ADVERTISEMENT

"ഈ ഇരിക്കുന്നത് എന്റെ അമ്മ പെറ്റ എന്റെ സഹോദരങ്ങളേക്കാൾ എനിക്ക് വേണ്ടപ്പെട്ട സഹോദരനാണ്," – ഒൻപതു വർഷം മുമ്പ്, തനിക്ക് വൃക്ക ദാനം ചെയ്ത ഫാ.കുര്യോക്കോസ് വർഗീസിനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ട് കെ.ജി മാർക്കോസ് പറഞ്ഞു. അപ്രതീക്ഷിതമായി ജീവിതത്തിന്റെ താളെ തെറ്റിക്കാനെത്തിയ വൃക്കരോഗത്തിൽ നിന്ന് പിന്നണി ഗായകനായ മാർക്കോസ് സജീവമായ സംഗീത ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഫാ.കുര്യോക്കോസ് ദാനം ചെയ്ത വൃക്കയുടെ ബലത്തിലാണ്. ഒരു കാര്യം മാത്രമേ അന്ന് ഫാ.കുര്യാക്കോസ് മാർക്കോസിനോട് ആവശ്യപ്പെട്ടുള്ളൂ. "വൃക്ക തരാം, പക്ഷേ, ഇക്കാര്യം പുറംലോകം അറിയരുത്"! മാർക്കോസും കുടുംബവും അത് അംഗീകരിച്ചു. വിജയപൂർവം പൂർത്തിയാക്കായ ആ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു വർഷങ്ങൾക്കിപ്പുറം കെ.ജി മാർക്കോസ് തന്റെ ജീവൻ രക്ഷിച്ച ആ ദാതാവിനെ ഈ ലോക വ‌ൃക്ക ദിനത്തിൽ മനോരമ ഓൺലൈനിലൂടെ വെളിപ്പെടുത്തുന്നു. "സ്വന്തം സഹോദരങ്ങൾ ചെയ്യാത്ത കാര്യമാണ് അച്ചൻ ചെയ്തത്. എന്റെ ശ്വാസം പോകുന്നതു വരെ എനിക്ക്  അത് മറക്കാൻ കഴിയില്ല," മാർക്കോസിന്റെ വാക്കുകളിൽ സ്നേഹത്തിന്റെ നനവ്!

ഫ്ലാഷ്ബാക്ക്

ഒരു യുഎസ് യാത്രയ്ക്കു ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് 2013ൽ ഗായകൻ കെ.ജി മാർക്കോസ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.ഇക്ബാലിനെ സമീപിക്കുന്നത്. പരിശോധനയിൽ മാർക്കോസിന്റെ കിഡ്നിയുടെ 70 ശതമാനത്തോളം പ്രവർത്തനരഹിതമായെന്ന് കണ്ടെത്തി. ഡയാലിസിസ് ഒരു പരിഹാരമായി നിർദേശിച്ചെങ്കിലും, കിഡ്നി മാറ്റി വയ്ക്കുന്നതാണ് ദീർഘകാല പരിഹാരമെന്ന അഭിപ്രായമായിരുന്നു ഡോക്ടർക്ക്. കുടുംബത്തിൽ നിന്നു തന്നെ ഒരു ദാതാവിനെ കണ്ടെത്താൻ പരിശ്രമിച്ചെങ്കിലും ആരുടെയും കിഡ്നി മാർക്കോസുമായി യോജിക്കുന്നുണ്ടായിരുന്നില്ല. ഒ പൊസിറ്റീവ് ആയിരുന്നു മാർക്കോസ്. ഭാര്യ ബി പൊസിറ്റീവും. യോജിക്കുന്ന കിഡ്നി സർക്കാർ സംവിധാനത്തിലൂടെ ലഭ്യമായാൽ മറ്റൊരാൾക്ക് ഭാര്യയുടെ വൃക്ക പകരം നൽകാമെന്ന് മാർക്കോസ് എഴുതി നൽകി. സർക്കാരിന്റെ ഓർഗൺ ഷെയറിങ് രജിസ്ട്രിയിൽ പേരു നൽകി കാത്തിരിക്കുന്നതിന് ഇടയിലാണ് മാർക്കോസിന് ഫാ.കുര്യോക്കോസിന്റെ ഫോൺ വിളിയെത്തുന്നത്. 

കെ.ജി.മാർക്കോസും ഫാ.കുര്യോക്കോസ് വർഗീസും
കെ.ജി.മാർക്കോസും ഫാ.കുര്യോക്കോസ് വർഗീസും

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പരിശോധനകളിലെല്ലാം 99 ശതമാനം ചേർച്ച. തന്റെ കരിയറിൽ ഇത്ര ചേരുന്ന വൃക്ക ദാതാവിനെ ഒരു രോഗിക്കായി കണ്ടെത്തുന്നത് ഇതാദ്യമെന്നായിരുന്നു മാർക്കോസിനെ ചികിത്സിച്ച ഡോ.ഇക്ബാലിന്റെ സാക്ഷ്യം. 2013 സെപ്റ്റംബറിലാണ് മാർക്കോസിന്റെ ചികിത്സ തുടങ്ങുന്നത്. ഡിസംബർ ആദ്യവാരം വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും പൂർത്തിയാക്കിയ മാർക്കോസ് 2014 മാർച്ചിൽ പാടാനും ആരംഭിച്ചു. അച്ചൻ ഇക്കാര്യം പുറത്തു പറയരുതെന്ന് പറഞ്ഞതുകൊണ്ട് സർജറിയുടെ കാര്യമൊന്നും ആരും അറിഞ്ഞില്ല. 

എന്തുകൊണ്ട് ഈ വെളിപ്പെടുത്തൽ? 

ഇത്ര വർഷങ്ങൾക്കു ശേഷം, എന്തുകൊണ്ട് ഇപ്പോൾ ഈ വെളിപ്പെടുത്തൽ എന്നു ചോദ്യത്തിന് കൃത്യവും വ്യക്തവുമായ ഉത്തരം ഫാ.കുര്യാക്കോസിനുണ്ട്. ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടുന്നവർ നേരിടുന്ന വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് അച്ചന്റെ മറുപടി. "വൃക്ക ദാനം ചെയ്യുകയാണെന്ന് പറഞ്ഞാൽ പലരും അതു തടസപ്പെടുത്താൻ നോക്കും. വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലേക്ക് അതു നീങ്ങിയാലോ എന്നു ഞാൻ സംശയിച്ചു. അതെല്ലാം കാലാന്തരത്തിൽ മാറുമെന്ന് കരുതി. അതുകൊണ്ട്, പതിയെ അറിഞ്ഞാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. പിന്നെ, വൃക്ക ദാനം ചെയ്തതിനു ശേഷം എനിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നാൽ, ആളുകൾ പറയും, അതെല്ലാം ഇതു മൂലമാണെന്ന്! ഇപ്പോൾ നോക്കൂ... ഒൻപതു വർഷമായില്ലേ... ഞാൻ ജീവിച്ചിരിപ്പില്ലേ.... അദ്ദേഹവും ആരോഗ്യത്തോടെ ജീവിച്ചിരിപ്പില്ലേ... നിങ്ങൾ വിശ്വസിക്കില്ലേ?" ഫാ.കുര്യാക്കോസ് ശാന്തമായി പുഞ്ചിരിച്ചു.

മാർക്കോസ് ഒരു സെലിബ്രിറ്റി ആയതുകൊണ്ടായിരുന്നില്ല ഫാ.കുര്യാക്കോസ് അദ്ദേഹത്തിന് കിഡ്നി ദാനം ചെയ്യാൻ തയാറായത്. ജീവിച്ചിരിക്കുമ്പോൾ തന്നെ സാധിക്കുന്ന തരത്തിൽ അവയവങ്ങൾ ദാനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ.കുര്യാക്കോസ്. അതിനായി ഒരുങ്ങുന്ന സമയത്താണ് ഒരു പരിചയക്കാരനിലൂടെ യാദൃച്ഛികമായി ഗായകൻ മാർക്കോസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയുന്നതും വൃക്ക ദാനം ചെയ്യാൻ തയാറാകുന്നതും. അപ്പോഴും, തന്റെ വൃക്ക മാർക്കോസിന് അനുയോജ്യമാകുമോ എന്നുറപ്പില്ലായിരുന്നു. പരിശോധനയിൽ എല്ലാം ചേരുമെന്നുറപ്പായപ്പോൾ അതിന്റെ നടപടികളിലേക്ക് നീങ്ങി. ഇപ്പോൾ കോട്ടയം മല്ലപ്പള്ളിയിലെ മാർ അന്തോണിയോസ് ദയറയുടെ ചുമതലക്കാരനാണ് അദ്ദേഹം.  

ട്രാൻസ്പ്ലാന്റിനെക്കുറിച്ച് പലർക്കും തെറ്റിദ്ധാരണ

വൃക്ക മാറ്റി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും പല തെറ്റിദ്ധാരണകളുണ്ടെന്ന് മാർക്കോസ് പറയുന്നു. "വൃക്ക ദാനത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തവരാണ് തെറ്റായ പല വിവരങ്ങളും പ്രചരിപ്പിക്കുന്നത്. വൃക്ക മാറ്റി വച്ചാൽ സ്വീകർത്താവിനും ദാതാവിനും എന്തോ പ്രശ്നമുണ്ടാകുമെന്ന ധാരണ ഇത്തരക്കാർക്കുണ്ട്. ഒരു വൃക്ക ദാനം ചെയ്തതുകൊണ്ട് ദാതാവ് പെട്ടെന്ന് മരിച്ചു പോകുമോ എന്നു ചിലർ ഭയപ്പെടുന്നു. മന്ത്രി ആയിക്കോട്ടെ ഉന്നത ഉദ്യോഗസ്ഥർ ആവട്ടെ... എന്തിന് അച്ചന്മാർക്കും ബിഷപ്പുമാർക്കും സമൂഹത്തിൽ ഉന്നതരെന്നു പറയുന്നവർക്കു വരെ ഇത്തരം തെറ്റിദ്ധാരണകളുണ്ട്. സത്യത്തിൽ സ്വീകർത്താവിനും ദാതാവിനും ട്രാൻസ്പ്ലാന്റ് വഴി യാതൊരു പ്രശ്നവുമില്ല എന്നതാണ് യാഥാർഥ്യം. എന്നിട്ടും, ചില പ്രധാനപ്പെട്ട പോസ്റ്റുകളിൽ നിന്നും ഒരു കിഡ്നിയെ ഉള്ളൂ എന്ന കാരണം പറഞ്ഞ്  കുര്യാക്കോസ് അച്ചനെ ഒഴിവാക്കിയിട്ടുണ്ട്! ഏറെ ദുഃഖകരമാണ് അത്."

"ഞാൻ നല്ല ഹെവി ആയ പാട്ടുകളാണ് പാടിയിട്ടുള്ളത്. എനിക്ക് പാടുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്നത് അടിവയറ്റിലാണ്. അതുപോലെ നെഞ്ചിലും തൊണ്ടയിലും. പലരും കരുതുന്നത് വൃക്ക തകരാറിലായാൽ അത് അവിടെ നിന്നു മാറ്റി അവിടെ വേറൊന്നു വയ്ക്കുകയാണെന്നാണ്. അങ്ങനെയൊന്നുമല്ല. അവിടെ ഒന്നും തൊടില്ല. എന്റെ 70 ശതമാനം പ്രവർത്തിക്കാത്ത വൃക്ക ആണെന്നു പറഞ്ഞാലും 30 ശതമാനം അവിടെയുണ്ട്. അതിനൊപ്പം കുര്യാക്കോസ് അച്ചന്റെ വൃക്കയുമുണ്ട്. അതുകൊണ്ട് ഞാൻ ഡബിൾ സ്ട്രോങ് ആണ്. പിന്നെ, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം. യാതൊരു ശ്രദ്ധയും ചിട്ടയും ഇല്ലാതെ നടന്നാൽ എല്ലാം കൈവിട്ടു പോകും," മാർക്കോസ് സ്വന്തം അനുഭവം പങ്കുവച്ചു. 

ട്രാൻസ്പ്ലാന്റിലെ കടമ്പകൾ

വൈദികനായത് വൃക്ക ദാനത്തിലെ ചില കടമ്പകൾ ലഘൂകരിക്കാൻ സഹായിച്ചെന്ന് ഫാ.കുര്യോക്കോസ് ഓർക്കുന്നു. ധാരാളം പേപ്പർ വർക്കുകൾ ഇതിനായി പൂർത്തിയാക്കേണ്ടതുണ്ട്. പഞ്ചായത്തിൽ നിന്നൊക്കെ പേപ്പറുകൾ പെട്ടെന്നു ശരിയായി കിട്ടി. ഒരു പക്ഷേ, ഞാനൊരു വൈദികനായതുകൊണ്ടാകാം കാലതാമസം നേരിടാഞ്ഞത്. ഒരു സാധാരണക്കാരന് ഇങ്ങനെയാകുമോ എന്നുറപ്പില്ല. അതിലും വലിയൊരു കടമ്പയാണ് ഓർഗൺ ഡൊനേഷൻ കമ്മിറ്റിക്ക് മുമ്പിൽ നേരിട്ട് ഹാജരായിട്ടുള്ള അഭിമുഖം. യാതൊരു പ്രതിഫലേച്ഛ കൂടാതെയാണ് വൃക്ക ദാനത്തിന് തയാറാകുന്നതെന്ന് അവർക്ക് ബോധ്യപ്പെടണം. വൈദികനാണെങ്കിലും വൃക്ക ദാനം ചെയ്യുന്നതിന് കുടുംബത്തിന്റെ സമ്മതം വേണം. കൂടാതെ വേണ്ടപ്പെട്ടവർ ഈ കമ്മിറ്റിയുടെ അഭിമുഖത്തിൽ പങ്കെടുക്കണം. 

ഞാൻ എന്റെ അപ്പനോടും അമ്മയോടും മാത്രമാണ് ഇക്കാര്യം പറഞ്ഞത്. സഹോദരങ്ങളോട് പറഞ്ഞില്ല. കമ്മിറ്റിക്ക് മുമ്പിൽ ഹാജരായത് എന്റെ അപ്പനായിരുന്നു. അവർ അപ്പനോടു പറഞ്ഞു, ആയിരത്തിൽ മൂന്നു പേർ ഈ സർജറിക്കു ശേഷം മരിച്ചു പോകാൻ സാധ്യതയുണ്ട് എന്ന്. പക്ഷേ, എന്റെ അപ്പൻ ബോൾഡ് ആയതുകൊണ്ട് അദ്ദേഹം പറഞ്ഞു, 'മരിച്ചു പോകാനാണെങ്കിൽ വെളിയിലേക്കിറങ്ങി വണ്ടി ഇടിച്ചാലും ചാവില്ലേ? സർജറി തന്നെ വേണമെന്നില്ലല്ലോ!' അപ്പോൾ അടുത്ത ചോദ്യമെത്തി. 'മകൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ശരിക്കും അറിയാമോ' എന്ന്. 'കാര്യങ്ങൾ മനസിലാക്കാൻ അവന് അത്യാവശ്യം വിദ്യാഭ്യാസമൊക്കെയുണ്ട്. അവൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ അനുവാദം കൊടുത്തിട്ടു തന്നെയാണ് അവൻ ഇതു ചെയ്യുന്നത്' എന്ന്. അതോടെ കമ്മിറ്റിക്ക് വിശ്വാസമായി. അഭിമുഖത്തിന് ശേഷം കമ്മിറ്റിയിലെ അംഗങ്ങളിൽ ചിലർ എന്നോടു പറഞ്ഞു, അപ്പൻ നല്ല ബോൾഡാണല്ലോ എന്ന്! 

ലഘൂകരിക്കണം ഈ നൂലാമാലകൾ

ലോക വൃക്ക ദിനത്തിൽ സർക്കാരിനോട് ഗായകൻ മാർക്കോസിനും ദാതാവായ ഫാ.കുര്യാക്കോസിനും ഒരു കാര്യമാണ് അഭ്യർത്ഥിക്കാനുള്ളത്. അവയവദാനത്തിലെ നൂലാമാലകളും കാലതാമസവും ഇല്ലാതാക്കണം. 'സർക്കാർ കൂടെയുണ്ടെന്നൊക്കെ പറയാറുണ്ടെങ്കിലും ഒരാളുടെ കാര്യം പോലും നടക്കുന്നില്ല. സ്വീകർത്താവിനെയും ദാതാവിനെയും കുരുക്കുന്ന കുറെ കടമ്പകൾ ഈ പ്രക്രിയയിൽ ഉണ്ട്. ആളുകളെ കുരുക്കുന്ന പല ചോദ്യങ്ങളും ഇതിലുണ്ട്. അത് മൂലം പലർക്കും കൃത്യ സമയത്ത് ട്രാൻസ്പ്ലാന്റ് നടക്കാതെ പോകുന്നു. ജീവൻ വച്ചു കളിക്കുന്നിടത്തും സർക്കാരിന്റെ ഇത്തരം ചുവപ്പുനാട കുരുക്ക് വരുന്നത് കഷ്ടമാണ്. ഒരു ജീവനല്ലേ? ഇത്തരമൊരു രോഗവസ്ഥയിൽ അവർക്ക് എത്രകാലം പിടിച്ചു നിൽക്കാൻ കഴിയും?' മാർക്കോസ് ചോദിക്കുന്നു. 

വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വളരെ ചിലവേറിയതാണ്. നിർധനരായ രോഗികളുടെ കാര്യം വലിയ ബുദ്ധിമുട്ടാണ്. അത്തരം രോഗികളെ പലരും സഹായിച്ചും മറ്റും സർജറി നടക്കും. പക്ഷേ, അതു കഴിഞ്ഞ് അവരെ സഹായിക്കാൻ ആരുമുണ്ടാകാറില്ല. സർജറിയോടെ ചികിത്സ തീരുന്നില്ല. വൃക്ക സ്വീകരിച്ച വ്യക്തി ജീവിതാവസാനം വരെ കൃത്യമായ മരുന്ന് കഴിക്കേണ്ടതുണ്ട്. അതിന് ഭീമമായ തുക ആവശ്യമാണ്. വൃക്ക രോഗികളെ സഹായിക്കാൻ തയാറാകുന്നവർ ഇക്കാര്യം പലപ്പോഴും മറന്നു പോകും. സർജറിയുടെ സമയത്ത് അത്തരം രോഗികൾക്ക് സഹായം ലഭിക്കുമെങ്കിലും പിന്നീട് വരുന്ന മരുന്നിന്റെ ചിലവ് പലരും ശ്രദ്ധിക്കാറില്ല. അങ്ങനെ ദുരിതത്തിലാകുന്ന പല രോഗികളുമുണ്ട്. ഇക്കാര്യത്തിലും സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്," ഫാ കുര്യാക്കോസ് ഓർമപ്പെടുത്തി.   

Content Summary : K.G.Markose about his kidney transplantation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com