ADVERTISEMENT

രക്തത്തില്‍ കാണുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്ട്രോള്‍. ആരോഗ്യകരമായ കോശങ്ങള്‍ നിര്‍മിക്കാന്‍ ഇവ ശരീരത്തെ സഹായിക്കുന്നു. എന്നാല്‍ കൊളസ്ട്രോളിന്‍റെ തോത് ശരീരത്തില്‍ വര്‍ധിച്ചു കഴിഞ്ഞാല്‍ അവ കൊഴുപ്പിന്‍റെ രൂപത്തില്‍ രക്തക്കുഴലുകളില്‍ അടിയുകയും ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ പല സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. 

 

എല്ലാത്തരം കൊളസ്ട്രോളും ശരീരത്തിന് ഹാനീകരമല്ല. ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) എന്ന് പേരുള്ള ചീത്ത കൊളസ്ട്രോള്‍ ആണ് ഇവിടെ വില്ലന്‍. എല്‍ഡിഎല്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഇടയ്ക്കിടെ രക്തപരിശോധന നടത്തി അവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ കൊളസ്ട്രോള്‍ പരിശോധന ഒന്‍പത് വയസ്സിനും 11 വയസ്സിനും ഇടയില്‍ നടത്തേണ്ടതാണ്. ഇതിന് ശേഷം ഓരോ അഞ്ച് വര്‍ഷവും ഇത് ആവര്‍ത്തിക്കണം. 45-65 പ്രായവിഭാഗത്തിലുള്ള പുരുഷന്മാരും 55-65 പ്രായവിഭാഗത്തിലുള്ള സ്ത്രീകളും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോൾ  കൊളസ്ട്രോള്‍ പരിശോധിക്കണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിക്കുന്നു. 65 വയസ്സിന് മുകളിലുള്ളവര്‍ ഓരോ വര്‍ഷവും കൃത്യമായ കൊളസ്ട്രോള്‍ പരിശോധന നടത്തണം. 

 

കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുള്ളവരും, പുകവലി, അമിതവണ്ണം, പ്രമേഹം തുടങ്ങിയവ ഉള്ളവരും കൂടുതല്‍ തവണ കൊളസ്ട്രോള്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. രക്തപരിശോധനയ്ക്ക് പുറമേ കൊളസ്ട്രോള്‍ കണ്ടെത്താന്‍ ശരീരം നല്‍കുന്ന ചില സൂചനകളും സഹായകമാണ്. 

 

1. കാലുകളിലെ മരവിപ്പ്

കാലുകളിലും പാദങ്ങളിലും മരവിപ്പ് അനുഭവപ്പെടുന്നത് കൊളസ്ട്രോള്‍ തോത് ഉയരുന്നതിന്‍റെ ലക്ഷണമാണ്. കൊളസ്ട്രോള്‍ രക്തധമനികളിലും നാഡീഞരമ്പുകളിലും കെട്ടികിടന്ന് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുമ്പോൾ  ഓക്സി‍ജന്‍ അടങ്ങിയ രക്തം ശരിയായ തോതില്‍ കാലുകളിലേക്കും പാദങ്ങളിലേക്കും എത്താതിരിക്കും. ഇത് മരവിപ്പിനും വേദനയ്ക്കും അസ്വസ്ഥതയ്ക്കും പേശി വേദനയ്ക്കും തണുത്ത കാലുകള്‍ക്കും ഉണങ്ങാത്ത മുറിവുകള്‍ക്കുമെല്ലാം കാരണമാകും. 

 

2. മങ്ങിയ നഖങ്ങള്‍

കൊളസ്ട്രോള്‍ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നത് നഖങ്ങളിലേക്കും ആവശ്യത്തിന് രക്തമെത്താത്ത അവസ്ഥയുണ്ടാക്കും. ഇതിന്‍റെ ഫലമായി നഖങ്ങള്‍ മങ്ങുകയും അവയില്‍ ഇരുണ്ട വരകള്‍ പ്രത്യക്ഷമാകുകയും ചെയ്യും. നേര്‍ത്ത ചുവപ്പോ ചുവപ്പ് കലര്‍ന്ന തവിട്ട് നിറത്തിലോ നഖത്തിനടിയിൽ നഖം വളരുന്നതിന്‍റെ ദിശയിലാകും ഇവ പലപ്പോഴും പ്രത്യക്ഷപ്പെടുക. 

 

3. ഹൃദയാഘാതവും പക്ഷാഘാതവും

കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. 

 

ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും മരുന്നുകളിലൂടെയും കൊളസ്ട്രോള്‍ തോത് വരുതിയില്‍ നിര്‍ത്താന്‍ സാധിക്കും. മദ്യപാനവും പുകവലിയും ഇതിനായി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഭക്ഷണക്രമവും പിന്തുടരണം. നിത്യവുമുള്ള വ്യായാമവും ആരോഗ്യകരമായ തോതിലുള്ള ശരീരഭാരവും കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായിക്കും.

Content Summary : High cholesterol and symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com