ADVERTISEMENT

പഴങ്ങളും പച്ചക്കറികളുമെല്ലാം അടങ്ങുന്ന സമീകൃത ഭക്ഷണക്രമം പിന്തുടരുന്ന കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായിരിക്കുമെന്ന് യുകെയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയും നോര്‍ഫോക് കൗണ്ടി കൗണ്‍സിലും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ബിഎംജെ ന്യൂട്രീഷ്യന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചു. 

 

നോര്‍ഫോക്കിലെ 50 സ്കൂളുകളില്‍ നിന്നുള്ള 8823 കുട്ടികളുടെ ആഹാരരീതികളും അവരുടെ മാനസികാരോഗ്യവുമാണ് ഗവേഷകര്‍ വിലയിരുത്തിയത്. ഇതില്‍ 7570 പേര്‍ സെക്കന്‍ഡറി ക്ലാസുകളിലും 1253 പേര്‍ പ്രൈമറി ക്ലാസുകളിലും പഠിക്കുന്നു. ദിവസത്തില്‍ അഞ്ച് തവണ പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നത് നാലിലൊന്ന് സെക്കന്‍ഡറി സ്കൂള്‍ കുട്ടികളും 28 ശതമാനം പ്രൈമറി സ്കൂള്‍ കുട്ടികളും മാത്രമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന മാനസികാരോഗ്യ സ്കോര്‍ നേടാനായി.

 

അഞ്ചിലൊരു സെക്കന്‍ഡറി സ്കൂള്‍ കുട്ടിയും പത്തിലൊരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയും പ്രഭാതഭക്ഷണം കഴിക്കുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളില്‍ 10ല്‍ ഒരാൾ  ഉച്ചഭക്ഷണവും കഴിക്കുന്നില്ല. പരമ്പരാഗത പ്രഭാതഭക്ഷണശീലം പിന്തുടരുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും സ്നാക്കോ ഡ്രിങ്കോ കഴിക്കുന്ന കുട്ടികളേക്കാള്‍ മാനസികാരോഗ്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പ്രഭാതഭക്ഷണത്തിന് എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്ന കുട്ടികള്‍ക്ക് രാവിലെ ഒന്നും കഴിക്കാത്ത കുട്ടികളേക്കാള്‍ മാനസികാരോഗ്യ സ്കോര്‍ കുറവാണെന്നതും ശ്രദ്ധയിൽപ്പെട്ടു. 

 

30 പേരുള്ള ഒരു സെക്കന്‍ഡറി സ്കൂള്‍ ക്ലാസില്‍ ശരാശരി 21 പേര്‍ പരമ്പരാഗത മട്ടിലുള്ള പ്രഭാതഭക്ഷണം കഴിക്കുമ്പോൾ  നാലു പേര്‍ക്ക് ക്ലാസിനു മുന്‍പ് കഴിക്കാന്‍ ഒന്നും ലഭിക്കാറില്ലെന്നും ഗവേഷകര്‍  ചൂണ്ടിക്കാട്ടി. അതു പോലെ 30 പേരുടെ ക്ലാസില്‍ മൂന്നു പേരെങ്കിലും ഉച്ചഭക്ഷണം ലഭിക്കാത്തവരാണ്. ഇത്തരത്തില്‍ ആവശ്യത്തിന് പോഷണം ലഭിക്കാതിരിക്കുന്നത് കുട്ടികളുടെ അക്കാദമിക പ്രകടനത്തെ മാത്രമല്ല അവരുടെ ശാരീരിക, മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ അയ്ല്‍സ വെല്‍ഷ് പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും പഴങ്ങളും പച്ചക്കറികളുമെല്ലാം അടങ്ങുന്ന സമീകൃത പോഷകാഹാരം ഉറപ്പാക്കുന്ന തരത്തില്‍ പൊതുജനാരോഗ്യ സ്കൂള്‍ നയപദ്ധതികള്‍ മാറണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

 

Content Summary : Children who eat more fruits and vegetables have better mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com