ADVERTISEMENT

രാത്രി എട്ടിന് ശേഷം അത്താഴം കഴിക്കരുത്, കിടക്കാന്‍ പോകുന്നതിന് മുന്‍പ് പഴങ്ങള്‍ കഴിക്കരുത്, ചയാപചയം മെച്ചപ്പെടുത്താന്‍ ചെറു ഭക്ഷണങ്ങൾ പലതവണയായി കഴിക്കണം എന്നിങ്ങനെ വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിനിടയില്‍  പല ധാരണകളും നിലനിൽക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ പല ധാരണകള്‍ക്കും ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും പലപ്പോഴും കാണില്ലെന്നതാണ് സത്യമെന്ന് ന്യൂട്രീഷനിസ്റ്റ് ഡോ. ശുഭശ്രീ റായ് പറയുന്നു. 

 

ഭക്ഷണം കഴിക്കുന്നതിന്‍റെ സമയവുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകള്‍ തിരുത്തുകയാണ് ദ പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. റായ്. 

 

വൈകി കഴിക്കുന്നത് ഭാരം കൂടാന്‍ കാരണമാകുമോ?

ഒരാളുടെ ഭക്ഷണത്തിലെ കാലറിയുടെയും പോഷണങ്ങളുടെയും അളവ് അയാളുടെ പ്രതിദിന ആവശ്യകതയുമായി ചേര്‍ന്ന് പോകുന്നതാണെങ്കില്‍ രാത്രിയില്‍ വൈകി കഴിച്ചു എന്നു വച്ച് വണ്ണം കൂടില്ലെന്ന് ഡോ. റായ് വ്യക്തമാക്കുന്നു. അത്താഴത്തിന് ശേഷം വിശപ്പ് തോന്നുകയാണെങ്കില്‍ നട്സോ കാരറ്റോ ആപ്പിള്‍ കഷ്ണമോ പോലത്തെ ആരോഗ്യകരമായ സ്നാക്സ് എന്തെങ്കിലും കരുതണം. 

 

പഴം കഴിക്കാനൊരു സമയമോ?

പഴങ്ങള്‍ പകല്‍ സമയത്ത് മാത്രമേ കഴിക്കാവുള്ളൂ എന്നും രാത്രിയില്‍‍ കഴിക്കരുതെന്നും പലരും പറയാറുണ്ട്. എന്നാല്‍ ഇതില്‍ ശാസ്ത്രീയത ഇല്ലെന്നും ഏത് സമയത്തും പഴങ്ങള്‍ കഴിക്കാവുന്നതാണെന്നും ഡോ. റായ് പറയുന്നു. ഏത് പഴം എത്ര തവണ കഴിക്കുന്നു എന്നതെല്ലാം ഓരോ വ്യക്തിയുടെ ആവശ്യകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 

 

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ കുഴപ്പമോ? 

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നതും ഒരു മിഥ്യാധാരണയാണെന്ന് ഡോ. റായ് പറയുന്നു. ദിവസത്തിലെ ആദ്യ ഭക്ഷണമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന്‍റെ പ്രാധാന്യം കുറച്ച് കാണേണ്ടതില്ല. എന്നാല്‍ ആദ്യ ഭക്ഷണം ഉച്ചയ്ക്ക് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇടവിട്ട് ഫാസ്റ്റ് ചെയ്യുന്നവര്‍ക്കുമൊന്നും പ്രഭാതഭക്ഷണം ഒരു അത്യാവശ്യം ആകുന്നില്ല. 

 

 

ചയാപചയത്തെ മെച്ചപ്പെടുത്താന്‍ ചെറു ഭക്ഷണങ്ങൾ 

ചെറു  ഭക്ഷണങ്ങൾ  ഇടയ്ക്കിടെ കഴിക്കുന്നത് കൂടുതല്‍ നേരത്തേക്ക് വിശക്കാതിരിക്കാന്‍ സഹായകമാണെന്നത് ശരി. എന്നാല്‍ ഇത് കൊണ്ട് ചയാപചയം മെച്ചപ്പെടുമെന്നും ഭാരം കുറയുമെന്നും യാതൊരു തെളിവുമില്ലെന്ന് ഡോ. റായ്  ചൂണ്ടിക്കാട്ടുന്നു. 

 

രാത്രിയില്‍ കാര്‍ബ് കഴിച്ചാല്‍ പ്രശ്നമോ?

രാത്രി നേരത്ത് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അവയെല്ലാം കൊഴുപ്പായി മാറുമെന്ന ചിന്തയും തെറ്റാണെന്ന് ഡോ. റേയ് പറയുന്നു. സൂര്യാസ്തമനത്തിന് ശേഷം ശരീരത്തിന്‍റെ ചയാപചയ പ്രക്രിയ പതിയെയാകുമെന്ന ധാരണയാകാം ഇതിന് പിന്നില്‍. എന്നാല്‍ ദിവസവും എന്തെങ്കിലും ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നവരില്‍ ഉറങ്ങുമ്പോൾ  പോലും ചയാപചയ പ്രക്രിയയുടെ വേഗം കുറയുന്നില്ലെന്ന് ഡോ. റായ്  ചൂണ്ടിക്കാട്ടി.    

 

എപ്പോള്‍ കഴിക്കുന്നു എന്നാലോചിച്ച് ആരും തല പുകയ്ക്കേണ്ടതില്ലെന്നും പകരം എന്ത്, എത്ര അളവിൽ  കഴിക്കുന്നു എന്നതില്‍ ശ്രദ്ധിച്ചാല്‍ മതിയാകുമെന്നും ഡോ. റായ്  കൂട്ടിച്ചേര്‍ക്കുന്നു.

Content Summary : Lose Weight by Not Eating After 8 pm?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com