‘ദസ്‍വി’ക്കു വേണ്ടി 15 കിലോ കൂട്ടി, നേരിട്ടത് കടുത്ത ബോഡി ഷെയ്മിങ്; അനാവശ്യ പ്രതികരണം നടത്തുന്നവരോട് നടി നിമ്രത് പറയുന്നു

nimrat kaur
Photo Credit: Instagram
SHARE

കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി താരങ്ങൾക്ക് പലപ്പോഴും ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ വേണ്ടി വന്നേക്കാം. ഇവയാകട്ടെ, അതിരുവിട്ട ബോഡി ഷെയ്മിങ്ങിലേക്കും ചിലപ്പോൾ എത്താറുണ്ട്.  ഇപ്പോൾ ‘ദസ്‍വി’ എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം കൂട്ടിയപ്പോഴുണ്ടായ ബോഡി ഷെയ്മിങ് അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി നിമ്രത് കൗർ.

ശരീരഭാരം കൂടിയതിന്റെയും കുറച്ചതിന്റെയും ചിത്രങ്ങളുൾപ്പെടുത്തി ഹൃദയസ്പർശിയായ ഒരു കുറിപ്പ് നടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ‘എന്റെ ആയിരം വാക്കുകൾക്കായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക, ഈ ചിത്രം സംസാരിക്കില്ല എന്ന ക്യാപ്ഷനോടെ പറയാനുള്ള കാര്യങ്ങൾ സ്ക്രീൻഷോട്ടുകളാക്കിയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

" സാധാരണ ശരീരപ്രകൃതിയുള്ള എനിക്ക് ദാസ്‌വി എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം കൂട്ടേണ്ടി വന്നു.  യഥാർഥ നിമ്രത്തിൽ നിന്ന് കഴിയുന്നത്ര തിരിച്ചറിയാൻ കഴിയാത്തതും ശാരീരികമായി വ്യത്യസ്തവുമായിരിക്കുന്ന കഥാപാത്രമായിരുന്നു വേണ്ടിയിരുന്നത്. എത്ര കിലോ കൂട്ടണമെന്നൊന്നും മനസ്സിൽ ഇല്ലായിരുന്നു, പക്ഷേ ആഗ്രഹിച്ച വിഷ്വൽ ഇംപാക്റ്റ് നേടാനുള്ള ശ്രമത്തിനൊടുവിൽ, എന്റെ സാധാരണ ശരീരഭാരത്തിൽ നിന്ന് 15 കിലോയ്ക്ക് മുകളിൽ ഞാൻ കൂട്ടിയിരുന്നു. ഇതെങ്ങനെ യാഥാർഥ്യമാക്കുമെന്ന ചിന്താക്കുഴപ്പം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും  പ്രിയപ്പെട്ടവരുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ട് ബിംല ആകാനുള്ള തയാറെടുപ്പ് ഞാനും ആസ്വദിക്കാൻ തുടങ്ങി", നിമ്രത് കുറിച്ചു. 

എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ എന്തഭിപ്രായവും പറയാന്‍ അവകാശമുണ്ടെന്ന് കരുതുന്ന സമൂഹത്തില്‍ കഥാപാത്രത്തിന് വേണ്ടിയുള്ള ഈ പരകായപ്രവേശനം അത്ര എളുപ്പമല്ലായിരുന്നെന്നും നിമ്രത് കൂട്ടിച്ചേര്‍ത്തു. "കാലറി കൂടിയ ഭക്ഷണം ഞാൻ കഴിക്കുന്നതു കാണുമ്പോൾ  അത് തെറ്റാണെന്ന് അഭിപ്രായം പാസ്സാക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ചിലര്‍ക്ക് തോന്നി. വിലകുറഞ്ഞ അഭിപ്രായപ്രകടനത്തിന്‍റെയും അനാവശ്യമായ തമാശയുടെയും ഞാന്‍ ആസ്വദിച്ച് കഴിച്ച് കൊണ്ടിരിക്കുന്ന മധുരത്തിന് പകരം എന്ത് കഴിക്കണമെന്ന അനൗചിത്യപരമായ ഉപദേശങ്ങളുടെയുമൊക്കെ രൂപത്തിലാണ് ഇത് പുറത്ത് വന്നത്. വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിനും വലിഞ്ഞു കേറി അധികാരം സ്ഥാപിക്കലിനുമുള്ള അവസരമായാണ് പലരും ഇതിനെ എടുത്തത് ", നിമ്രത് ചൂണ്ടിക്കാട്ടി. 

ഇതെന്തിന് ചെയ്യുന്നു എന്ന വിശദീകരണമൊന്നും മനപൂര്‍വം തന്നെ താന്‍ ഇത്തരക്കാര്‍ക്ക് നല്‍കിയില്ലെന്നും നടി പറയുന്നു. പക്ഷേ, തന്‍റെ സാധാരണയിലും വലുപ്പമുള്ള ശരീരത്തയോ ഭക്ഷണക്രമത്തെയോ അവര്‍ക്ക് ഇടപെടാന്‍ അവകാശമുള്ള കാര്യമാക്കി ആളുകള്‍ എടുത്തതായും നിമ്രത് നിരീക്ഷിക്കുന്നു. " അസുഖം കൊണ്ടോ ചില മരുന്നുകള്‍ കൊണ്ടോ ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ കൊണ്ടോ സമൂഹത്തില്‍ പലരും തടിച്ചെന്ന് വരാം. ഇനി ഇതൊന്നുമല്ലെങ്കിലും തങ്ങളുടെ വലുപ്പത്തെ ഒന്നും കാര്യമാക്കാതെ ഇഷ്ടമുള്ളതൊക്കെ കഴിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടാകാം.  ഇങ്ങനെയൊക്കെയുള്ളപ്പോള്‍ ഒരാള്‍ എന്തു കഴിക്കണം, എന്തു കഴിക്കണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുള്ളതാണ്. അതിൽ മറ്റാരുടെയും ഉപദേശം അവശ്യമില്ല. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയാതെ സ്വന്തം കാര്യം നോക്കി നടക്കുകയാണ് ജനങ്ങള്‍ വേണ്ടത്. ഇതില്‍ യാതൊരു ഒത്തുതീര്‍പ്പും സാധ്യമല്ല", നിമ്രത് കൂട്ടിച്ചേര്‍ത്തു. 

അവനവനോടുള്ള, അവനവന്‍റെ ശരീരത്തോടോ മനസ്സിനോടോ ഉള്ള ഒരാളുടെ ബന്ധത്തെ നിര്‍ണയിക്കാന്‍ പുറത്ത് നിന്ന് ഒരാളെയും അനുദവിക്കരുതെന്ന് ഇതിലൂടെ താന്‍ പഠിച്ചതായും നിമ്രത് കുറിച്ചു. കൂടുതല്‍ ശ്രദ്ധയും സംവേദനത്വവും തന്മയീഭാവവുമുള്ളവരായി തീരാന്‍ നമുക്ക് സാധിക്കണമെന്നും അതിനു വേണ്ടിയാണ് ഈ കുറിപ്പ് പങ്കുവച്ചതെന്നും ദസ്‍വി  താരം കൂട്ടിച്ചേര്‍ത്തു. ഈ തന്മയീഭാവവും സംവേദനത്വവും നമ്മുടെയെല്ലാം സങ്കുചിതമായ വാര്‍പ്പുമാതൃകകളില്‍ ഒതുങ്ങാത്തവരോട് പ്രത്യേകിച്ചും ആവശ്യമാണെന്നും നിമ്രത് ഓര്‍മിപ്പിക്കുന്നു. കറുത്തവരോ, മെലിഞ്ഞവരോ, ഉയരം കുറഞ്ഞവോ, തടിച്ചവരോ, നമ്മുടെ അഴകളവുകളുടെ വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ ഒതുങ്ങാത്തവരോ ആയ നിരവധി പേരുണ്ടാകാം. അവര്‍ പറയുന്നതും നിരീക്ഷിക്കുന്നതുമായ എല്ലാം അവരുടെ മനസ്സിന്‍റെ പ്രതിഫലനമാണെന്ന് അംഗീകരിക്കണമെന്നും നിമ്രത് ആവശ്യപ്പെട്ടു. 

കൂടുതല്‍ കരുണയുള്ളവരും സംവേദനശീലരും പ്രീതിപ്രദായകരുമാകാന്‍ ചുറ്റുമുള്ളവരോട് ആവശ്യപ്പെട്ട് കൊണ്ട് നിമ്രത് കുറിപ്പ് അവസാനിപ്പിക്കുന്നു. "ഒരാളുടെ ദിവസം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മളെ കൊണ്ട് പറ്റിയില്ലെങ്കിലും കുഴപ്പമില്ല. അത് കൂടുതല്‍ മോശമാക്കാതെ ഇരുന്നാല്‍ മതി. ഉത്തരവാദിത്തത്തോടെ പെരുമാറുക. നിങ്ങളുടെ ശരീരവും മനസ്സും നിങ്ങളുടെ മാത്രം കാര്യമാണ്. മറ്റൊരാള്‍ക്കും അതില്‍ ഒന്നും പറയേണ്ട കാര്യമില്ല", നിമ്രത് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.

Content Summary : Nimrat Kaur shares her body shaming experience

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA