ADVERTISEMENT

ലോക്ഡൗണിൽ വീട്ടിലിരുന്നു ജോലി ചെയ്യാനാരംഭിച്ചപ്പോഴാണ് ചില ജീവിതശൈലീ രോഗങ്ങൾ പലർക്കും പ്രശ്നമായത്. കഴുത്തു വേദന, നടുവേദന, തലവേദന, സന്ധികളിൽ വേദന, കാഴ്ചയ്ക്കു പ്രശ്നം, കാലിൽ നീര് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി. വീട്ടിലിരുന്ന് മണിക്കൂറുകൾ നീളുന്ന ഓഫിസ് ജോലിക്കു ശേഷം കുട്ടികളുടെ ഓൺലൈൻ ക്ലാസുകളും വീട്ടുജോലികളുമൊക്കെച്ചേർന്ന് പലർക്കും വിശ്രമംതന്നെയില്ലാതായി. 

 

ലോക്ഡൗണിൽ വീട്ടിലിരുന്ന് ജോലിചെയ്യുന്നവരുടെ ആരോഗ്യത്തെപ്പറ്റി പിഎംസി ലാബ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിങ്ങനെ : വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളിൽ 41.2 ശതമാനവും നടുവേദനയാൽ ബുദ്ധിമുട്ടുമ്പോൾ സമയക്രമമില്ലാതെയുള്ള ജോലിമൂലം കഴുത്തുവേദനയനുഭവിക്കുന്നത് 23.5 ശതമാനം ആളുകളാണ്. ഹെഡേക് (Headache) എന്ന ജേണലിൽ ഹെഡ് ആൻഡ് ഫെയ്സ് പെയിൻ എന്ന വിഷയത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളിൽ തലവേദന വർധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ : സമ്മർദം, നീണ്ടനേരത്തെ സ്ക്രീൻ സമയം, ഉറക്കക്കുറവ്, ദൈനംദിന കാര്യങ്ങളുടെ താളംതെറ്റൽ, സമയനിഷ്ഠ പാലിക്കാൻ സാധിക്കാത്തത്, ഒറ്റപ്പെടലിന്റെ സമയം അധികരിക്കുന്നത് എല്ലാം നിരന്തരമായ തലവേദനയുടെ കാരണങ്ങളാണ്.

 

ആരോഗ്യം തിരിച്ചുപിടിക്കാം

ജിമ്മുകളും നീന്തൽക്കുളങ്ങളും മൈതാനങ്ങളും അടച്ചതോടെ മിക്കവരുടെയും വ്യായാമം താളംതെറ്റി. പ്രഭാത, സായാഹ്നസവാരികളും മുടങ്ങി. വ്യായാമക്കുറവും ഭക്ഷണശീലങ്ങളിലെ മാറ്റവും ആളുകളുടെ ആരോഗ്യത്തെ ബാധിച്ചു. വല്ലാതെ നീളുന്ന ജോലിസമയങ്ങളും ശരിയല്ലാത്ത ഇരിപ്പുരീതികളും മറ്റും പ്രശ്നക്കാരായി. വ്യായാമശീലം തിരിച്ചുപിടിക്കുകയും മണിക്കൂറുകൾ തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കുകയും ഇരിപ്പു രീതി ശരിയായി ക്രമീകരിക്കുകയുമാണ് ഇതിനു പരിഹാരം. വീട്ടിൽത്തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ശീലിക്കാം.

 

ഭക്ഷണശീലവും ഉറക്കവും ക്രമീകരിച്ച് ജീവിതശൈലീരോഗങ്ങളെ അകറ്റാം. കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കാം. ലോക്ഡൗണിൽ ശരീരഭാരം കൂടിയവർക്ക് ഒരു നല്ല ഡയറ്റീഷ്യന്റെ സഹായത്തോടെ ഡയറ്റ് ശീലിക്കാം. വർക്ക് ഫ്രം ഹോമിനിടെ കൃത്യമായി വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിക്കാം. ഉറങ്ങാൻ കിടക്കുമ്പോൾ ഫോണിലോ ടാബിലോ നോക്കുന്ന ശീലം ഒഴിവാക്കാം. അത് കണ്ണിന്റെ ആയാസം കുറയ്ക്കുകയും ക്ഷീണമില്ലാതെ ഉറങ്ങിയുണരാൻ സഹായിക്കുകയും ചെയ്യും. 

 

കഴിവതും കൃത്യസമയത്തു ജോലി തീർത്ത് കുടുംബവുമൊത്തു സമയം ചെലവിടാം. കുട്ടികൾക്കൊപ്പം കളിക്കുകയോ നൃത്തം ചെയ്യുകയോ ഇൻഡോർ ഗെയിംസിൽ ഏർപ്പെടുകയോ ചെയ്യാം. യോഗ, ധ്യാനം പോലുള്ളവ ശീലിക്കുന്നത് ശരീരത്തിനും മനസ്സിനും ഉണർവു നൽകും. ടെൻഷനും സമ്മർദവും അകറ്റാൻ സഹായിക്കും. കുടുംബാംഗങ്ങളോടൊപ്പം യോഗ ചെയ്യുന്നത് മികച്ച അനുഭവമായിരിക്കും. 

 

ജോലിക്കിടെ ചെറിയ ബ്രേക്കെടുത്ത് വീടിനുള്ളിൽ നടക്കാം, തുണി മടക്കിവയ്ക്കാം, മുറി അടിച്ചു വാരാം. അതൊക്കെ ചെറു വ്യായാമങ്ങളാണ്. ശുദ്ധവായുവും കാറ്റുവെളിച്ചവും ലഭിക്കുന്ന മുറികളിലിരുന്നു ജോലി ചെയ്യാം. ഇടയ്ക്ക് മുറ്റത്തെ പച്ചപ്പിലേക്കൊന്നു കണ്ണോടിക്കാം.

 

തുടർച്ചയായ ഇരിപ്പ് കൈകാലുകൾക്കും നടുവിനും കഴുത്തിനും മറ്റും ആയാസമുണ്ടാക്കാം. വർക് ഫ്രം ഹോം കാലത്ത് അതിൽ ശ്രദ്ധ വേണം. 

∙ ശരിയായ ഹാൻഡ് റെസ്റ്റുള്ള കസേര ഉപയോഗിക്കുക

∙ സ്ക്രീനും കണ്ണും തമ്മിലുള്ള അകലം ഉറപ്പാക്കുക. കണ്ണിനു നേരേ മോണിട്ടർ വരുന്നതുപോലെ ക്രമീകരിക്കുക. 

∙ ഏറെനേരം തുടർച്ചയായി സ്ക്രീൻ നോക്കിയിരിക്കുന്നത് ഒഴിവാക്കുക.ഇടയ്ക്കിടെ സ്ക്രീനിൽ‌നിന്നു നോട്ടം മാറ്റി കുറച്ചകലെയുള്ള വസ്തുക്കളിലേക്കോ പുറത്തെ പച്ചപ്പിലേക്കോ നോക്കുക.

∙ കസേരയിൽ നിവർന്നുതന്നെയിരിക്കുക. കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റ് കുറച്ചുസമയം നടക്കുകയോ ലഘുവായ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയോ വേണം. 

∙ കഴിയുന്നത്ര സ്ക്രീൻ ടൈം കുറയ്ക്കുക.

∙ സ്ട്രെയിൻ ഒഴിവാക്കാൻ കണ്ണ് പരിശോധിച്ച് ആവശ്യമെങ്കിൽ കണ്ണട ധരിക്കാം

 

Content Summary : How Work From Home And Life Style Disease Badly Affect Individaul Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com