ADVERTISEMENT

ജീവിതശൈലീ രോഗങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ലോകജനസംഖ്യയില്‍ 30 ശതമാനം പേരെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ രക്തസമ്മര്‍ദം ഹൃദയത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തെയും രക്തയോട്ടത്തെയും തടസ്സപ്പെടുത്തി ഹൃദ്രോഗ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉള്ളവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കട്ടന്‍ ചായ. രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന വസ്തുക്കളെ നിയന്ത്രിച്ച്  നിര്‍ത്താന്‍ കട്ടന്‍ ചായ സഹായിക്കും.

 

ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് രക്ത സമ്മര്‍ദം കുറച്ച് നിര്‍ത്തുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗ പ്രശ്നങ്ങള്‍ കുറയ്ക്കാനും ധമനികളിലൂടെയുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ സഹായിക്കും. ദിവസവും കട്ടന്‍ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം മാത്രമല്ല കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ് തോതും കുറയ്ക്കും.12 ആഴ്ച തുടര്‍ച്ചയായി കട്ടന്‍ ചായ കുടിക്കുന്നത് ട്രൈഗ്ലിസറൈഡ് തോത് 36 ശതമാനവും രക്തത്തിലെ പഞ്ചസാരയുടെ തോത് 18 ശതമാനവും കുറയ്ക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

 

കട്ടന്‍ ചായയിലെ ആന്റി ഓക്സിഡന്‍റുകള്‍ നീര്‍ക്കെട്ടും അണുബാധയും കുറയ്ക്കാനും സഹായകമാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്ത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ഇവ കുറയ്ക്കുന്നു. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിച്ച് വയറിന്‍റെ ആരോഗ്യത്തെയും നിലനിര്‍ത്തുന്നു. കട്ടന്‍ ചായ കുടിക്കാത്തവരെ അപേക്ഷിച്ച് കട്ടന്‍ ചായ കുടിക്കുന്നവരില്‍ പക്ഷാഘാതത്തിനുള്ള സാധ്യതയും 32 ശതമാനം കുറവാണെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. 

 

എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്ന് പറയുന്നതുപോലെ സദാസമയവും കട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നതും ആശാസ്യമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ അമിതമായി ഉപയോഗിച്ചാല്‍ ഉറക്കമില്ലായ്മയും ഉത്കണ്ഠയും തലവേദനയും തലകറക്കവും ഉണ്ടാക്കുമെന്ന് ഡയറ്റീഷന്മാര്‍ മുന്നറിയിപ്പ് നൽകുന്നു.

English Summary : Suffering From Hypertension And Heart Disease? Include Black Tea in Your Diet 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com