‘കുടവയറിനെന്താ കുഴപ്പം?’; ഇതൊക്കെ അറിഞ്ഞാൽ ഇനി ഇങ്ങനെ ചോദിക്കേണ്ടി വരില്ല

belly fat
Photo credit : CHIVI SEYFETTIN / Shutterstock.com
SHARE

‘കാഴ്ചക്ക് ഒരു ഭംഗിക്കുറവ്, പ്രായം കൂടുമ്പോൾ ഇത്തിരി കുടവയറൊക്കെ കാണും. അല്ലാതെ കുടവയറുകൊണ്ട് എന്താ കുഴപ്പം?’ എന്നു ചിന്തിക്കുന്ന, ചോദിക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ കുടവയർ ഉണ്ടാക്കുന്നതു സർവത്ര കുഴപ്പം മാത്രമാണ്. നേരിട്ടും അല്ലാതെയും പ്രമേഹം, മുതൽ ഹൃദ്രോഗം, ചിലതരം കാൻസറുകൾ വരെയുള്ള വിവിധ ഗുരുതരാവസ്ഥകളിലേക്കു നയിക്കുന്നതിനു പുറമേ മാനസികാരോഗ്യത്തെപ്പോലും പ്രതികൂലമായി ബാധിക്കും. 

കുടവയർ പ്രത്യക്ഷത്തിൽ തന്നെ ശരീരനിലയെ ബാധിക്കുന്നതിനാൽ നടുവേദന വിട്ടുമാറാത്ത പ്രശ്നമായിമാറും. വലിയ വയറുള്ള ഗർഭിണികൾ നടക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ. അവർ പോലും അറിയാതെ മേൽശരീരം അൽപം പിന്നോട്ടുവളച്ചാണ് നടക്കുന്നത്. വയറുള്ളവരിലും അവർ പോലും അറിയാതെ പിന്നിലേക്ക് ഒരൽപം വളവ് ഉണ്ടാകും. അതായത് നട്ടെല്ലിലെ സ്വാഭാവിക വളവിൽ ഒരു നേരിയ വ്യത്യാസം സംഭവിക്കും. 

നിവർന്നു നിൽക്കുമ്പോൾ ശരീരഭാരം ഒരു നേർരേഖയിൽ പാദങ്ങളുടെ മധ്യഭാഗത്തു കൂടിയാണ് തറയിലേക്ക് എത്തുന്നത്. നാം വളയുകയും കുനിയുകയുമൊക്കെ ചെയ്യുമ്പോഴും ശരീരത്തിന്റെ സന്തുലനം നിലനിർത്താനായി അരക്കെട്ട് മുന്നോട്ടും പിന്നോട്ടും നീക്കിയാണ് ഇതു സാധിക്കുന്നത്. അതിനു കഴിയാതായാൽ നാം നില തെറ്റി വീണുപോകാം. 

വയർ കൂടുന്തോറും ഈ ശരീരഭാര– സന്തുലനരേഖ പാദങ്ങളിൽ തന്നെ നിലനിർത്താനായി നട്ടെല്ലിന്റെ സ്വാഭാവിക വളവിൽ നേരിയ മാറ്റം വരും. വയർ ഒരു സെന്റീമീറ്റർ കൂടിയാൽ പോലും ഈ വളവിൽ മാറ്റം വരുകയും നട്ടെല്ലിന്റെ താഴത്തെ കശേരുക്കളിലും നട്ടെല്ല്, ഇടുപ്പെല്ലുമായി ചേരുന്ന ഭാഗത്തും സമ്മർദം പലമടങ്ങു വർധിക്കുകയും ചെയ്യുന്നു. ഇതാണു പിന്നീട് വേദനയായി മാറുന്നത്. ഇത്തരക്കാരിൽ നടുവേദനയ്ക്ക് എത്ര ചികിത്സിച്ചാലും വയറു കുറയാെത വേദന വിട്ടു പോകില്ല. 

കുടവയറെല്ലാം കുടവയറല്ല

belly fat
Photo Credit : Sirisab / Shutterstock.com

വയറു വീർക്കാനുള്ള കാരണം അഞ്ചു ‘‘F’’ കളാണെന്നു ഫലിതരൂപത്തിൽ പറയാറുണ്ട് (Fat- കൊഴുപ്പ്, Foetus– ഗർഭസ്ഥശിശു, Flatus – അധോവായു, Faeces – മലം & Fluid – ദ്രാവകം), കരൾ, വൃക്ക അല്ലെങ്കിൽ കാൻസർ രോഗങ്ങൾ മൂലം വയറിൽ നീർക്കെട്ടു വരാം. കുടലിലെവിടെയെങ്കിലും തടസ്സമുണ്ടെങ്കിൽ, തടസ്സത്തിനു മുൻപുള്ള ഭാഗം വീർത്തു വയറിൽ പെരുക്കമുണ്ടാക്കാം. ഗര്‍ഭപാത്രത്തിൽ വരുന്ന ഫൈബ്രോയ്ഡ് എന്ന വളർച്ച, അണ്ഡാശയത്തിൽ നീർക്കെട്ടുള്ള സിസ്റ്റുകൾ എന്നിവയും ഉദരത്തിന്റെ വീർപ്പിനു കാരണമായേക്കാം. 

പെട്ടെന്നുള്ളതോ ശരീരം വളരെയധികം ക്ഷീണിച്ചിട്ടുള്ളതോ ആയ വയറു വീർക്കൽ, കാലിൽ നീരോടു കൂടിയതാണെങ്കിൽ പ്രത്യേകിച്ചും വളരെ സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ കണ്ടാല്‍ ഒരു ഡോക്ടറെ നിർബന്ധമായും ഉടൻ കാണണം. 

ഭക്ഷണവും കുടവയറും

belly-fat-food

കുടവയർ രൂപപ്പെടുന്നതിനു ഭക്ഷണത്തിനു വലിയ പങ്കുണ്ട്. പോഷണശാസ്ത്രത്തിലെ ആധുനിക ഗവേഷണങ്ങൾ കുടവയറിന്റെ രൂപപ്പെടലിലേക്കും പുതിയ ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. ഇൻസുലിൻ ഹോർമോൺ ശരീരത്തിലെ ഓരോ പ്രവർത്തനത്തിനും അത്യാവശ്യമാണെങ്കിലും. ഇവയുടെ പ്രവർത്തനവൈകല്യവും അമിതോൽപാദനവും ചില പ്രശ്നങ്ങളുണ്ടാക്കും. അതിന്റെ ഫലമായി രക്തത്തിലുള്ള ഗ്ലൂക്കോസ് എന്ന ഊർജകണികകളെ പേശീകോശങ്ങളിലേക്കു കടത്തിവിടുന്നതിൽ തടസ്സം വരും. ഈ അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്. കുടവയറിന്റെ പ്രധാന കാരണം തന്നെ ഇൻസുലിൻ റെസിസ്റ്റൻസ് ആണ് എന്നതാണു സുപ്രധാന തിരിച്ചറിവ്. 

കുടവയർ രൂപപ്പെടരുതെങ്കിൽ ചുരുക്കത്തിൽ ഇൻസുലിൻ രക്തത്തിൽ അമിത അളവിൽ കാണരുത്. എന്നും പറയാം. ഇൻസുലിൻ അളവു കൂടി കഴിഞ്ഞാൽ അന്നജം ഊർജമായി മാറാതെ കൊഴുപ്പായി മാറും. ഇവ ആദ്യം ചെന്നടിഞ്ഞു കൂടുന്നതു വയറിനു ചുറ്റുമാണ്. ഇതാണു കുടവയറിനു പ്രധാന കാരണം. 

കൊഴുപ്പും വയറും അളക്കാം

belly fat
Photo credit : andriano.cz / Shutterstock.com

ശരീരത്തിലെ കൊഴുപ്പ് അളന്നു മനസ്സിലാക്കാൻ കാലിപ്പർ രീതി മുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്കാനിങ്ങും വരെ ഉണ്ട്. എങ്കിലും കൊഴുപ്പിന്റെ അളവ് അറിയാൻ ഒരു ടേപ്പു മാത്രം മതി. രാവിലെ ആഹാരം കഴിക്കുന്നതിനു മുൻപ് ഒരു മെഷറിങ് ടേപ്പ് പൊക്കിൾ ലെവലിൽ വയറിനു ചുറ്റും പിടിച്ച് അളക്കാം. അളക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. 

∙ശ്വാസം പിടിച്ചു നിൽക്കരുത്.

∙വയർ ഉള്ളിലേക്ക് ചുരുക്കരുത്.

∙ടേപ്പ് ടൈറ്റോ ലൂസോ ആക്കരുത്. 

∙വസ്ത്രങ്ങൾക്കു പുറത്തു കൂടി അളക്കരുത്. 

ഇങ്ങനെ ശ്രദ്ധാപൂർവം എടുക്കുന്ന അരക്കെട്ട് (വെയ്സ്റ്റ്) അളവ് സെന്റിമീറ്ററിൽ രേഖപ്പെടുത്തുക. സ്ത്രീകളിൽ 80 സെ. മീറ്റർ വരെയും പുരുഷന്മാരിൽ 90 സെ. മീറ്റർ വരെയും നോർമൽ ആണെന്നു പറയാം. അതിൽ കൂടുന്തോറും വയർ വലുതായി കുടവയറാകും. 

ആരോഗ്യപ്രശ്നങ്ങളും കൂടും

Untitled-1

അരക്കെട്ടിന്റെ ചുറ്റളവിനെ ഇടുപ്പ് (Hip) ചുറ്റളവുകൊണ്ടു ഹരിക്കുന്നതാണ് വെയ്സ്റ്റ് – ഹിപ് റേഷ്യോ (WHR). അരക്കെട്ടിന്റെ ചുറ്റളവ് ഇടുപ്പിനേക്കാൾ കുറവാകുന്നതാണു നല്ലത്. വെയ്സ്റ്റ് – ഹിപ് റേഷ്യോ സ്ത്രീകളിൽ 0.85 ലും പുരുഷൻമാരിൽ 1 ലും കൂടുതലായാൽ അനാരോഗ്യകരമായ വണ്ണമായി. 

സാധാരണയായി ബേസൽ മെറ്റബോളിക് ഇൻഡക്സും (BMI) വണ്ണം അറിയാൻ ഉപയോഗിക്കും. BMI 25 നു മുകളിലായാല്‍ അമിതവണ്ണവും 30 നു മുകളിൽ പൊണ്ണത്തടിയായും കണക്കാക്കപ്പെടുന്നു.

Content ummary : Belly fat related health problems

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS