ADVERTISEMENT

തലച്ചോര്‍ മുതല്‍ എല്ലുകള്‍ വരെ ശരീരത്തിന്‍റെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന അവശ്യ പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ബി12. എന്നാല്‍ പലപ്പോഴും  പലര്‍ക്കും വൈറ്റമിന്‍ ബി12ന്‍റെ അഭാവം ശരീരത്തിലുണ്ടാകാറുണ്ട്. ലോകത്തില്‍ 15 ശതമാനത്തിലധികം പേര്‍ക്ക് വൈറ്റമിന്‍ ബി12 അഭാവമുള്ളതായും 40 ശതമാനത്തോളം പേരെങ്കിലും അഭാവത്തിന്‍റെ അതിര്‍ത്തിരേഖയിലുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

രക്തകോശങ്ങളെയും നാഡീകോശങ്ങളെയും ആരോഗ്യത്തോടെ നിലനിര്‍ത്തി ഡിഎന്‍എ ഉത്പാദനത്തിന് സൗകര്യമൊരുക്കുന്നതില്‍ വൈറ്റമിന്‍ ബി12 നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ട്. പ്രധാനമായും കടല്‍ മീനുകളില്‍ നിന്നും മൃഗോത്പന്നങ്ങളില്‍ നിന്നുമാണ് ശരീരത്തിന് വൈറ്റമിന്‍ ബി12 ലഭിക്കുന്നത്. മുട്ട, പാലുത്പന്നങ്ങള്‍ എന്നിവയിലും വൈറ്റമിന്‍ ബി12 അടങ്ങിയിരിക്കുന്നു. ചില പച്ചക്കറികളിലും പഴങ്ങളിലും പയര്‍ വര്‍ഗങ്ങളിലും വൈറ്റമിന്‍ ബി12 ഉണ്ടെങ്കിലും മാംസാഹാരികളേക്കാൾ സസ്യാഹാരികള്‍ക്കാണ് വൈറ്റമിന്‍ ബി 12 അഭാവമുണ്ടാകാന്‍ സാധ്യത കൂടുതല്‍. 

വയറിലുണ്ടാകുന്ന പല പ്രശ്നങ്ങളും വൈറ്റമിന്‍ ബി12 അഭാവത്തിന് കാരണമാകാറുണ്ട്. വയറില്‍ നിരന്തരമുണ്ടാകുന്ന അണുബാധ, മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവ മൂലം വൈറ്റമിന്‍ ബി 12 ശരിയായ വിധത്തില്‍ ശരീരത്തിന് വലിച്ചെടുക്കാന്‍ കഴിയാതെ വരും. മുതിര്‍ന്നവരിലും  പ്രമേഹരോഗികളിലും വൈറ്റമിന്‍ ബി12 അഭാവം കാണപ്പെടാം. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകള്‍, ആന്‍റാസിഡുകളുടെ ദീര്‍ഘകാല ഉപയോഗം എന്നിവയും വൈറ്റമിന്‍ ബി12 അഭാവം വര്‍ധിപ്പിക്കാം. 

വൈറ്റമിന്‍ ബി12 ന്‍റെ അഭാവം തിരിച്ചറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ കരുതിയിരിക്കാം. 

1. നാവിന്‍റെ പുറമേയുണ്ടാകുന്ന മാറ്റങ്ങള്‍

നാവിന്‍റെ മേല്‍ഭാഗത്തുള്ള  രസമുകുളങ്ങള്‍ നഷ്ടമാകാന്‍ വൈറ്റമിന്‍ ബി12 അഭാവം കാരണമാകും. തത്ഫലമായി നാക്കില്‍ പുണ്ണുകളുണ്ടാകുകയും രുചിവ്യത്യാസം അനുഭവപ്പെടുകയും ചെയ്യും. വിവിധ രുചികളെ വേര്‍തിരിച്ചറിയാനും ബുദ്ധിമുട്ട് നേരിടും. 

2. സൂചി കുത്തുന്നത് പോലുള്ള വേദന

നാ‍ഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തിലും ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനത്തിലും വൈറ്റമിന്‍ ബി12 പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. ഇതിന്‍റെ അഭാവം നാഡീകോശങ്ങള്‍ ക്ഷയിക്കാന്‍ കാരണമാകും. കാലുകളിലും കൈകളിലുമൊക്കെ സൂചി കുത്തുന്നത് പോലെയുള്ള വേദന ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. നാഡീവ്യവസ്ഥയ്ക്ക് പോഷണമില്ലാതാകുന്നതോടെ തലകറക്കം, ക്ഷീണം, ശരീരത്തിന് ബാലന്‍സ് ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാം. 

3. ഓര്‍മക്കുറവ്

തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും വൈറ്റമിന്‍ ബി 12 അഭാവം ബാധിക്കാമെന്നതിനാല്‍ ഓര്‍മക്കുറവ്, ആശയക്കുഴപ്പം പോലുള്ള ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നതാണ്. കടുത്ത അഭാവമുള്ളവരില്‍ ഉന്മാദരോഗത്തിന് സമാനമായ ലക്ഷണങ്ങളും കാണാറുണ്ട്. 

4. ഉത്കണ്ഠ

മാനസികാരോഗ്യത്തെ ബാധിക്കുന്ന പല ഘടകങ്ങളുണ്ട്. അതില്‍ സര്‍വസാധാരണമായ ഒന്നാണ് വൈറ്റമിന്‍ ബി12 അഭാവം. ഡോപ്പമിന്‍, സെറോടോണിന്‍ പോലുള്ള തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റര്‍ കെമിക്കലുകളുടെ ഉത്പാദനത്തെ വൈറ്റമിന്‍  ബി12 നിയന്ത്രിക്കുന്നു. ഇതിനാല്‍ ഇവയുടെ അഭാവം തലച്ചോറും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കാം. വൈറ്റമിന്‍ ബി12 ന്‍റെ തോത് ശരീരത്തില്‍ വളരെയധികം കുറയുന്ന അവസരത്തില്‍ മാനസിക നില താളം തെറ്റാനും വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. 

5. ശ്വസന പ്രശ്നങ്ങളും ഹൃദയമിടിപ്പ് കൂടുന്നതും

വൈറ്റമിന്‍ ബി12 ന്‍റെ അഭാവം മൂലം ചുവന്ന രക്താണുക്കളുടെ തോത് കുറയുന്നത് ഹൃദയമിടിപ്പ് കൂടാന്‍ കാരണമാകും. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളിലും ആവശ്യത്തിന് ഓക്സിജന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഹൃദയത്തിന് ഇത്തരത്തില്‍ വേഗത്തില്‍ മിടിക്കേണ്ടി വരുന്നത്. ഇതിന്‍റെ ഫലമായി ശ്വാസമെടുക്കുന്നതില്‍ പ്രശ്നം നേരിടാം.

English Summary : Vitamin B12 deficiency: Warning signs of extremely low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com