ADVERTISEMENT

വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല കുടവയര്‍. ആരോഗ്യത്തിനും ജീവിതസൗഖ്യത്തിനും കുടവയര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. വ്യായാമത്തിന്‍റെ അഭാവം, അമിതമായ ഉറക്കം, അനാരോഗ്യകരമായ ഭക്ഷണശൈലി, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്‍റെ മറ്റൊരു പ്രശ്നം. കുടവയര്‍ കുറയ്ക്കാനുള്ള ആയുര്‍വേദ പരിഹാരങ്ങള്‍ അറിയാം

 

യോഗ

ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഏറ്റവും മികച്ച വ്യായാമ മുറയാണ് സൂര്യനമസ്കാരം. ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ മുതല്‍ ദഹന പ്രശ്നങ്ങള്‍ വരെ പലതും സൂര്യനമസ്കാരം കൊണ്ട് മാറ്റിയെടുക്കാന്‍ സാധിക്കും. മാനസിക സൗഖ്യവും ഉറക്കവും ചയാപചയവും മെച്ചപ്പെടുത്തി കുടവയര്‍ കുറയ്ക്കാനും ഇത് സഹായിക്കും. യോഗയിലെ കപാല്‍ഭാട്ടി പ്രാണായാമവും കുടവയര്‍ നിയന്ത്രണത്തില്‍ സഹായകമാണ്. ശക്തമായി വായു ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് തള്ളുകയും ചെയ്യുന്ന ഈ പ്രാണായാമം വാത, പിത്ത, കഫത്തിന്‍റെ സന്തുലനം നിലനിര്‍ത്താന്‍ സഹായകമാണെന്ന് യോഗ പരിശീലകര്‍ പറയുന്നു. 

 

കുടവയറിനുള്ള ചില പ്രകൃതിദത്ത പരിഹാരങ്ങള്‍

ഉലുവ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഉലുവ ദഹന വ്യവസ്ഥയെ ശക്തിപ്പെടുത്തി അമിതമായ കൊഴുപ്പ് വയറിന്‍റെ ഭാഗത്ത് നിന്ന് കത്തിച്ചു കളയാന്‍ സഹായിക്കും. വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കി അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഉലുവ തടയുന്നു. ഉലുവ വറുത്ത് പൊടിച്ചത് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കുടിക്കുന്നത് വയര്‍ കുറയാന്‍ നല്ലതാണ്. ഉലുവ രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് വച്ച ശേഷം പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കുടിക്കുകയും ചെയ്യാം. ശേഷിക്കുന്ന ഉലുവ ചവച്ചരച്ച് കഴിക്കാവുന്നതാണ്. 

 

ത്രിഫല

നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവ ചേര്‍ത്ത് തയാറാക്കുന്ന ആയുര്‍വേ കൂട്ടാണ് ത്രിഫല ചൂര്‍ണം. ഇത് ചൂട് വെള്ളത്തില്‍ കലര്‍ത്തി അത്താഴത്തിന് രണ്ട് മണിക്കൂര്‍ ശേഷവും പ്രഭാത ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും കുടിക്കുന്നത് കുടവയര്‍ കുറയ്ക്കും.

 

കറുവാപ്പട്ട

കറുവാപ്പട്ട ചയാപചയം മെച്ചപ്പെടുത്തി കുടവയറിനെ കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ഒരു കപ്പ് കറുവാപ്പട്ട ചേര്‍ത്ത ചായ കുടിക്കുന്നത് അദ്ഭുതകരമായ മാറ്റം കുടവയറിന്‍റെ കാര്യത്തില്‍ ഉണ്ടാക്കുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

 

ഗുല്‍ഗുലു

നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ആയുര്‍വേദ ഔഷധമാണ് ഗുല്‍ഗുലു. കൊളസ്ട്രോളും  അമിതവണ്ണവും കുറയ്ക്കാന്‍ സഹായിക്കുന്ന ഗുല്‍ഗുലു ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കാവുന്നതാണ്. 

 

വേങ്ങ

വേങ്ങ മരത്തിന്‍റെ തൊലി പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള സിദ്ധൗഷധമാണ്. ഇതിന്‍റെ ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും പാന്‍ക്രിയാസിസ് കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ കാക്കുകയും ചെയ്യുന്നു. വേങ്ങ അടങ്ങിയ ഒരു ഹെര്‍ബല്‍ ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായകമാണ്. 

 

നിത്യജീവിതത്തില്‍ പിന്തുടരാവുന്ന ചില കാര്യങ്ങള്‍

∙  ദഹന രസം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന ഉച്ച സമയത്ത് പ്രതിദിന കാലറിയുടെ 50 ശതമാനത്തിലധികം കഴിക്കാന്‍ ശ്രദ്ധിക്കുക. അത്താഴത്തിന് അധികം കാലറിയുടെ ആവശ്യമില്ല. സൂര്യാസ്തമനത്തിന് മുന്‍പ് അത്താഴം കഴിച്ചാല്‍ അത്യുത്തമം. 

∙ മധുരപാനീയങ്ങള്‍, മധുര പലഹാരങ്ങള്‍, പാസ്ത, ബ്രഡ്, ബിസ്കറ്റ്, എണ്ണ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.

∙ ദാഹിക്കുമ്പോൾ  ചൂടു വെള്ളം കുടിക്കുന്നത് ചയാപചയം മെച്ചപ്പെടുത്തി വയര്‍ കുറയ്ക്കും.

Content Summary : Ayurveda tips for loosing belly fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com