ADVERTISEMENT

രോഗങ്ങളും മരണങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതം പറഞ്ഞറിയിക്കാനാവില്ല. സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരിക്കുന്ന പല കുടുംബങ്ങളുടെയും താളം തെറ്റിച്ചു കൊണ്ടാണ് രോഗങ്ങള്‍ കടന്നു വരാറുള്ളത്. ജീവിതത്തിലേക്ക് ക്ഷണിക്കാതെ വരുന്ന ഈ വില്ലന്മാര്‍ക്ക് മുന്നില്‍ മനസ്സ് തകര്‍ന്നിരിക്കുന്നവര്‍ക്ക്  പ്രചോദനം നല്‍കുന്ന റിയല്‍ ലൈഫ് ഹീറോകള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അര്‍ബുദത്തെ അതിജീവിച്ച് ഇന്നും സിനിമ മേഖലയില്‍ സജീവമായി നില്‍ക്കുന്ന മംമ്ത മോഹന്‍ദാസ് അര്‍ബുദ രോഗികള്‍ക്ക് മാത്രമല്ല ജീവിതത്തില്‍ തോറ്റു പോയെന്ന് കരുതുന്ന എല്ലാവര്‍ക്കും പ്രചോദനമാണ്. 

 

ഒരു വട്ടമല്ല രണ്ടു വട്ടമാണ് മംമ്ത അര്‍ബുദ കോശങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത്. 2009ലാണ് ശരീരത്തിലെ ലിംഫ് നോഡുകളെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദം മംമ്തയെ പിടികൂടുന്നത്. അന്ന് തന്‍റെ ഇരുപതുകളില്‍ സിനിമ ജീവിതത്തിന്‍റെ തുടക്ക കാലഘട്ടത്തിലായിരുന്നു മംമ്ത.തുടര്‍ന്ന് അര്‍ബുദത്തിനെതിരെയുള്ള ഏഴ് വര്‍ഷം നീണ്ട പോരാട്ടം മംമ്ത ആരംഭിച്ചു. ഇതിനിടെ രണ്ട് വര്‍ഷത്തോളം സിനിമകളില്‍ നിന്ന് വിട്ടു നിന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. 

 

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ അര്‍ബുദം വീണ്ടുമെത്തി. എന്നാല്‍ ജീവിതത്തോട് മംമ്ത പുലര്‍ത്തിയ പോസിറ്റീവ് സമീപനം ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ നടിയെ സഹായിച്ചു. ഇക്കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മംമ്തയ്ക്ക് സാധിച്ചു. യുഎസില്‍ നിരന്തരമായ അര്‍ബുദ ചികിത്സയ്ക്ക് വിധേയയായ മംമ്ത 2016ല്‍ എഫ്ഡിഎ നടത്തിയ നിവോലുമാബ് മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെയും ഭാഗമായി. ഹോഡ്കിന്‍ ലിംഫോമ രോഗികളുടെ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് നിവോലുമാബ്. ഈ ചികിത്സ വിജയമായതോടെയാണ് അര്‍ബുദത്തിനെതിരെ ഏഴു വര്‍ഷം നീണ്ട മംമ്തയുടെ പോരാട്ടം അവസാനിച്ചത്. 

 

അര്‍ബുദത്തിനെതിരെ പോരാടുന്ന പലര്‍ക്കും ഇന്ന് പ്രചോദനമാണ് മംമ്ത. സിനിമ അഭിനയവും യാത്രകളും ഒക്കെയായി സജീവമായ ജീവിതശൈലി പിന്തുടരുന്ന മംമ്ത തന്‍റെ വര്‍ക്ക്ഔട്ടുകളുടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

 

ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ അര്‍ബുദം പോലുള്ള എന്തെങ്കിലും പ്രതിസന്ധികള്‍ക്കായി കാത്തിരിക്കരുതെന്നും മംമ്ത പറയുന്നു. പോസിറ്റിവിറ്റി തുളുമ്പുന്ന ഒരു  പോസ്റ്റുമായാണ് ഈ പുതുവര്‍ഷത്തെയും മംമ്ത വരവേറ്റത്. ഈ വര്‍ഷം കൂടുതല്‍ ആരോഗ്യത്തോടെയും കരുണയോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ സാധിക്കട്ടേയെന്ന് മംമ്ത ആശംസിക്കുന്നു. ഓരോ ദിവസവും പരമാവധി വിനിയോഗിക്കുമെന്നും ജീവിതത്തോട് കൃതജ്ഞതയുള്ളവരായിരിക്കുമെന്നും സ്വയം പ്രതിജ്ഞ ചെയ്യാനും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ മംമ്ത കുറിച്ചു. നമ്മളെടുക്കുന്ന ഓരോ ശ്വാസവും നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പുതിയ അവസരമായി എടുക്കണമെന്നും ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്ക ണമെന്നും മംമ്ത ഓര്‍മ്മപ്പെടുത്തുന്നു.    

 

Content Summary : Mamtha Mohandas  Says Every breath you take is a new opportunity to make yours or someone else’s lives better

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com