ADVERTISEMENT

സമൂഹ മാധ്യമങ്ങളിലെ ഒരു വ്യാജ പ്രൊഫൈൽ വിശ്വസിച്ച് ആ വ്യക്തിയോടൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ വകവരുത്താൻ തുനിഞ്ഞ ഒരു മാതാവിന്റെ വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞത്.

എന്താണ് കേരളത്തിലെ സ്ത്രീകൾക്കും കുടുംബങ്ങൾക്കുള്ളിലും സംഭവിക്കുന്നത് എന്നൊരു ആശങ്ക വ്യാപകമായി സമൂഹത്തിൽ പരക്കുന്നുണ്ട്. പലപ്പോഴും കുടുംബ ബന്ധങ്ങളിലെ ശൈഥില്യം, ദമ്പതികൾ തമ്മിലുള്ള പൊരുത്തക്കേട്, ആത്മാർഥമായ സ്നേഹത്തിന്റെ അഭാവം ഇതൊക്കെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിവാഹേതര ബന്ധങ്ങൾ തേടി പോകാൻ വ്യക്തികളെ പ്രേരിപ്പിക്കാറുണ്ട്. ഇന്റർനെറ്റ് വരുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ വിവാഹേതര ബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താനും നേർക്കുനേരെയുള്ള ആശയവിനിമയവും ഇടപെടലുകളും പ്രധാന പങ്കു വഹിച്ചിരുന്നു. അക്കാരണം കൊണ്ടുതന്നെ സമൂഹത്തിന്റെ ഒരു നിരീക്ഷണത്തിനു വിധേയമായാണ് മിക്കവാറും അത്തരം ബന്ധങ്ങൾ നില നിന്നു പോന്നിട്ടുള്ളത്. സമൂഹത്തിൽ സമ്പത്തു കൊണ്ടും പദവി കൊണ്ടും അധികാരം കൊണ്ടും ഉന്നത സ്ഥാനീയരായ ആളുകൾക്ക് അത്തരം ബന്ധങ്ങൾക്ക് സാധ്യത കൂടുതലും സാധാരണക്കാരന്  അത് താരതമ്യേന അപ്രാപ്യവുമായ സംഗതിയാണ്. 

എന്നാൽ ഇന്റർനെറ്റിന്റെ കടന്നു വരവോടുകൂടി വിവാഹേതര ബന്ധങ്ങൾ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലങ്ങൾക്കതീതമായി സാർവത്രികമായ പ്രതിഭാസമായി മാറിയിരിക്കുന്നു എന്നതാണ് ഒന്നാമത്തെ യാഥാർഥ്യം. കാരണം നേർക്കു നേർ ഇടപെടാതെ തന്നെ സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഇതിനെ മറച്ചു വച്ചു കൊണ്ട് വളരെ ഫലപ്രദമായി വിവാഹേതര ബന്ധങ്ങൾ സ്ഥാപിക്കാനും തുടർന്നു കൊണ്ടു പോകാനും സമൂഹ മാധ്യമങ്ങൾ അനുവദിക്കുന്നു എന്നുള്ളതാണ്. പക്ഷേ ഇതിന്റെ ഒരു മറുവശമാണ് സമൂഹ മാധ്യമങ്ങളിൽ നിലനിൽക്കുന്ന ചതിക്കുഴികൾ പലപ്പോഴും വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് സ്വന്തം സുഖവും സൗകര്യവും നേടിയെടുക്കാൻ ഒട്ടേറെ ആളുകൾ ഫെയ്സ് ബുക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിലൂടെ ചാറ്റിങ്ങും പലപ്പോഴും നഗ്‌ന ചിത്രങ്ങൾ അടക്കം വിനിമയവും തരം കിട്ടുകയാണെങ്കിൽ എവിടെയെങ്കിലും വച്ച് കാണാനുള്ള സാഹചര്യങ്ങൾ ഒരുങ്ങുകയും വൻ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ വരെ നടക്കുന്നു എന്നതാണ് യാഥാർഥ്യം. 

പലപ്പോഴും ഒരു വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് മറ്റൊരു വ്യക്തിയുമായി ചാറ്റ് ചെയ്‌ത്‌ അയാളെ പൂർണമായി സ്വാധീനിച്ച് വലയിൽ വീഴ്ത്തി തനിക്ക് വേണ്ടുന്നതെല്ലാം നേടിയ ശേഷം അത് പണമാകാം ലൈംഗിക സംതൃപ്‌തി ആകാം ഒരു പക്ഷേ നഗ്‌ന ചിത്രങ്ങൾ പോലെയുള്ള കാര്യങ്ങളാകാം.  എല്ലാം നേടിയ ശേഷം വ്യാജ വാഗ്‌ദാനങ്ങൾ നൽകി അവരെ പ്രലോഭിപ്പിച്ച് കാര്യത്തോടടുക്കുമ്പോൾ വളരെ ഭംഗിയായി അപ്രത്യക്ഷമാകുന്ന ഒട്ടേറെ ആളുകൾ ഇന്ന് സമൂഹത്തിൽ വ്യാപകമായി ഉണ്ട്. മനുഷ്യ സഹജമായ കുറ്റകൃത്യ വാസനകളെ വളരെ ഭംഗിയായിട്ട് പൊതു സമൂഹം അറിയാത്ത രീതിയിൽ ഉപയോഗപ്പെടുത്താൻ സമൂഹ മാധ്യമങ്ങൾ അരങ്ങൊരുക്കുന്നു എന്നതാണ് സത്യം. ഇതിന് കൂടുതൽ വിധേയരായി പോകുന്നത് സ്ത്രീകളും കൗമാരക്കാരായ കുട്ടികളുമാണ്. ചെറിയ തോതിലെങ്കിലും പുരുഷന്മാരും ഇത്തരം വലകളിൽ വീണു പോകുന്നതും കണ്ടു വരുന്നുണ്ട്.

വിവാഹിതരായ വ്യക്തികൾ രണ്ടു തരത്തിലുള്ള വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടാറുണ്ട് എന്നാണ് മനഃശാസ്ത്രം പറയുന്നത്. ഒന്നാമത്തേത് ലൈംഗിക സ്വഭാവമുള്ള വിവാഹേതര ബന്ധമാണ്. വിവാഹ ജീവിതത്തിൽ ലൈംഗിക സംതൃപ്‌തി കുറയുമ്പോൾ അതിനു വേണ്ടി മാത്രം പുറത്തൊരു ബന്ധം തേടി പോകുന്ന ഒരവസ്ഥയാണിത്. ലൈംഗിക വിവാഹേതര ബന്ധങ്ങളിൽ ചെന്നു പെടുന്നതു കൂടുതൽ അല്ലെങ്കിൽ അതിന് മുൻകൈ എടുക്കുന്നതു താൽപര്യം കൂടുതൽ കാണിക്കുന്നത് പുരുഷന്മാരാണ്. എന്നാൽ വൈകാരിക വിവാഹേതര ബന്ധങ്ങളിൽ രണ്ടാമതൊരു തരം വിവാഹേതര ബന്ധങ്ങൾ ഉണ്ട്. ജീവിത പങ്കാളിയിൽ നിന്ന് ഒരു വൈകാരിക സുരക്ഷിതത്വമോ സാമീപ്യമോ കിട്ടാതെ വരുമ്പോൾ അതിനുവേണ്ടി  വിവാഹത്തിനു പുറത്ത് ഒരു സുഹൃത്തിനെ തേടുകയും അത്തരം സൗഹൃദങ്ങളിൽ മനസ്സർപ്പിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ്. കൂടുതൽ സ്ത്രീകളാണ് വൈകാരിക വിവാഹേതര ബന്ധങ്ങളിലേക്ക് പോകാൻ താൽപര്യം കാട്ടുന്നത്. ഭർത്താവിന്റെ തിരക്കുകൾ ആണോ  അല്ലെങ്കിൽ വേണ്ട രീതിയിൽ സമയം ചെലവിടാൻ കഴിയുന്നില്ല തുടങ്ങിയ പലവിധ കാരണങ്ങൾ കൊണ്ട് സ്ത്രീകൾ വൈകാരിക വിവാഹേതര ബന്ധങ്ങൾ തേടി പോകുന്നു. 

പക്ഷേ പുരുഷനും സ്ത്രീയും ഇത്തരം വിവാഹേതര ബന്ധങ്ങളോട് പ്രതികരിക്കുന്ന രീതി വ്യത്യസ്‌തമാണ്‌. തന്റെ പങ്കാളിക്ക് ഒരു ലൈംഗിക വിവാഹേതര ബന്ധമുണ്ട് എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം അസഹ്യമായ ഒരു കാര്യമാണ്. എന്നാൽ ഭാര്യയ്ക്ക് വൈകാരിക വിവാഹേതര ബന്ധമുണ്ട് എങ്കിൽ അത്രത്തോളം ഒരു അസഹിഷ്‌ണുത ഒരു പുരുഷൻ കാണിച്ചു എന്നു വരില്ല.  സ്ത്രീകൾ പലപ്പോഴും വിപരീതമായാണ് പ്രവർത്തിക്കുന്നത്. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ലൈംഗിക വിവാഹേതര ബന്ധമുണ്ട് എങ്കിൽ അസ്വസ്ഥ ആകുമെങ്കിലും അതിനേക്കാൾ കൂടുതൽ അസ്വസ്ഥത തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വൈകാരികമായ അടുപ്പമുണ്ട് എന്നറിയുമ്പോഴാണ്. ഇത്തരത്തിലുള്ള സ്ത്രീ പുരുഷ വ്യതിയാനങ്ങളും ഒക്കെ ഈ  ബന്ധങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിലും ബന്ധങ്ങളോടുള്ള പ്രതികരണത്തിന്റെ കാര്യത്തിലും വ്യക്തമായി ഉണ്ടാകാറുണ്ട്. 

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ  ഉപയോഗിച്ച്  സ്ത്രീകളെ ചാക്കിട്ടു പിടിക്കുന്ന വിരുതന്മാർ ഒട്ടേറെ സമൂഹത്തിലുണ്ട്. പലപ്പോഴും അവരുടെ ഒഴിവു സമയത്തെ ഒരു വിനോദമായിട്ട് മാത്രമായിരിക്കാം ഇത്തരം കാര്യങ്ങൾ തുടങ്ങുന്നത്. അവസരം കിട്ടുകയാണെങ്കിൽ ലൈംഗിക ബന്ധം സ്ഥാപിക്കാനും പറ്റുമെങ്കിൽ സാമ്പത്തികമായി അവരെ ചൂഷണം ചെയ്യാനുമൊക്കെ ഇത്തരത്തിലുള്ള വ്യക്തികൾ താൽപര്യം കാണിക്കുന്നു. പലപ്പോഴും നഗ്‌ന ഫോട്ടോകളുടെയും മറ്റും കൈമാറ്റം നടന്നതിനെ തുടർന്ന് അതുപയോഗിച്ച് സ്ത്രീകളെ ബ്ലാക്‌മെയിൽ ചെയ്യാനും പണം തട്ടാനും ഇത്തരം വിരുതന്മാർ ശ്രമിക്കാറുണ്ട്. ചില സ്ത്രീകളെങ്കിലും ഇത്തരം വ്യാജ പ്രൊഫൈലുകളിൽ മറഞ്ഞിരുന്ന് വാചകമടിക്കുന്ന പുരുഷന്മാരുടെ വാഗ്ധോരണിയിൽ വീണു പോയി അവരോടൊപ്പം ഒരു ഭാവി ജീവിതം സ്വപ്നം കാണുന്നു.  ആ ഭാവി ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങൾ അത് സ്വന്തം ഭർത്താവായാലും കുഞ്ഞ് ആയാലും മറ്റ് ബന്ധുക്കൾ ആയാലും അവരെ ഇല്ലായ്‌മ ചെയ്തതാണെങ്കിൽ പോലും സ്വപ്‌നതുല്യമായ ജീവിതത്തിലേക്ക് പോകണം എന്നുള്ള ഒരു ആഗ്രഹത്തിലേക്ക് അവർ എത്തിച്ചേരുകയും അതിനുവേണ്ടി പലപ്പോഴും ഈ വ്യാജ പ്രൊഫൈലിൽ മറഞ്ഞിരുന്ന് ഇടപെടുന്ന ആൾ പറയുന്ന ഏതു നിർദേശവും  പാലിക്കാൻ അവർ തയ്യാറാവുകയും ചെയ്യാറുണ്ട്.  ഇത് പലപ്പോഴും വൈകാരിക അടിമത്തം അല്ലെങ്കിൽ emotional slavery എന്നൊരു മാനസികാവസ്ഥയിൽ ചെന്നു പെടുന്നൊരു സ്ത്രീയാണ് ചെയ്യാറുള്ളത്. വൈകാരിക അടിമത്തം എന്നത് അങ്ങേയറ്റം വിഷലിപ്‌തമായ ഒരു മാനസിക നിലയാണ്. ലോകത്ത് തനിക്ക് ഒരു വ്യക്തിയുടെ സാന്നിധ്യം മാത്രം മതി. ആ വ്യക്തിയോടൊപ്പം ജീവിക്കുക എന്നതാണ് തന്റെ ലക്ഷ്യം മറ്റാരും തന്റെ ജീവിതത്തിൽ പ്രസക്തമല്ല എന്ന ഒരു ചിന്തയാണ് ഈ വൈകാരിക അടിമത്തം. ആ വ്യക്തിയിലേക്ക് ഈ സ്ത്രീയുടെ ജീവിതം പരിപൂർണമായിട്ട് ചുരുങ്ങി പോകുന്ന അവസ്ഥയാണിത്. സ്വാഭാവികമായും ആ വ്യക്തി പറയുന്ന എന്തു കാര്യവും അതെത്ര അനാശാസ്യമായ എന്തു കാര്യമാണെങ്കിലും എത്ര ഭീകരമായ കാര്യമാണെങ്കിലും അത് ചെയ്യുക എന്നൊരു മാനസിക നിലയിലേക്ക് വൈകാരിക അടിമത്തത്തിലേക്ക് സ്ത്രീകൾ എത്തിച്ചേരാറുണ്ട്. അത് കൊലപാതകവും പണാപഹരണവും മറ്റ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആണെങ്കിലും അതിനോട് മടി കൂടാതെ ആ സ്ത്രീകൾ സഹകരിച്ചെന്നു വരും. 

സ്ത്രീകൾ മാത്രമല്ല ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ഇത്തരം കുഴികളിൽ വീണു പോകുന്നത് സർവസാധാരണമാണ്. പലപ്പോഴും ഡേറ്റിങ് ആപ്പുകൾ പോലെയുള്ള സങ്കേതങ്ങളുടെ ഉപയോഗം കൗമാര പ്രായക്കാരുടെ ഇടയിൽ  വളരെ കൂടി വരുന്നതായി നമ്മൾ കാണുന്നുണ്ട്. ഇതിലൂടെയും മറഞ്ഞിരുന്നു കൊണ്ട് വ്യാജമായ ചിത്രങ്ങളും വിലാസങ്ങളും വിശദാംശങ്ങളും നൽകി മറ്റുള്ളവരെ കബളിപ്പിക്കുന്ന ധാരാളം ചതിയന്മാർ ഇവയിലും ഒളിഞ്ഞിരിപ്പുണ്ട്. പലപ്പോഴും കൗമാരപ്രായക്കാരെ വാചകമടിച്ചു വീഴ്ത്തി അവരിൽ നിന്ന് എല്ലാത്തരത്തിലുമുള്ള സൗകര്യങ്ങൾ തട്ടിപ്പറിച്ചതിനുശേഷം അവരെ ഒഴിവാക്കുകയും പലപ്പോഴും അങ്ങനെ ഒഴിവാക്കപ്പെടുമ്പോൾ ഈ കുട്ടികൾ തീവ്രമായ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും വീണു പോകുന്നതായി നമ്മൾ കണ്ടു വരുന്നു. 

പുരുഷന്മാരും ഇത്തരം കെണികളിൽ വീണു പോകുന്നത് അത്യപൂർവമല്ലാതെ സംഭവിക്കുന്നുണ്ട്. പലപ്പോഴും പുരുഷന്മാരെ കെണിയിൽ വീഴ്ത്തുന്നത് സ്ത്രീകൾ ആയിരിക്കാം മറ്റു പുരുഷന്മാരായിരിക്കാം. പലപ്പോഴും സമ്പന്നരായ പുരുഷന്മാരുടെ ദൗർബല്യങ്ങൾ മനസ്സിലാക്കി അത് മുതലെടുക്കാൻ വേണ്ടി സംഘടിതമായ കുറ്റകൃത്യം ചെയ്യുന്ന സംഘങ്ങളും ഈ  രീതിയിൽ പ്രവർത്തിക്കാറുണ്ട്. ഒരു സ്ത്രീയുടെ പ്രൊഫൈൽ ശ്രദ്ധിച്ച് പുരുഷനുമായി ചാറ്റ് ചെയ്യുകയും അയാളിൽ നിന്നു പല രഹസ്യങ്ങളും ചോർത്തിയെടുക്കുകയും ഈ പറഞ്ഞ വിഡിയോ കോളുകളടക്കമുള്ള കാര്യങ്ങൾ നടത്തുകയും ആ കോളുകളെല്ലാം റെക്കോർഡ് ചെയ്‌ത്‌ വച്ചതിനു ശേഷം അതിന്റെ പേരിൽ പുരുഷന്മാരെ ബ്ലാക്‌മെയിൽ ചെയ്യുകയും ചെയ്യുന്ന സംഘങ്ങൾ നിലവിലുണ്ട്. അത്തരം ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.  

സമൂഹമാധ്യമങ്ങളിലൂടെയുള്ള സൗഹൃദങ്ങളിൽ ആരോഗ്യപരമായ അതിർവരമ്പുകൾ നാം പാലിക്കേണ്ടതുണ്ട്. ഒന്ന് ആ വ്യക്തിയെക്കുറിച്ച് പൂർണമായി മനസിലാക്കിയ ശേഷം മാത്രമേ അദ്ദേഹത്തോട് കൂടുതൽ അടുപ്പം സ്ഥാപിക്കുകയോ സ്വന്തം സ്വകാര്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാവൂ. ആ വ്യക്തി പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ച് അറിയാൻ ഇന്ന് ഇന്റർനെറ്റ് യുഗത്തിൽ  ഒരുപാട് മാർഗങ്ങൾ ഉണ്ട്. ഒരു പ്രത്യേക സ്ഥലത്ത് ജോലി ചെയ്യുന്നു, ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു അല്ലെങ്കിൽ ഒരു സ്ഥലത്ത് പഠിക്കുന്നു എന്ന് പറഞ്ഞാൽ അവിടെ നമുക്ക് പരിചയമുള്ള അല്ലെങ്കിൽ നമ്മുടെ പരിചിത വലയത്തിൽ എവിടെയെങ്കിലുമുള്ള വ്യക്തികളുമായി അന്വേഷിച്ചിട്ട് ഇങ്ങനെയൊരു വ്യക്തി ഉണ്ടോ അയാളുടെ സ്വഭാവം എങ്ങനെയാണ് തുടങ്ങിയവ അറിയാനിന്ന് അനായാസം സാധിച്ചേക്കും. ഇത്തരത്തിൽ ആ വ്യക്തിയെക്കുറിച്ച് ഒരു അന്വേഷണം നടത്തി, അയാളെക്കുറിച്ച് വ്യക്തമായി ബോധ്യപ്പെട്ടതിനു ശേഷം മാത്രം അത്തരം ബന്ധങ്ങൾ തുടരുന്നതായിരിക്കും അഭികാമ്യം. മറിച്ച് തനിക്ക് ബോധ്യം ഇല്ലാത്ത അല്ലെങ്കിൽ അന്വേഷിച്ച്  മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത വ്യക്തികളെ നാം കൂടുതൽ സഹകരിപ്പിക്കുന്നത് നല്ലതാകില്ല.

English Summary : Sexual, mental relationship and Socialmedia effect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com