ADVERTISEMENT

പ്രായം 61 ആയെങ്കിലും ഇന്നും 17ന്റെ ചെറുപ്പമാണ് ബീനാ കണ്ണന്. ജീവിതത്തിരക്കുകൾക്കിടയിലും കൃത്യമായ ഡയറ്റും വർക്ഔട്ടും യോഗയും ചെയ്ത് ശരീരഭംഗി നിലനിർത്തുന്ന ബീനാ കണ്ണൻ പങ്കുവയ്ക്കുന്നു ആദ്യ ഡയറ്റിങ് അനുഭവവും പ്രസരിപ്പിന്റെ രഹസ്യവും

 

ആദ്യ ഡയറ്റിങ് അനുഭവം ?

 

മൂന്നാമത്തെ പ്രസവം കഴിഞ്ഞു വണ്ണം വച്ചു. പ്രീ മച്വർ ബേബി ആയിരുന്നു. വണ്ണം കുറയ്ക്കുന്നതിനായി അന്ന് രണ്ടു നേരം സൂപ്പ് കഴിക്കും. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി. രാത്രിയിൽ സൂപ്പും പച്ചക്കറികളും. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ മെലിഞ്ഞു. അതായിരുന്നു ആദ്യ ഡയറ്റിങ്. അവരവരുടെ ശരീരത്തോടും മനസ്സിനോടും പൊരുത്തപ്പെട്ടു പോകുന്ന ഡയറ്റ് ആണു തിരഞ്ഞെടുക്കേണ്ടത്. ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ അന്നജം മതി. അതു നമ്മുടെ സാധാരണ ആഹാരത്തിൽ നിന്നു ലഭിക്കുന്നുണ്ട്. അന്നജത്തെ നിയന്ത്രിച്ചാൽ തന്നെ നാം പാതി ജയിച്ചു.

 

ഒഴിവാക്കുന്ന ആഹാരം?

പൂർണമായും ഒഴിവാക്കുന്ന ആഹാരം പഞ്ചസാരയും കാർബോഹൈഡ്രേറ്റുമാണ്. മൈദ കൊണ്ടുള്ള ഭക്ഷണം ഒഴിവാക്കണം എന്നാണു പറയാനുള്ളത്. പീത‌്സ, ബർഗർ, നൂഡിൽസ് എ ന്നിങ്ങനെ... ജങ്ക്ഫൂഡും ഫാസ്‌റ്റ് ഫൂഡും കുറച്ച് വീട്ടിൽ തയാറാക്കുന്ന ആഹാരം കൂടുതലായി കഴിക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അൽപം പഞ്ചസാര കഴിക്കാം. ചായയിലും കാപ്പിയിലും പഞ്ചസാര ഉപേക്ഷിക്കണം. നാം എന്തെങ്കിലും വേണ്ടാ എന്നു വച്ചാൽ കൂടുതൽ കഴിക്കാൻ തോന്നും. അതു കൊണ്ടു കുറച്ചു കഴിച്ച് ആഗ്രഹത്തെ തൃപ്തിപ്പെടുത്തി മുൻപോട്ടു പോവുകയാണു വേണ്ടത്.

 

ആഹാരരീതികളിൽ മാറ്റം വന്നോ?

58 വർഷം പരിപൂർണ വെജിറ്റേറിയനായിരുന്നു. അതിനു ശേഷമാണ് പതിയെ നോൺവെജ് കഴിക്കാൻ ആരംഭിച്ചത്. ഇന്ന് ചിക്കനും മുട്ടയും പ്രോൺസുമെല്ലാം കഴിക്കാറുണ്ട്. നാലു നേരവും അന്നജം ഉള്ള ഭക്ഷണമായിരുന്നു ഞാൻ പരിചയിച്ചിരുന്നത്. രാവിലെ ഇഡ്‌ലിയും പഴവും , ഉച്ചയ്ക്ക് ചോറും പച്ചക്കറികളും ,നാലുമണിക്ക് സേമിയ ഉപ്പുമാവോ,മധുരമുള്ള പൂരിയോ, കൊഴുക്കട്ടയോ ഇലയടയോ. രാത്രി ദോശയും പഴവും. ഇതായിരുന്നു എന്റെ ഡയറ്റ്.

 

61–ാം വയസ്സിൽ ഞാൻ ഒരു നേരം ഭക്ഷണം എന്നതിലേക്കു മാറി. രാത്രി ഒരു നേരം കഴിക്കുക. അതിൽ എനിക്കു വേണ്ടതെല്ലാം ഉൾപ്പെടുത്തുക. കൂടുതൽ പ്രോട്ടീനുള്ള ഒരു ഗ്രീക്ക് യോഗർട്ട് ഉണ്ട്. അതും കഴിക്കാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിനു വേണ്ടി എന്തും കഴിക്കാൻ തയാറാണ്.

 

പ്രസരിപ്പിന്റെ രഹസ്യം എന്താണ്?

എനർജി ലെവൽ ഹൈ ആണെന്നതാണ് പ്രസരിപ്പിന്റെ രഹസ്യം. എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുക, പുതിയ കാര്യങ്ങൾ കണ്ടെത്തുക എന്നതാണ് എനിക്കു പ്രധാനം. ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിഷമം വരും. എനിക്കു വേണ്ടിയോ , എന്റെ ബിസിനസിനു വേണ്ടിയോ, മറ്റുള്ളവർക്കു വേണ്ടിയോ പുതുതായി എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം.

 

സൗന്ദര്യപരിചരണം എങ്ങനെ?

കോവിഡിനു മുൻപ് പാർലറിൽ പോയിരുന്നു. ഫ്രൂട്ട് ഫേഷ്യലുകളൊക്കെ ചെയ്തിരുന്നത്. ഇപ്പോൾ പാർലറിൽ പോകാറില്ല. എന്റെ ചർമത്തിന് ഇപ്പോൾ അതൊന്നും വേണ്ട എന്നാണു തീരുമാനം.

 

നൈറ്റ് റുട്ടീൻ ആയി ക്രീമുകൾ ഉപയോഗിക്കാറുണ്ട്. തലയിൽ പോലും എണ്ണ വയ്ക്കേണ്ട ആവശ്യമില്ല എന്നാണു ഞാൻ മനസ്സിലാക്കിയത്. 30–40 വർഷങ്ങളായി തലയിൽ എണ്ണ വയ്ക്കാറില്ല. കുളിക്കാൻ സോപ്പിനു പകരം ഉപയോഗിക്കുന്നതു പയറുപൊടിയാണ്.

 

ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധ എങ്ങനെ?

ഒന്ന് ഒന്നര വർഷത്തിൽ രക്തപരിശോധനകൾ കൃത്യമായി ചെയ്യാറുണ്ട്. ഡോക്ടറുടെ നിർദേശത്തോടെ പോഷകാഹാരം മെച്ചപ്പെടുത്താറുമുണ്ട്.

കൂടുതൽ വായനയ്ക്ക്

Content Summary : Beena Kannan about her first diet experience and fitness tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com