ്യായാമം: 

45 മിനിറ്റെങ്കിലും ലഘു വ്യായാമങ്ങൾ പതിവാക്കാം. വീടിനുള്ളിലോ, ടെറസ്സിനു മുകളിലോ നടക്കാം. രാവിലെയുള്ള ഇളം വെയിലിൽ ചെയ്യുന്നത് ഏറെ നല്ലത്. സൂര്യപ്രകാശത്തിലെ വൈറ്റമിൻ ഡി നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

∙ മരുന്നുകൾ മുടക്കരുത്:

അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ പൂർണമായും നിയന്ത്രിച്ചു നിർത്തണം. അനുബന്ധ രോഗങ്ങൾ ഉള്ളവർ മരുന്നുകൾ മുടക്കരുത്. പ്രമേഹം, രക്ത സമ്മർദം തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിച്ചു നിയന്ത്രിക്കണം. ആവശ്യമെങ്കിൽ ഡോക്ടറുടെ ടെലിമെഡിസിൻ കൺസൽറ്റേഷൻ തേടാം. ദീർഘകാല കരൾ, വൃക്ക, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ പ്രത്യേകം കരുതലെടുക്കണം.

health-swanthanam-column-dr-b-padmakumar
ഡോ. ബി. പത്മകുമാർ

∙ ലഹരി  വേണ്ട: 

തുടർച്ചയായി വീട്ടിലിരിക്കുമ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടാനുള്ള സാധ്യതയുണ്ട്. ഇതു പൂർണമായും ഒഴിവാക്കണം. ചെറിയ അളവിൽ മദ്യം കഴിച്ചാൽ ഒരു പ്രശ്നവുമില്ലെന്നു പറയുന്നത് തെറ്റിദ്ധാരണയാണ്. മദ്യപാനവും പുകവലിയും ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയ്ക്കും.

∙ മാനസികാരോഗ്യം നിലനിർത്തുക: 

തുടർച്ചയായി വീട്ടിൽ കഴിയുമ്പോൾ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അമിതമായ ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ഉണ്ടാകാം. ഇത്തരം പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ യോഗ, പ്രാർഥന, ധ്യാനം എന്നിവ സഹായിക്കും. പുസ്തകം വായിക്കുക, പാട്ടു കേൾക്കുക, കൃഷിപ്പണി ചെയ്യുക തുടങ്ങിയ ഹോബികൾ ചെയ്യുക.

ശ്രദ്ധിക്കണം, കുട്ടികളെ

∙ കുട്ടികളിലെ മൊബൈൽ, ലാപ്ടോപ് ഉപയോഗം പഠനാവശ്യങ്ങൾക്കു വേണ്ടി മാത്രമായി ചുരുക്കണം. ഒരു മണിക്കൂർ സമയം നൽകാം. കുട്ടികൾക്ക് ഇവയോട് ‘അഡിക്‌ഷൻ’ ഉണ്ടാകാതിരിക്കാൻ അവരെ സ്നേഹപൂർവം നിയന്ത്രിക്കണം.

∙ ചെവിയിൽ ഇയർ ഫോൺ പരമാവധി ഒരു മണിക്കൂർ മാത്രമേ ഉപയോഗിക്കാവൂ. ഒരുമിച്ച് 2 ചെവികളിലും വയ്ക്കുന്നതിനു പകരം 2 ചെവിയിലും മാറി മാറി ഉപയോഗിക്കാം.

∙ ട്വന്റി 20 നിയമം: 

കണ്ണിന്റെ ആയാസം കുറയ്ക്കാനായി 20 മിനിറ്റ് ലാപ്ടോപ്പിൽ നോക്കിയ ശേഷം 20 സെക്കൻഡ് നേരത്തേക്ക് 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് നോക്കുക.

∙ കുട്ടികളെ വൈകിട്ട് ഒരു മണിക്കൂറെങ്കിലും ശരീരം അനങ്ങി കളിക്കാൻ അനുവദിക്കുക.

English Summary : Immunity boosting diet and tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA