ADVERTISEMENT

ആസ്മ, ശ്വാസകോശ രോഗങ്ങള്‍, മെനിഞ്ചൈറ്റിസ്, റൈനിറ്റിസ്, ചില തരം അലര്‍ജികള്‍, ആര്‍ത്രൈറ്റിസ്, ഇൻഫ്ലമേറ്ററി ബവല്‍ രോഗം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെ പല രോഗങ്ങൾക്കും  സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകള്‍ എന്നറിയപ്പെടുന്ന ഈ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകാം. കോവിഡ് കാലഘട്ടത്തില്‍ മ്യൂകോര്‍മൈകോസിസ് ഉള്‍പ്പെടെയുള്ള ഫംഗല്‍ അണുബാധകള്‍ക്ക് പിന്നില്‍ സ്റ്റിറോയ്ഡ് ഉപയോഗമാണെന്ന സംശയം ഉയര്‍ന്നിരുന്നു.

 

നെഞ്ചെരിച്ചില്‍, മൂഡ് മാറ്റം, അമിതമായ വിശപ്പ്, അണുബാധയുണ്ടാകാനുള്ള സാധ്യത, എല്ലുകളുടെ മോശം ആരോഗ്യം, പ്രമേഹം, അമിതവണ്ണം, മുടി കൊഴിച്ചില്‍, ഗ്ലൂക്കോമ, തിമിരം, സ്ലീപ് അപ്നിയ എന്നിങ്ങനെ നീളുന്നു ദീര്‍ഘകാല സ്റ്റിറോയ്ഡ് ഉപയോഗത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍. സ്റ്റിറോയ്ഡുകള്‍ പ്രതിരോധ സംവിധാനത്തെ അമര്‍ത്തി വയ്ക്കുന്നതാണ് പലവിധ അണുബാധകള്‍ക്കുള്ള സാധ്യത വർധിപ്പിക്കുന്നത്. എല്ലുകളിലേക്ക് രക്തമെത്താതെ ഇവിടുത്തെ കോശങ്ങള്‍ നശിക്കുന്ന അവാസ്കുലാര്‍ നെക്രോസിസ് എന്നയവസ്ഥയ്ക്കും സ്റ്റിറോയ്ഡ് കാരണമാകാം. 

 

പലപ്പോഴും ഹ്രസ്വകാലത്തേക്കാണ് സ്റ്റിറോയ്ഡുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതെന്നും രണ്ടോ മൂന്നോ മാസങ്ങളില്‍ കൂടുതലുള്ള ഉപയോഗമാണ് പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാറുള്ളതെന്നും ജസ്ലോക് ആശുപത്രിയിലെ കണ്‍സല്‍ട്ടന്‍റ് പള്‍മനോളജിസ്റ്റ് ഡോ. നിമിഷ് ഷാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദീര്‍ഘകാലത്തേക്ക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ കൂടി എടുക്കണമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

 

∙ കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് തെറാപ്പി ആരംഭിക്കുമ്പോൾ  കുറഞ്ഞ ഡോസില്‍ അവ തുടങ്ങുന്ന കാര്യം ഡോക്ടറുമായി ചര്‍ച്ച ചെയ്യുക. ദിവസവും കഴിക്കാതെ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്റ്റിറോയ്ഡ് കഴിക്കുന്നതിനുള്ള സാധ്യത തേടാം

 

∙ ആസ്മയ്ക്ക് ഇന്‍ഹേല്‍ ചെയ്യുന്ന സ്റ്റിറോയ്ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവ ശ്വാസകോശത്തില്‍ നേരിട്ടെത്തുന്നു.  ഇത് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ സ്റ്റിറോയ്ഡ് എത്താനുള്ള സാധ്യത കുറയ്ക്കുകയും പാര്‍ശ്വഫലങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. 

 

∙ ദീര്‍ഘകാല സ്റ്റിറോയ്ഡ് ഉപയോഗം എല്ലുകളുടെ കനം കുറയുന്ന ഓസ്റ്റിയോപോറോസിസിലേക്ക് നയിക്കാമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ വൈറ്റമിന്‍ ഡി, കാല്‍സ്യം സപ്ലിമെന്‍റുകള്‍ എടുക്കാവുന്നതാണ്. 

 

∙ ശരീരത്തിലെ പ്രകൃതിദത്ത സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് അഡ്രിനാല്‍ ഗ്രന്ഥികളാണ്. ദീര്‍ഘകാലം സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവരില്‍ അഡ്രിനാല്‍ ഗ്രന്ഥികള്‍ വളരെ കുറച്ച് മാത്രമേ സ്റ്റിറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കൂ. അതിനാല്‍ മരുന്ന് പെട്ടെന്ന് നിര്‍ത്തുന്ന അവസ്ഥ അഡ്രിനാല്‍ ഗ്രന്ഥിക്ക് സമ്മര്‍ദ്ധമേറ്റും. ക്ഷീണം, ശരീരവേദന, തല ചുറ്റല്‍ എന്നിവ ഇതിന്‍റെ ഫലമായി ഉണ്ടാകാം. ഇതിനാല്‍ മരുന്ന് നിര്‍ത്തുന്നവര്‍ ക്രമമായി ഡോസേജ് കുറച്ച് കൊണ്ട് വന്ന ശേഷം മാത്രം വേണം നിര്‍ത്താന്‍. 

 

∙ സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍ ഓസ്റ്റിയോപോറോസിസിനും പ്രമേഹത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് ബോണ്‍ സ്കാനും (DEXA ) HbA1c പരിശോധനയും ഇടയ്ക്ക് നടത്തുന്നതും നന്നായിരിക്കും. 

 

∙ സന്തുലിതമായ ഭക്ഷണക്രമവും നിത്യവുമുള്ള വ്യായാമവും സ്റ്റിറോയ്ഡ് പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ ആവശ്യമാണ്.

 

Content Summary : How to Reduce Corticosteroid Side Effects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com