ADVERTISEMENT

ചോദ്യം : ഡോക്ടർ ഞാൻ അഞ്ചു മാസം ഗർഭിണിയാണ്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഗർഭം ധരിച്ചത്. പരിശോധനയിൽ കുഞ്ഞിന്റെ ആരോഗ്യവും തൂക്കവും എല്ലാം ശരിയായ വിധത്തിലാണ്. ഗർഭിണിയായ ശേഷം എന്റെ തൂക്കം കാര്യമായി കൂടിയിട്ടില്ല. ഇതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

 

ഉത്തരം : ഗർഭകാലത്തിന്റെ ആദ്യമാസങ്ങളിൽ ശരീരഭാരത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ഛർദി പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ശരീരഭാരം കുറയാം. ഗർഭകാലത്ത് എട്ടു മുതൽ 12 കിലോ വരെ ഭാരം വർധിക്കാം. കുഞ്ഞ്, മറുപിള്ള, കുഞ്ഞു കിടക്കുന്ന അംനിയോട്ടിക് ഫ്ലൂയിഡ് എന്നീ ഘടകങ്ങളാണ് ഭാരം കൂട്ടുന്നത്. അമ്മയുടെ ശരീരത്തിൽ തന്നെയുണ്ടാകുന്ന മറ്റ് വ്യതിയാനങ്ങളും കാരണമാണ്. അമിതമായി ഭാരം വർധിക്കുന്നതു മൂലം രക്തസമ്മർദം, പ്രമേഹം തുടങ്ങിയ സങ്കീർണതകളും ഭാരം വേണ്ടത്ര വർധിക്കുന്നില്ലെങ്കിൽ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് വളർച്ചക്കുറവ് തുടങ്ങിയ സങ്കീർണതകളും ഉണ്ടാകാം. എന്നാൽ, നിങ്ങളുടെ കേസിൽ അഞ്ചാം മാസത്തിൽ ശരീരഭാരം കാര്യമായി കൂടിയില്ല. ഇനി വരുന്ന മാസങ്ങളിലാണ് ഭാരം കൂടുക. 

 

സ്കാനിങ്ങിൽ കുഞ്ഞിന് ആവശ്യമായ വളർച്ച ഉണ്ടെന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. ഗർഭാവസ്ഥയിൽ സാധാരണ കഴിക്കുന്ന ഭക്ഷണത്തെക്കാൾ  300–350 കാലറി ഭക്ഷണം അധികം കഴിക്കണം. പോഷകസമ്പുഷ്ടമായ പാൽ, മുട്ട, ഇലക്കറികൾ തുടങ്ങിയവ നിർബന്ധമായും കഴിക്കണം. ഒരാളുടെ ബോഡി മാസ് ഇന്‍ഡക്സിന്റെ (ബിഎംഐ) അടിസ്ഥാനത്തിലാണ് ശരീരഭാരം എത്ര കൂടാം എന്നു കണക്കാക്കുന്നത്. ഗർഭിണിയാകുന്നതിന് മുൻപ് ബിഎംഐ 18 ൽ താഴെയാണെങ്കിൽ ഈ സമയത്ത് 13 മുതൽ 18 വരെ ശരീരഭാരം വർധിപ്പിക്കാവുന്നതാണ്. ബിഎംഐ 18 നും 23 നും ഇടയിലാണെങ്കിൽ 11–12 കിലോ ഭാരം കൂടാം. ബിഎംഐ 23 ന് മുകളിലാണെങ്കിൽ ആറു മുതൽ ഒൻപതു കിലോഗ്രാം വരെ മാത്രമേ ഭാരം കൂടാവൂ. ഡയറ്റീഷ്യനെ കണ്ട് വേണ്ട നിർദേശങ്ങൾ സ്വീകരിക്കുക. 

 

Content Summary : Not Gaining Enough Weight During Pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com