ADVERTISEMENT

2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘മീശമാധവനിലെ’ കൊച്ചിൻ ഹനീഫ അവതരിപ്പിച്ച ത്രിവിക്രമനെ കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കുമോ? ത്രിവിക്രമൻ എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാമെത്തുന്ന ‘പിടലീ’ എന്ന ലൈൻമാൻ ലോനപ്പന്റെ പിൻവിളി ചിരിച്ചു മറിഞ്ഞാണ് ആസ്വാദകലോകം ഏറ്റെടുത്തത്. സിനിമയിലെ മറ്റൊരു കഥാപാത്രമായ ഭഗീരഥൻ പിള്ളയ്ക്കും പിടലിക്ക് ‘പണി’ കിട്ടിയപ്പോൾ തമാശയ്ക്കുള്ള വക ഒന്നുകൂടിയായി. അങ്ങനെ ആ ചിത്രത്തിലൂടെ ‘പിടലീ’ എന്ന വിളി സെർവിക്കൽ കോളർ ബെൽറ്റ് ഇട്ടവരുടെ ട്രേഡ്മാർക്കായി. ഇൗ കളിയാക്കിയുളള വിളി കാരണം പലരും സെർവിക്കൽ കോളർ ബെൽറ്റ് ധരിക്കുന്നതിന് വിമുഖത കാണിച്ചു. കഴുത്തു വേദന രഹസ്യമായി സഹിച്ചു. മറ്റുളളവരെ മനസിലെങ്കിലും ‘പിടലീ’ എന്ന വിളിച്ചവർ അറിയാതെ പോകരുത് കഴുത്ത് വേദനയുളളവർ അനുഭവിക്കുന്ന കൊടും പ്രയാസങ്ങൾ.

 

കഴുത്ത് വേദനകൾ  വർധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങൾ...

 

Cervical Spondylosis
Representative Image. Photo Credit: Africa Studio / Shutterstock

കഴുത്ത് വേദന വർധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറയുടെ ശരിയല്ലാത്ത ഇരിപ്പുരീതിയും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം.  മൊബൈൽ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചുകൊണ്ട് വളരെയധികം സമയം കഴുത്തു കുനിച്ചിരിക്കുന്നത് കഴുത്തിലെ പേശികൾക്ക് വളരെയധികം സ്ട്രെയിൻ ഉണ്ടാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനെ ടെക്സ്റ്റ് നെക് സിൻഡ്രം (Text neck syndrome).എന്നാണ് പറയുന്നത്. 

 

ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത് വേദനയ്ക്ക് കാരണമാകും. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരിക്കുമ്പോൾ ഉറങ്ങുക, അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിലെ അധിക സ്ട്രെയിനിനും തേയ്മാനത്തിനും കാരണമാകും. വർധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികൾക്ക് ആവശ്യമുള്ള ശക്തി നേടാൻ കഴിയാറില്ല. അതു കൊണ്ട് നട്ടെല്ലിന്  സ്ട്രെയിൻ താങ്ങാൻപറ്റാതെ  വരുന്നു.

 

 

കംപ്യൂട്ടർ പ്രൊഫഷണലുകൾ, ലോങ് ഡിസ്റ്റൻസ് ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്ഷൻ വർക്കർമാർ, ഹെഡ് ലോഡിങ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പോലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ,ഭാരോദ്വഹനം ചെയ്യുന്നവർ, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ  ഡോക്ടർമാർ. എന്നിവരിലാണ് സെർവിക്കൽ സ്പോണ്ടിലൈറ്റിസ് (കഴുത്ത് തേയ്മാനം) കൂടുതൽ കാണുന്നത്.

 

ഭാവിയിലെ കഴുത്ത് വേദന കുറയ്ക്കുന്നതിനാവശ്യമായ ജീവിതശൈലി പരിഷ്കരണങ്ങളും ശീലങ്ങളും എന്തൊക്കെയാണ്.

Cervical Spondylosis
Representative Image. Photo Credit: Tridsanu Thopet / Shutterstock

 

മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന നില( posture)യിലാണ്. അതിനാൽ എല്ലായ്പ്പോഴും ശരിയായ posture നിലനിർത്തുക. ശരിയായ മെത്തയിൽ  ഉറങ്ങുക, ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. ഇരുന്ന്  ഒരിക്കലും ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്.

 

കഴുത്ത് വളയാതിരിക്കാൻ കംപ്യൂട്ടർ,ലാപ്‌ടോപ്പ് എന്നിവ കണ്ണിന്  അഭിമുഖമായി വയ്ക്കുക. കംപ്യൂട്ടർ ജോലി, ഡ്രൈവിങ് അല്ലെങ്കിൽ മറ്റേതെങ്കിലും ജോലി എന്നിവയ്ക്കിടയിൽ ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്. പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിലെ വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക. കഴിയുന്നത്ര ഹെഡ്‌ലോഡിങ് ഒഴിവാക്കുക.

 

ലഭ്യമായ വീട്ടുവൈദ്യങ്ങളും ചികിത്സാ സാധ്യതകളും എന്താണ്?

 

രോഗകാരണ ഘടകത്തെക്കുറിച്ച് ശരിയായ ധാരണയും അവ ഒഴിവാക്കാൻ വേണ്ട കാര്യങ്ങളും അത്യാവശ്യമായി ചെയ്യണം. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമവും വേദനസംഹാരി ലേപനങ്ങളും (pain Ointment) മിക്ക കേസുകളിലും സഹായകമാകും.

 

ലളിതമായ വേദനസംഹാരികൾ, മസിൽ റിലാക്സന്റുകൾ തുടങ്ങിയ മരുന്നുകളും പരീക്ഷിക്കാം. ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, ഫിസിയോതെറാപ്പി, അൾട്രാസൗണ്ട് അല്ലെങ്കിൽ ഇലക്ട്രിക് സ്റ്റിമുലേഷൻ എന്നിവ സഹായിക്കും. സെർവിക്കൽ തലയിണയുടെ പതിവ് ഉപയോഗം  വേദന കുറയ്ക്കും. കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കിൽ പുകച്ചിൽ ഉണ്ടെങ്കിൽ ചില മരുന്നുകൾ പ്രത്യേകമായി നൽകാം. വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്ര‌െച്ചു ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും. നിരന്തരമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള വേദനയ്ക്കു   വേദനസംഹാരികളിൽനിന്നും ആശ്വാസം കിട്ടിയില്ലെങ്കിൽ   കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം.   

 

നിരവധി ബദൽ മെഡിസിൻ തെറാപ്പിസ്റ്റുകളും ഡോക്ടർമാരും  വേദനയുടെ കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്. അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്ഥിരമായ വേദന ഉണ്ടാക്കുന്ന  അല്ലെങ്കിൽ  കഴുത്ത് അല്ലെങ്കിൽ കൈയുടെ ചലന ബുദ്ധിമുട്ട് അല്ലെങ്കിൽ ബലഹീനത ഉണ്ടാക്കുന്ന ചില ഡിസ്ക് പ്രോലാപ്സുകളിൽ കീഹോൾ ശസ്ത്രക്രിയ വളരെ സഹായകരമാണ്.. 

 

കൃത്യമായ ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ്  വിദഗ്ദ ഉപദേശം തേടുന്നത് വളരെ പ്രധാനമാണ്. ഇപ്പോൾ എക്സറേ, എം ആർ ഐ സ്കാൻ,സിടി സ്കാൻ, NCS ,EMG മുതലായ അത്യാധുനിക പരിശോധനാ രീതികളുണ്ട്.

എപ്പോഴും ഓർക്കുക. ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് പ്രസക്തമായ എല്ലാ പരിശോധനകളും നടത്തേണ്ടത് വളരെ പ്രധാനമാണ്.

 

കീഹോൾ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്. വിജയ നിരക്ക് 95% ൽ കൂടുതലാണ്. ചില കഠിനമായ സന്ദർഭങ്ങളിൽ രോഗബാധിത പ്രദേശത്ത് കൃത്രിമ  ഇംപ്ലാന്റുകൾ   സ്ഥാപിക്കേണ്ടതുണ്ട്.

ഓപ്പറേറ്റിങ് മൈക്രോസ്കോപ്പുകൾ, ന്യൂറോ മോണിറ്ററിങ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള   ലഭ്യമായ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സെർവിക്കൽ ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമാണ്. കൂടാതെ ആശുപത്രിവാസം കുറച്ച് ദിവസത്തേക്ക് മാത്രമായിരിക്കും.

 

(കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് ന്യൂറോസർജനാണ് ലേഖകൻ)

 

Content Summary : Cervical Spondylosis: Symptoms, Causes, Treatments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com