ടെൻഷനില്ലാതെ 100 വർഷം വരെ സുഖമായി ജീവിക്കാനാകുമോ? ഇതാ ആ രഹസ്യം!

HIGHLIGHTS
  • ഒരാൾ രാവിലെ എഴുന്നേൽക്കുന്നതിനുള്ള കാരണം ഇകിഗായ് ആണ്
  • നാലു ചോദ്യങ്ങളിലൂടെ ഓരോരുത്തർക്കും അവരവരുടെ ഇകിഗായ് കണ്ടെത്താം
happy life
Photo credit : Makostock / Shutterstock.com
SHARE

ഒളിംപിക്സിന് വേദിയായതോടെ ജപ്പാൻ ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമാണ്. ജപ്പാൻ എന്ന രാജ്യം മറ്റു പല കാരണങ്ങൾകൊണ്ടും ലോകത്തിനാകെ മാതൃകയാണ്. ലോകത്ത് അതിജീവന മാതൃക തേടുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന ചരിത്രമാണ് ജപ്പാന്റേത്. ഉദയസൂര്യന്റെ നാടെന്ന് അറിയപ്പെടുന്ന ജപ്പാൻ തകർച്ചയുടെ അടിവേരുകളിൽ നിന്ന് പ്രതീക്ഷയുടെ സൂര്യപ്രഭയിലേക്ക് ഉദിച്ചുയർന്നത് തകരാത്ത ആത്മവിശ്വാസവും പ്രതീക്ഷയും മാത്രം കൈമുതലാക്കിയാണ്. 

രണ്ടാംലോക മഹായുദ്ധവും അണുബോംബും സുനാമിയും ഭൂമികുലുക്കവുമെല്ലാം തകർത്തെറിഞ്ഞ രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപിന് പിന്നിൽ അവിടുത്തെ ജനതയുടെ പ്രചോദനാത്മകമായ ജീവിതവും കീഴടങ്ങാൻ തയാറാവാത്ത മനക്കരുത്തുമാണുള്ളത്. ഇന്ന് ലോകത്തിലെ സാങ്കേതിത മേഖലയിലുൾപ്പെടെ എല്ലാ വികസന സൂചികകളിലും ഏറെ മുന്നിലാണ് ജപ്പാൻ. മാത്രമല്ല, ആയുർദൈർഘ്യം കൂടിയ രാജ്യങ്ങളുടെ പട്ടികയിലും മുന്നിലുണ്ട് ഈ രാജ്യം. എങ്ങനെയാണ് ഈ ഉയിർത്തെഴുന്നേൽപ് സാധ്യമായത്? ഈ അന്വേഷണം നമ്മളുടെ ചിന്താ പദ്ധതികളെ തന്നെ മാറ്റി മറിക്കുന്ന ഉത്തരത്തിലേക്കാണ് എത്തിക്കുന്നത്.

miyakojima-island-landscape-okinawa-japan
Miyakojima island landscape,Okinawa,Japan. Photo Credit : Yuri SS / Shutterstock.com

സന്തോഷത്തിന്റെ വാതിൽ

സ്പെയിൻകാരായ ഹെക്ടർ ഗാർഷ്യയും ഫ്രാൻസെസ്ക് മിറാലെയും 2016ൽ എഴുതിയ പുസ്തകത്തിലൂടെയാണ് ഈ ജാപ്പനീസ് ജീവിത രഹസ്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. ദീർഘകാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജപ്പാൻകാർ ജീവിച്ചിരിക്കുന്നതിന്റെ രഹസ്യം തേടി ഇവർ നടത്തിയ അന്വേഷണം അവസാനിച്ചത് ‘ഇകിഗായ്–ദ് ജാപ്പനീസ് സീക്രട് ടു എ ലോങ് ആൻഡ് ഹാപ്പി ലൈഫ്’ എന്ന പുസ്തകത്തിലാണ്. ആദ്യം സ്പാനിഷിലും പിന്നീട് ഇംഗ്ലിഷിലും മൊഴിമാറിയെത്തിയ ഈ പുസ്തകം ഇന്നു ലോകമെങ്ങും ഏറ്റവുംകൂടുതൽ വായിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ്. 

ikigai-the-japanese-secret-to-a-long-and-happy-life

‘സദാ പ്രവർത്തനനിരതരായിരിക്കുന്നത് നിങ്ങളെ നൂറുവർഷം ജീവിക്കാൻ പ്രാപ്തരാക്കും’ എന്ന ജാപ്പനീസ് പഴമൊഴിയുടെ ചുവടുപിടിച്ചുള്ള ജീവിത സങ്കൽപത്തെയാണ് ഇകിഗായ് എന്ന് വിളിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ഇകി എന്നാൽ ജീവിതം എന്നും ഗായ് എന്നാൽ ലക്ഷ്യം എന്നുമാണ് അർഥം. ഇകിഗായിയെക്കുറിച്ച് ഹെക്ടറും ഫ്രാൻസെസ്കും ചേർന്നെഴുതിയ രണ്ടാമത്തെ പുസ്തകമാണ് ‘ദി ഇക്കിഗായ് ജേർണി’. ആദ്യത്തേ പുസ്തകത്തിൽ ഇകിഗായിയെ പരിചയപ്പെടുത്തലായിരുന്നെങ്കിൽ രണ്ടാമത്തെ പുസ്തകം ഇതെങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്നാണ് പറയുന്നത്.

ഒകിനാവ

രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനം ഏകദേശം രണ്ടുലക്ഷത്തോളം പേർ മരിച്ച ജാപ്പനീസ് ദ്വീപാണ് ഒകിനാവ. ഇതിന്റെ വടക്കേ അറ്റത്തുള്ള പട്ടണമായ ഒഗിമിയിലാണ് ലോകത്ത് ഏറ്റവും ആയുർദൈർഘ്യം കൂടിയ മനുഷ്യരുള്ളത്. ഏകദേശം മൂവായിരത്തോളം പേർ മാത്രമാണിവിടെ താമസിക്കുന്നത്. ഇതിൽ പലരുംതന്നെ നൂറു വർഷത്തിലേറെ പ്രായമുള്ളവരും ഇപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നവരുമാണ്. ഇകിഗായിയെ പുസ്തകത്തിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ ഹെക്ടറും ഫ്രാൻസെസ്കും ആയുരാരോഗ്യ രഹസ്യം അന്വേഷിച്ചെത്തിയത് ഒകിനാവയിലെ ഈ ഗ്രാമത്തിലാണ്. 

പുറത്തുനിന്നെത്തുന്നവരെ ഒകിനാവക്കാരുടെ സഹൃദയത്വം വിസ്മയിപ്പിക്കും. നിറഞ്ഞ സന്തോഷത്തോടെയാണ് അവർ പുതിയ മനുഷ്യരെ സ്വീകരിക്കുക. സദാ സന്തോഷവാന്മാരും പ്രവർത്തനനിരതരുമായ മനുഷ്യർ. ആന്റി ഓക്സി‍ഡന്റ് നിറഞ്ഞ ഷികുവാസ എന്ന ഫ്രൂട്ട് ആണോ അതോ അവിടുത്തെ ശുദ്ധമായ വെള്ളമാണോ ദീർഘായുസ്സിന്റെ രഹസ്യമെന്നാണ് ആദ്യം ഇവർ അന്വേഷിച്ചത്. എന്നാൽ അവിടുത്തെ ജനങ്ങളുമായി അടുത്തിടപഴകിയതോടെ ആ രഹസ്യത്തിന്റെ വാതിൽ തുറക്കാനായി. അവിടുത്തെ ജനങ്ങളുടെ മനസ്സിലാണ് ആ അമൂല്യരഹസ്യമുള്ളതെന്ന് അവർ കണ്ടെത്തി. അവർ മനസ്സിലാക്കിയ ആ ജീവിതരഹസ്യമാണ്–ഇകിഗായ്.

shikuwasa
ഷികുവാസ. Photo credit : kun7 / Shutterstock.com

ജീവിതലക്ഷ്യം തിരിച്ചറിയുക

ലളിതമായി പറഞ്ഞാൽ ഒരാൾക്ക് രാവിലെ എഴുന്നേൽക്കുന്നതിനുള്ള കാരണം അയാളുടെ ഇകിഗായ് ആണ്. ഓരോരുത്തരും അവരവരുടെ ഇകിഗായ് തിരിച്ചറിയുന്നതോടെ ജീവിത ദൗത്യവും അഭിനിവേശവും പ്രവൃത്തിയും തൊഴിലുമെല്ലാം പരസ്പരം ഭാവനാത്മകമായി ഇഴുകിച്ചേരുന്നു. ഇതോടെ ഓരോ ദിവസവും അർഥപൂർണമാകും. ഇങ്ങനെ രാവിലെ ഉണരുന്നതിനുള്ള കാരണംതന്നെ അവരവരുടെ ഇകിഗായ് ആയി മാറുന്നു. എന്താണ് എന്റെ ഇഷ്ടം, ഇതെനിക്ക് ഭംഗിയായി ചെയ്യാനാവുമോ, ഇതു ജീവിതമാർഗമാക്കാനാവുമോ, ഇതു സമൂഹത്തിനു ഗുണകരമാകുമോ എന്നീ നാലു ചോദ്യങ്ങളിലൂടെ ഓരോരുത്തർക്കും അവരവരുടെ ഇകിഗായ് കണ്ടെത്താം.

ജീവിക്കുന്നതിനുള്ള ശരിയായ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞാൽ വെറുതെയിരിക്കുക എന്നത് അസാധ്യമാണ്. ആത്മീയത പ്രായോഗികതയുമായി ഇഴചേരുന്ന ജീവിതാവിഷ്കാരം കൂടിയാണിത്. ആവശ്യത്തിന് ആഹാരം, ഉറക്കം, ചെറുതായി വ്യായാമം, സൗഹൃദങ്ങൾ, സുരക്ഷിതമായ സാമൂഹിക ജീവിതം ഇതെല്ലാം ചേരുന്ന സന്തുഷ്ട ജീവിതം. ഒകിനാവയിലെ ജനങ്ങൾ ഓരോ മാസവും പണം സമാഹരിച്ച് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യത്തിനായി വിനിയോഗിക്കും. അതൊരു സൽക്കാരമോ, കായിക വിനോദമോ എന്തുമാകാം. ഇതിനു ശേഷം ബാക്കി വരുന്ന തുക കൂട്ടത്തിലെ ഏറ്റവും ആവശ്യമുള്ള ഒരാൾക്ക് നൽകും. ആർക്കെങ്കിലും പണത്തിന് ആവശ്യമുണ്ടെങ്കിൽ ആ തുക എല്ലാവരും ചേർന്ന് നൽകും. 

ഇങ്ങനെ വേറിട്ടതും കൂട്ടായതുമായ ഒട്ടേറെ വഴികളിലൂടെ കെട്ടിപ്പടുത്ത ശക്തമായ സമൂഹമാണ് ഇവരുടെ സംതൃപ്തവും സുദീർഘവുമായ ജീവിതചക്രത്തിനു കരുത്താകുന്നത്. ജപ്പാനിൽ ഭക്ഷണം കഴിക്കുന്ന പ്ലേറ്റുകൾ ചെറുതാണ്. 80 ശതമാനം മാത്രമേ വയറു നിറയ്ക്കാവൂ എന്നതാണ് ജപ്പാൻകാരുടെ മറ്റൊരു ജീവിത വിജയസൂത്രം. കുറച്ചു കഴിച്ചാൽ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാമെന്ന തത്വമാണിതിനു പിന്നിൽ. താൽക്കാലികമായി സന്തോഷം ലഭിക്കുന്ന കാര്യങ്ങളിലല്ല, ദീർഘകാല സന്തോഷത്തിനുള്ള കാര്യങ്ങളിലാണ് ഇവർ കൂടുതൽ ശ്രദ്ധിക്കുന്നത്. ഒപ്പം പ്രകൃതിയുമായി ഇഴുകിചേർന്നുള്ള ജീവിതവും.

heallth-japanese-manga-artist-osamu-tezuka
Osamu Tezuka. Photo Credit: Official Site

സമ്മർദം അകറ്റാം, ആയുസ് കൂട്ടാം

ജാപ്പനീസ് മാംഗ കാർട്ടൂണുകളുടെ പിതാവായ ഒസാമു ടെസൂക്ക മരിച്ചു വീഴുന്നതിനു തൊട്ടുമുൻപു വരെ കാർട്ടൂൺ വരച്ചുകൊണ്ടിരിക്കുകയായിരുന്നു. ‘എന്നെ ജോലി ചെയ്യാൻ അനുവദിക്കൂ’ എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്ക്. യന്ത്രമനുഷ്യരെ ഉൽപാദന രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. എന്നാൽ ഏറ്റവും സൂക്ഷ്മമായ തലത്തിലുള്ള ചില ജോലികൾ ഇപ്പോഴും വൈദഗ്ധ്യമുള്ള മനുഷ്യർതന്നെ ചെയ്യുന്ന രാജ്യം കൂടിയാണിത്. യന്ത്ര ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ചില പ്രത്യേക സ്ക്രൂകൾ പോലുള്ളവ ഇപ്പോഴും ഇവിടെ കൈകൾ കൊണ്ടുണ്ടാക്കുന്നുണ്ട്. 

ഇതിനർഥം യന്ത്രത്തേക്കാൾ കൃത്യവും സൂക്ഷ്മവുമായ കയ്‌വഴക്കം ഇവർക്കുണ്ടെന്നാണ്. ചെയ്യുന്ന ജോലിയിലുള്ള പൂർണമായ സമർപ്പണത്തിലൂടെ മാത്രം സാധ്യമാവുന്ന ഒന്നാണിത്. ഈ കഴിവ് എവിടെ നിന്ന് ലഭിക്കുന്നു എന്നതിനുള്ള ഉത്തരം–ഇതാണ് അവരുടെ ഇകിഗായ് എന്നതാണ്. ഓരോ നിമിഷവും ക്രിയാത്മകമായി വിനിയോഗിക്കുന്നു. സ്വന്തം ഇകിഗായ് കണ്ടെത്തി സദാ പ്രവർത്തനനിരതരായിരുന്നാൽ നൂറു വർഷം അരികിലെത്തുമെന്ന് ഇവർ ജീവിതത്തിലൂടെ വ്യക്തമാക്കിത്തരുന്നു. 

English Summary: What is Ikigai: The Japanese Concept to Improve Work and Lifestyle?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA