ADVERTISEMENT

നല്ല ആരോഗ്യത്തിന്‍റെ രഹസ്യം നല്ല വയറില്‍ ആരംഭിക്കുന്നു. 100 ട്രില്യണ്‍ ബാക്ടീരിയകളാണ് വയറും കുടലുകളും എല്ലാം അടങ്ങുന്ന നമ്മുടെ ഉദരവ്യവസ്ഥയില്‍ താമസമാക്കിയിരിക്കുന്നത്. ഇവയിലെ നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയും തമ്മിലുള്ള സന്തുലനമാണ് വയറിന്‍റെ ആരോഗ്യത്തെയും അതു വഴി ശരീരത്തെയും ബാധിക്കുക. വയറിന്‍റെ ആരോഗ്യത്തിന് നല്ല ബാക്ടീരിയ എന്നറിയപ്പെടുന്ന പ്രോബയോട്ടിക്സ് ഭക്ഷണവിഭവങ്ങളിലൂടെ ശരീരത്തിനുള്ളിലെത്തിക്കാന്‍ നാം ശ്രദ്ധിക്കണം. ഇതിന് ഏറ്റവുമധികം സഹായിക്കുന്നതാണ് പുളിപ്പിച്ച ഭക്ഷണവിഭവങ്ങള്‍. 

 

ദോശ, ഇഡ്ഡലി, അപ്പം, തൈര്, അച്ചാര്‍ തുടങ്ങി പല ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളും പ്രോബയോട്ടിക്സിന്‍റെ അക്ഷയഖനിയാണ്. സപ്ലിമെന്‍റുകളായി പ്രോബയോട്ടിക്സ് ലഭ്യമാണെങ്കിലും ഭക്ഷണത്തിന്‍റെ രൂപത്തില്‍ അവ കഴിക്കുന്നതാണ് ഉത്തമമെന്ന് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റായ ഡോ. ഉമ നായിഡു പറയുന്നു. പ്രോബയോട്ടിക്സ് പോലെതന്നെ പ്രധാനപ്പെട്ടതാണ് വയറിലെ ബാക്ടീരിയക്ക് മാത്രം ദഹിപ്പിക്കാന്‍ സാധിക്കുന്ന പ്രീബയോട്ടിക്സ് എന്ന ഡയറ്ററി ഫൈബറും. വെളുത്തുള്ളി, ആപ്പിള്‍, ഓട്സ്, ശതാവരി കിഴങ്ങ് എന്നിവയെല്ലാം പ്രീബയോട്ടിക്സ് ചേര്‍ന്ന ഭക്ഷണങ്ങളാണ്. 

 

പുളിപ്പിച്ച ഭക്ഷണങ്ങള്‍ നമ്മുടെ വയറിന്‍റെ ആരോഗ്യം കാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും മാത്രമല്ല നമ്മുടെ മൂഡ് മെച്ചപ്പെടുത്തുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ നിര്‍മാണത്തിലും സഹായിക്കുമെന്ന്  ഡോ. ഉമ ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും വയറിനുള്ളിലെ ബാക്ടീരിയ പ്രധാന പങ്ക് വഹിക്കുന്നു. വൈറ്റമിന്‍ ബി, വൈറ്റമിന്‍ കെ2 തുടങ്ങിയ പോഷണങ്ങള്‍ അടങ്ങിയതാണ് പുളിപ്പിച്ച ഭക്ഷണവിഭവങ്ങള്‍. 

 

കട്ടന്‍ ചായക്കോ ഗ്രീന്‍ ടീക്കോ ഒപ്പം  പഞ്ചസാരയും ബാക്ടീരിയയും യീസ്റ്റും ചേര്‍ത്ത് പുളിപ്പിച്ചെടുക്കുന്ന കൊംബുച്ച ചായ പ്രോബയോട്ടിക്സ് സ്രോതസ്സാണ്. രണ്ടായിരത്തിലധികം വര്‍ഷത്തിന്‍റെ പഴക്കമുണ്ടെന്ന് കരുതുന്ന ഈ ചായ അനശ്വരതയുടെ  ചായയെന്ന് അറിയപ്പെടുന്നു. ഔഷധഗുണമേറെയുള്ള കൊംബുച്ച ചായ ബിസി 221ല്‍ ചൈനയിലെ ക്വിന്‍ രാജവംശത്തിന്‍റെ കാലത്താണ് ആദ്യം നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. ചയാപചയം മെച്ചപ്പെടുത്താനും, കരളിന്‍റെ ആരോഗ്യം കാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും കൊംബുച്ച ചായ നല്ലതാണ്.  കൊംബുച്ചയ്ക്ക് പുറമേ യോഗര്‍ട്ട്, കിംച്ചി, കെഫിര്‍ തുടങ്ങിയ ഭക്ഷണവിഭവങ്ങളും പ്രോബയോട്ടിക്സ് സന്തുലനം മെച്ചപ്പെടുത്താനായി ഡോ. ഉമ ശുപാര്‍ശ ചെയ്യുന്നു.

English Summary : Add fermented foods to your diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com