ADVERTISEMENT

സാധാരണ ഗതിയില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്ന ഒന്നാണ് വാഴപ്പഴം. പഴം കഴിച്ചാല്‍ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരുമോ എന്ന ഭയമാണ് ഇതിന് പിന്നില്‍. എന്നാല്‍ അത്രയ്ക്ക് ഭയക്കേണ്ട ഒന്നല്ല പഴമെന്നും നേരവും കാലവും നോക്കി കഴിച്ചാല്‍ പ്രമേഹത്തില്‍ ഇത് സ്വാധീനം ചെലുത്തില്ലെന്നും ഡയറ്റീഷന്മാര്‍ പറയുന്നു. 

 

പഴം കഴിക്കാതിരുന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷണങ്ങളാണ് നഷ്ടമാകുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും പൊട്ടാസ്യം സഹായിക്കും. പക്ഷാഘാതത്തിന്‍റെ സാധ്യത കുറയ്ക്കാനും എല്ലുകളെ ആരോഗ്യത്തോടെ വയ്ക്കാനും വൃക്കയില്‍ കല്ലുകളുണ്ടാകാതിരിക്കാനും പഴത്തിന്‍റെ ഉപയോഗം സഹായിക്കും. പ്രീബയോട്ടിക്സിന്‍റെ സമ്പന്ന  സ്രോതസ്സായ പഴത്തില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സാധാരണ പഞ്ചസാരയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 

എന്നാല്‍ പ്രമേഹ രോഗികള്‍ പഴം കഴിക്കുമ്പോൾ  ചില കാര്യങ്ങളില്‍ കരുതല്‍ വേണമെന്ന് നോയിഡ ഏഷ്യന്‍ ഹോസ്പിറ്റലിലെ ഡയറ്റീഷന്‍ വിഭ ബാജ്പൈ പറയുന്നു. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്സ് അടങ്ങിയതായതിനാല്‍ പഴുത്ത പഴം ഒരു സ്നാക്കായിട്ട് വേണം കഴിക്കാനെന്ന് വിഭ നിര്‍ദ്ദേശിക്കുന്നു. എട്ടരയ്ക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് 11 മണിക്ക് ഒരു പഴമാകാം. അതേ സമയം പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായ ഉപ്പുമാവിനോ പുട്ടിനോ ഒപ്പം പഴുത്ത പഴം കഴിക്കരുത്. 100 ഗ്രാം പഴം ഒരു സ്നാക്കായി കഴിച്ചാല്‍ പഞ്ചസാരയുടെ തോതില്‍ കാര്യമായ വ്യത്യാസം വരില്ലെന്നും വിഭ ചൂണ്ടിക്കാട്ടി.  എന്നാല്‍ പ്രഭാത ഭക്ഷണത്തിനോ, ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒപ്പം പഴം കഴിച്ചാല്‍ ഇവയിലെ കാര്‍ബോഹൈഡ്രേറ്റും പ്രധാന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റും എല്ലാം ചേര്‍ന്ന് ഗ്ലൂക്കോസ് തോത് ഉയര്‍ത്തും. 

 

പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുന്നവര്‍ക്ക് ഒരു ചെറു പഴം സ്നാക്കായി കഴിക്കാം. പഴുക്കാത്ത പഴം പച്ചക്കറിയായി പരിഗണിച്ച് കറി വച്ചോ മെഴുക്ക് പുരട്ടി വച്ചോ ഒക്കെ കഴിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നും ഡയറ്റീഷന്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary : Are Bananas Good For Diabetes Patients?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com