ADVERTISEMENT

സ്ത്രീകളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വ്യാപകമാകുന്ന രോഗമാണ് അണ്ഡാശയത്തെ ബാധിക്കുന്ന പോളി സിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോണ്‍(പിസിഒഎസ്). പിസിഒഎസിന്‍റെ ഫലമായി അണ്ഡാശയം ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയും ശരീരത്തിന്‍റെ ഹോര്‍മോണ്‍ സന്തുലനം താളം തെറ്റുകയും ചെയ്യും. സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണും ആവശ്യമായ തോതില്‍ ഉത്പാദിപ്പിക്കാതിരിക്കുകയും പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണ്‍ വര്‍ധിക്കുകയും ചെയ്യുന്നതിന്‍റെ ഫലമായി പിസിഒഎസ് ബാധിതരില്‍ മുഖത്ത് രോമങ്ങള്‍, മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. പിസിഒഎസ് രോഗികള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് അമിതഭാരം. ഹോര്‍മോണ്‍ പ്രശ്നങ്ങളും ഇന്‍സുലിന്‍ പ്രതിരോധം പോലുള്ള അനുബന്ധ സങ്കീര്‍ണതകളും മൂലം പിസിഒഎസ് രോഗികളില്‍ ഭാരം പെട്ടെന്ന് കുറഞ്ഞെന്ന് വരില്ല. 

 

ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണനിയന്ത്രണവും കൊണ്ട് മാത്രമേ ഈയവസ്ഥയെ പിസിഒഎസ് രോഗികള്‍ക്ക് തരണം ചെയ്യാന്‍ സാധിക്കുള്ളൂ. പിസിഒഎസ് രോഗികളുടെ ഭാരനിയന്ത്രണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നതാണ് ആരോഗ്യകരവും അതേ സമയം കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ പ്രഭാതഭക്ഷണം. നല്ല രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കും. ഉച്ചഭക്ഷണവും അത്താഴവും ലഘുവായി കഴിക്കാനും ഇത് മൂലം സാധിക്കുന്നു. ഗ്ലൈസിമിക് ഇന്‍ഡെക്സ് കുറഞ്ഞ ഓട്മീല്‍, വാഴപഴം, ഹോള്‍ വീറ്റ് ബ്രഡ് എന്നിവ പിസിഒഎസ് രോഗികള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പതിയെ ഊര്‍ജ്ജം വെളിയില്‍ വിടുന്ന ഇത്തരം ഭക്ഷണങ്ങള്‍ ദീര്‍ഘനേരം വിശക്കാതെ ഇരിക്കാന്‍ സഹായിക്കും. 

 

വെളുത്ത പഞ്ചസാരയ്ക്കും വെളുത്ത അരിക്കും പകരം തവിട്ട് നിറമുള്ള  പഞ്ചസാരയും അരിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഭക്ഷണത്തിലെ  അധിക പഞ്ചസാര ഒഴിവാക്കാന്‍ പഴങ്ങള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും. ഇതിലെ പ്രകൃതിദത്ത പഞ്ചസാര ശരീരത്തിന് ഹാനികരമാകില്ല. പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അധികമായി കാലറി അകത്താക്കുന്നതിനെയും നിയന്ത്രിക്കും. അത്താഴത്തിന് സാലഡുകളും പച്ചക്കറികളും കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കണം. അല്‍പം കാര്‍ബോഹൈഡ്രേറ്റും  പ്രോട്ടീനും ഇതിനൊപ്പമാകാം. എന്ത് കഴിച്ചാലും അതിലെ കാലറി നോക്കി കഴിക്കുന്നത് പിസിഒഎസ് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്താമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Summary : PCOS diet: Low carb breakfasts for quick weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com