ADVERTISEMENT

ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത്, നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം എത്ര നാള്‍ ജീവിച്ചാലാണ് മനുഷ്യന്‍റെ കൊതി തീരുക. പക്ഷേ, അതിന് സാധിക്കുന്നവര്‍ വളരെ കുറച്ച് പേര്‍ മാത്രമാണെന്നതാണ് സത്യം. എന്നു മരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. പക്ഷേ, ചില ആരോഗ്യകരമായ ശീലങ്ങള്‍ വഴി ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും. 

 

എത്രത്തോളം ആരോഗ്യത്തോടെ ഇരിക്കുന്നോ അത്രത്തോളം ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കും. ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ നല്ല ഭക്ഷണവും വ്യായാമവും എല്ലാം സഹായകമാണ്. എന്നാല്‍ അതിനു സഹായിക്കുന്ന ചില അസാധാരണ മാര്‍ഗങ്ങള്‍ കൂടി പരിചയപ്പെടാം.

 

1. മലകളില്‍ ചെന്ന് രാപ്പാര്‍ക്കാം

 

തിരക്കുള്ള ജീവിതത്തില്‍ നിന്ന് ഇടയ്ക്കൊരു ഇടവേള എടുത്ത് മലമുകളില്‍ കുറച്ച് സമയം ചെലവഴിക്കുക. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ സമയം ചെലവിടുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാലം ജീവിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവര്‍ക്ക് ഹൃദയാഘാതവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. മലകളിലെ മനോഹാരിത, ശുദ്ധവായു, ശുദ്ധമായ വെള്ളം എന്നിവ നമ്മുടെ ആയുസ്സ് വര്‍ധിപ്പിക്കും. മലകളില്‍ ജീവിക്കുമ്പോള്‍ കയറ്റം  കറയലും നടത്തവുമൊക്കെ വേണ്ടി വരുമെന്നതിനാല്‍ ഇത് ശരീരത്തിന് വ്യായാമവും നല്‍കും. 

 

2. സമൂഹവുമായി ഇടപഴകുക

ഇടയ്ക്കിടെ പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപഴകുന്നതും സാമൂഹിക കാര്യങ്ങളിലൊക്കെ ഇടപെട്ട് സജീവമായി ഇരിക്കുന്നതും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും. സുഹൃത്തുക്കളും വീട്ടുകാരും ബന്ധുക്കളും അടങ്ങിയ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കുന്ന സന്തോഷകരമായ നിമിഷങ്ങള്‍ മനസ്സിനെ സജീവമാക്കുകയും തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യും. ഒറ്റപ്പെട്ട് കഴിയുന്നവരെ അപേക്ഷിച്ച് സജീവമായ സാമൂഹിക ജീവിതം നയിക്കുന്നവര്‍ ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. 

 

3. രതിമൂര്‍ച്ഛയ്ക്ക് അവസരമുണ്ടാക്കുക

 

രതിമൂര്‍ച്ഛയുടെ തോതും ആയുസ്സിന്‍റെ ദൈര്‍ഘ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. എത്ര തവണ കൂടുതല്‍ രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കുന്നോ അത്രയും കൂടുതല്‍ കാലം ജീവിക്കാം. സ്വയംഭോഗം വഴിയോ, പങ്കാളിയുമായുള്ള ലൈംഗിക ബന്ധം വഴിയോ രതിമൂര്‍ച്ഛ നേടാന്‍ ശ്രമിക്കുക. ഇത് സമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സന്തോഷത്തോടെയിരിക്കാനും  സഹായകമാണ്. 

 

4. ചിരി, ചിരി, പൊട്ടിച്ചിരി

ചിരിയും ആയുസ്സും തമ്മിലുള്ള ബന്ധം പരക്കേ അംഗീകരിക്കപ്പെട്ട ഒന്നാണ്. ദീര്‍ഘകാലം ജീവിക്കാന്‍ ചിരിയോളം നല്ല ഔഷധമില്ല. ചിരിക്കുമ്പോൾ  ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയുകയും എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ വര്‍ധിക്കുകയും ചെയ്യും. ചിരി സമ്മര്‍ദത്തിന്‍റെ തോതും കോര്‍ട്ടിസോളും കുറച്ച് ഹൃദ്രോഗപ്രശ്നങ്ങളെയും തടയും. 

 

5. പല്ലുകള്‍ ആരോഗ്യത്തോടെ സംരക്ഷിക്കുക

നല്ല ദന്താരോഗ്യം ദീര്‍ഘായുസ്സിനെ സഹായിക്കും. പല്ലുകള്‍ ഫ്ളോസ് ചെയ്യുന്നത് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിന് സഹായകമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മറ്റ് രോഗങ്ങള്‍ക്കും കാരണമാകാം. 

 

6. കൂടുതല്‍ ഷോപ്പിങ് നടത്താം

കൂടുതല്‍ ഷോപ്പ് ചെയ്യുന്നവര്‍ മരണ സാധ്യത 25 ശതമാനം വരെ കുറയ്ക്കുന്നതായി ജേണല്‍ ഓഫ് എപ്പിഡെമോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എന്നാല്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി ഷോപ്പ് ചെയ്താല്‍ ഈ പ്രയോജനം ലഭിക്കില്ല. കടകളില്‍ കയറിയിറങ്ങി തൊട്ടും അറിഞ്ഞും വസ്ത്രങ്ങളും മറ്റും ഇട്ടു നോക്കിയും ആഘോഷമാക്കി നടത്തുന്ന ഷോപ്പിങ്ങുകളാണ് ആയുര്‍ദൈര്‍ഘ്യത്തെ സഹായിക്കുക. 

English Summary : Uncommon things that can help to increase your longevity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com