ADVERTISEMENT

ഇന്ത്യയിലെ യുവാക്കളില്‍ പോലും പെട്ടെന്നുള്ള ഹൃദയ സ്തംഭനത്തെ  തുടര്‍ന്നുള്ള മരണനിരക്ക് വര്‍ധിച്ചു വരുന്നതായാണ് കണക്ക്. അമേരിക്ക, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ യുവാക്കളെ അപേക്ഷിച്ച് ഇന്ത്യയിലെ യുവാക്കള്‍ 10 വര്‍ഷം മുന്‍പുതന്നെ ഹൃദ്രോഗ കുരുക്കിലേക്ക് വീഴുന്നു. അനാരോഗ്യകരമായ ഭക്ഷണശൈലിയും ജീവിതചര്യകളുമാണ് ഇതിന്‍റെ പ്രധാന കാരണം. 

ഹൃദയപേശികളിലേക്ക് ഓക്സിജനെത്തിക്കുന്ന  രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ്  ഹൃദയസ്തംഭനം സംഭവിക്കുന്നത്. രക്തധമനികള്‍ ചുരുങ്ങുന്നതോ അവയ്ക്ക് ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ബ്ലോക്കോ ഒക്കെയാണ് ഇതിലേക്ക് നയിക്കുക. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങളാണ്. നെഞ്ചുവേദനയില്ലാതെ മറ്റ് ലക്ഷണങ്ങളോടെ നിശ്ശബ്ദമായും ഹൃദയസ്തംഭനം ഉണ്ടാകാറുണ്ട്. 

രക്തധമനികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കി ഹൃദയസ്തംഭനം തടയാന്‍ ഇനി പറയുന്ന ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കണമെന്ന്  മസിന ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. രുചിത് ഷായും ഗ്ലോബല്‍ ഹോസ്പിറ്റല്‍സിലെ ചീഫ് ഡയറ്റീഷ്യന്‍ സമരുദ്ധ് എം. പട്ടേലും എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

മദ്യപാനം, മയക്ക് മരുന്ന്

അമിതമായ മദ്യപാനം ഹൃദയാഘാതത്തിനുള്ള സാധ്യത പല മടങ്ങ് വര്‍ധിപ്പിക്കുന്നു. പുകയില, സിഗരറ്റ്, മറ്റ് ലഹരിമരുന്നുകള്‍ തുടങ്ങിയവയും അകാല മരണത്തിലേക്ക് നയിക്കുന്ന ഹൃദ്രോഗത്തിന് കാരണമാകാം. 

നിക്കോട്ടീന്‍ അധിഷ്ഠിത പാനീയങ്ങള്‍

ഗുവരാന, ഗിന്‍സെങ്, ടൗറീന്‍ തുടങ്ങിയ കഫൈന്‍ പദാര്‍ഥങ്ങള്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകളും കൗമാരക്കാരിലും ചെറുപ്പക്കാരിലും ഹൃദ്രോഗമുണ്ടാക്കാം. 

മധുര പാനീയങ്ങള്‍

അമിതമായ തോതില്‍ പഞ്ചസാര അടങ്ങിയ മധുരപാനീയങ്ങള്‍, ചോക്ലേറ്റുകള്‍, പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ എന്നിവയും ദീര്‍ഘകാലത്തേക്ക് ഉപയോഗിച്ചാല്‍ ഹൃദ്രോഗം ഉണ്ടാകാം. 

ട്രാന്‍സ് ഫാറ്റ് അധിഷ്ഠിത ഭക്ഷണം

പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, പിസ, ബര്‍ഗര്‍, പാസ്ത, ബേക്കറി പലഹാരങ്ങള്‍ എന്നിവയെല്ലാം ട്രാന്‍സ് ഫാറ്റ് അധികം അടങ്ങിയതാണ്. ഇവയെല്ലാം കൊളസ്ട്രോള്‍ തോത് ഉയര്‍ത്തി ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. 

റെഡ് മീറ്റ്

വറുത്തതും പൊരിച്ചതുമായ ഭക്ഷണവിഭവങ്ങള്‍, മുട്ട, മൃഗങ്ങളുടെ കരള്‍ പോലുള്ള അവയവങ്ങള്‍, സംസ്കരിച്ച ഇറച്ചി, ബീഫ്, പോർക്ക്‌  പോലുള്ള റെഡ് മീറ്റ് എന്നിവയെല്ലാം ഹൃദ്രോഗം വിളിച്ചു വരുത്തും. ഇവയ്ക്ക് പകരം ഇലക്കറികളും പച്ചക്കറികളും പഴങ്ങളും മീനുമൊക്കെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. 

ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണവും പ്രതിദിനം കുറഞ്ഞത് 30-45 മിനിറ്റ് വ്യായാമവും ഹൃദ്രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary : Foods and drinks that cause sudden cardiac arrest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com