ADVERTISEMENT

മാനസികാരോഗത്തിനു ചികിത്സ തേടുന്നത് എന്തോ ഒരു വലിയ പാപമോ അപമാനമോ ഒക്കെയായി കാണുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കണ്ടാലോ, അത് മറ്റാരുമറിയാതെ രഹസ്യമായി സൂക്ഷിക്കുകയും ഒളിച്ചു പാത്തുമൊക്കെ ആരുടെയും കണ്ണിൽ പെടാതെ വിദഗ്ധരെ കണ്ടു മടങ്ങുകയും ചെയ്യുന്നു. എന്നാൽ മറ്റു രോഗങ്ങളെപ്പോലെതന്ന ഒന്നാണ് മനസ്സിനെ ബാധിക്കുന്ന രോഗങ്ങളും. ഇതിൽ ഇത്ര ടെൻഷനടിക്കേണ്ട ഒരു കാര്യവുമില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടുകയാണെങ്കിൽ ഒട്ടും സങ്കോചം കൂടാതെ ഒരു മനഃശാസ്ത്ര വിദഗ്ധനെ സമീപിക്കാവുന്നതാണ്. പലപ്പോഴും ചെറിയ ഒരു കൗൺസിലിങ്ങിലൂടെതന്നെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാം. എന്നാൽ പ്രശ്നങ്ങൾ വച്ചിരുന്ന് സങ്കീർണമാക്കുമ്പോഴാണ് മരുന്ന് ഉൾപ്പടെയുള്ളവയെ ആശ്രയിക്കേണ്ടി വരുന്നത്.

 

അറിയാം മരുന്ന് എടുക്കേണ്ട ഘട്ടം

 

ഏതാണ്ട് എല്ലാ മനോരഗോങ്ങളുടെയും ചികിത്സയിൽ മരുന്നിനു പ്രാധാന്യമുണ്ട്. രോഗപരിഹാരത്തിനും എത്രയും വേഗമുള്ള രോഗശമനത്തിനും രോഗം ആവർത്തിക്കാതിരിക്കാനുമൊക്കെ മരുന്ന് ഉപകരിക്കും. അതുപോലെ ഹാലുസിനേഷൻ, ഡെല്യൂഷൻ തുടങ്ങിയ അവസ്ഥകളിലുള്ളവരിലും മരുന്ന് ചികിത്സതന്നെ വേണ്ടിവരും.

 

ഹാലുസിനേഷനും ഡെല്യൂഷനും

 

ഇല്ലാത്ത കാഴ്ചകൾ കാണുന്ന പോലെയും ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്ന പോലെയും ഒക്കെയുള്ള ഇന്ദ്രിയ സംവേദനങ്ങൾ അനുഭവിക്കുന്ന അവസ്ഥയാണ് ഹാലുസിനേഷൻ. അടിസ്ഥാനരഹിതവും അബദ്ധവുമായ ചിന്തകളിൽ ഉറച്ചു വിശ്വസിക്കുന്ന അവസ്ഥയാണ് ഡെല്യൂഷൻ. ഇവ രണ്ടും സൂചിപ്പിക്കുന്നത് തലച്ചോറിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നാണ്. ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാനും തീരുമാനമെടുക്കാനുമുള്ള രോഗിയുടെ കഴിവ് നഷ്ടപ്പെട്ടു പോകും. ഈ അവസ്ഥയുള്ള രോഗികൾ എങ്ങനെ പെരുമാറുമെന്നും പ്രവചിക്കാൻ സാധിക്കില്ല. സ്വയം പരിക്കേൽപ്പിക്കുന്നതു മുതൽ ജീവഹാനി വരുത്താൻ പോലും ശ്രമിച്ചേക്കാം.

 

ആത്മഹത്യാപ്രവണതയുള്ളവർക്കും മരുന്ന് ചികിത്സ

 

കടുത്ത വിഷാദാവസ്ഥയിൽ മരുന്നുകളുടെ സഹായത്തോടെ മാനസികനില പെട്ടെന്ന് വീണ്ടെടുക്കാനായില്ലെങ്കിൽ ആത്മഹത്യയോ അതിനുള്ള ശ്രമങ്ങളോ ഉണ്ടാകാം. തീവ്രമായ വിഷാദരോഗവും ആത്മഹത്യാ പ്രവണതയും ഒരുമിച്ചുള്ള അവസരങ്ങളിൽ എത്രയും പെട്ടെന്ന് ഫലപ്രാപ്തി ലഭിക്കാൻ ഷോക്കു ചികിത്സാരീതിയുമുണ്ട്. 

 

വിഷാദം പോലുള്ള രോഗാവസ്ഥ ഒരിക്കൽ വന്നാൽ വീണ്ടും വരാനുള്ള സാധ്യത 50 ശതമാനവും രണ്ടു തവണ വന്നാൽ ആവർത്തിക്കാനുള്ള സാധ്യത 70ഉം മൂന്നാമതു വന്നാൽ രോഗാവർത്തന സാധ്യത 90 ശതമാനവുമാണ്. ഈ സാധ്യതകളെ കുറയ്ക്കാനോ തടയാനോ സൈക്കോതെറാപ്പികളുടെയും സാമൂഹിക കുടുംബ സാഹചര്യങ്ങളിലെ പിന്തുണയും അനിവാര്യമാണ്.

English Summary : Mental health and related problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com