ADVERTISEMENT

ഡോക്ടർ കൈവച്ചു, കളമശേരി എച്ച്എംടി റോഡിലെ ചെടികൾക്കു ജീവൻ വച്ചു. തുടർച്ചയായ പരിചരണത്തിൽ ആ ചെടികളെല്ലാം വളർന്നു. ചിലതൊക്കെ പൂവിട്ടു. 6 വർഷം മുൻപ് എച്ച്എംടി റോഡിലെ മീഡിയനിൽ അധികൃതരുടെയടക്കം ആരുടെയും ശ്രദ്ധയില്ലാതെ കരിഞ്ഞുണങ്ങി നിൽക്കുന്ന വൃക്ഷത്തൈകളെക്കുറിച്ച് മനോരമ നൽകിയ വാർത്തയാണ് എരൂർ സ്വദേശിയായ ഡോ.തോമസ് വി.സ്കറിയയ്ക്കു പ്രേരണയായത്. മാഞ്ഞാലി മെഡിക്കൽ കോളജിൽ അനസ്തീസിയ അധ്യാപകനായിരുന്ന ‍ഡോ.തോമസിന്റെ എരൂരിൽ നിന്നു ആശുപത്രിയിലേക്കുള്ള യാത്ര ഇതുവഴിയായിരുന്നു. ഈ ചെടികൾക്കു വെള്ളം ഒഴിക്കാനും സമയാസമയങ്ങളിൽ വളമിടാനും അന്നെടുത്ത തീരുമാനം ഡോക്ടർ ഇന്നും തുടരുന്നു. 200ഓളം വൃക്ഷത്തൈകൾക്കും ചെടികൾക്കുമാണ് ഇതുവഴി ജീവൻ തിരികെ കിട്ടിയത്. 

തൃപ്പൂണിത്തുറ നഗരസഭയിൽ താമസിക്കുന്ന ഡോ. തോമസ് തൊഴിലാളികളെ കൂട്ടിയാണ് ഇവിടെയെത്തി ചെടികളെ പരിരക്ഷിക്കുന്നത്. കഴിഞ്ഞ 6 വർഷത്തിനിടയിൽ കളമശേരി നഗരസഭയുടെ പല കൗൺസിലർമാരുടെയും സഹകരണം തേടിയെങ്കിലും ഒരാൾ പോലും മുന്നോട്ടു വന്നില്ലെന്ന് അദ്ദേഹം പറയുന്നു. എച്ച്എംടി റോഡിനു സമീപത്തു നഗരസഭ ലക്ഷങ്ങൾ ചെലവിട്ടു കെട്ടി സംരക്ഷിച്ച് ഉപയോഗിക്കാതെ കിടക്കുന്ന കുളത്തിൽ നിന്നു വെള്ളം ടാങ്കർ ലോറികളി‍‍ൽ ശേഖരിച്ചു ചെടികൾ നനയ്ക്കാൻ ശ്രമിക്കണമെന്നും അതിനാവശ്യമായ സാമ്പത്തികച്ചെലവു വഹിച്ചുകൊള്ളാമെന്നും അറിയിച്ചുവെങ്കിലും ന‌ടപടിയുണ്ടായില്ല. കഴിഞ്ഞ 6 വർഷവും 2 തൊഴിലാളികളെ ഉപയോഗപ്പെടുത്തി ചെടികൾ സംരക്ഷിച്ചു. ഓരോ വർഷവും ഇതിനായി ഒരു ലക്ഷം രൂപയോളം ചെലവിടുന്നുണ്ട്. എരൂർ പാലം മുതൽ അർക്കക്കടവു റെയിൽവേ മേൽപാലം വരെ ഒന്നര കിലോമീറ്ററോളം ഡോ.തോമസ് ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവയുടെ സംരക്ഷണത്തിനു അവിടത്തെ റസിഡന്റ് അസോസിയേഷനുകളും വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെടിപരിപാലനത്തോടൊപ്പം കാൻസർ രോഗികളടക്കമുള്ളവരെ സഹായിച്ചും നിർധനരായ കുട്ടികൾക്കു പഠനസഹായമെത്തിച്ചും സേവനത്തിന്റെ പാതയിലും ഇദ്ദേഹം സജീവമാണ്.

English Summary : Dr. Thomas' splant care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com