ADVERTISEMENT

ഹൃദയാരോഗ്യത്തിനു വേണ്ടി പാലിക്കേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് നല്ല ഉറക്കം കൂടി ചേര്‍ത്ത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍. ആരോഗ്യകരമായ ശരീരഭാരം, പുകവലി ഇല്ലായ്മ, ശാരീരികമായി സജീവമായിരിക്കല്‍, ആരോഗ്യകരമായ ഭക്ഷണക്രമം, രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസായുടെയും നിയന്ത്രണം എന്നിവയായിരുന്നു മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി അസോസിയേഷന്‍ മുൻപ് നിര്‍ദ്ദേശിച്ച ഏഴ് ഘടകങ്ങള്‍. ഈ പട്ടികയിലേക്കാണ് ഉറക്കത്തിന്‍റെ നിലവാരവും ഇപ്പോള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 

 

ജീവിതത്തിന്‍റെ 8 അവശ്യ ഘടകങ്ങള്‍ എന്ന അർഥത്തിൽ ലൈഫ്സ് എസന്‍ഷ്യല്‍ 8 എന്നാണ് ഈ ഘടകങ്ങളെ വിളിക്കുന്നത്. മുതിര്‍ന്നവര്‍ ശരാശരി ഏഴ് മുതല്‍ ഒന്‍പത് വരെ മണിക്കൂര്‍ രാത്രി ഉറങ്ങണമെന്നും കുട്ടികളുടെ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും അസോസിയേഷന്‍റെ പുതിയ മാര്‍ഗ്ഗരേഖ പറയുന്നു. ഉറക്കം കുറയുന്നതും അമിതമാകുന്നതും ഹൃദയാരോഗ്യത്തിന് വിനയാകുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു. ഉറക്കത്തിന്‍റെ നിലവാരമില്ലായ്മ മറ്റ് ഏഴു ഘടകങ്ങളെയും ബാധിക്കാമെന്നും പുതിയ മാര്‍ഗ്ഗരേഖ വ്യക്തമാക്കി.  

 

2010 ല്‍ അസോസിയേഷന്‍ പ്രസിഡന്‍റും ഹൃദ്രോഗ വിദഗ്ധനും ഷിക്കാഗോ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഫെയ്ന്‍ബര്‍ഗ് സ്കൂള്‍ ഓഫ് മെഡിസിനിലെ ചെയര്‍ ഓഫ് പ്രിവന്‍റീവ് മെഡിസിനുമായ ഡോ. ലോയ്ഡ് ജോണ്‍സാണ് ഹൃദയാരോഗ്യത്തിന് ആവശ്യമായ ഏഴ് ഘടകങ്ങള്‍ നിര്‍‍ദ്ദേശിച്ചത്. ഉറക്കത്തിന്‍റെ പ്രാധാന്യം അന്നും വ്യക്തമായിരുന്നെങ്കിലും ദേശീയ ഡേറ്റാബേസുകളില്‍ അതിന്റെ വിശദവിവരങ്ങള്‍  ലഭ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ, ഉറക്കത്തിന് എങ്ങനെ സ്കോര്‍ നല്‍കണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരുന്നതായി ഡോ. ലോയ്ഡ് ജോണ്‍സ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ ഹൃദയാരോഗ്യത്തിന്‍റെ ഭാഗമാണ് ഉറക്കമെന്ന കാര്യത്തില്‍ ശാസ്ത്രം ആവശ്യമായ തെളിവുകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

പുകവലിയുടെ കാര്യത്തില്‍ പഴയ മാര്‍ഗ്ഗരേഖ പരമ്പരാഗതമായ പുകവലി മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ മാര്‍ഗ്ഗരേഖ ഇതിലേക്ക് നിക്കോട്ടീന്‍ ഉപയോഗവും ഇ-സിഗരറ്റ് ഉപയോഗവും പുകവലിക്കുന്നവര്‍ക്ക് അടുത്ത് നില്‍ക്കുന്നവര്‍ക്ക് വരുന്ന സെക്കന്‍ഡറി സ്മോക്കിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം കൃത്യമായ സ്കോറിങ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ സമ്മർദം പോലുള്ള ഘടകങ്ങള്‍ എസന്‍ഷ്യല്‍ 8ല്‍ ഉള്‍പ്പെടുത്താന്‍ അസോസിയേഷന് സാധിച്ചിട്ടില്ല.

 

Content Summary : American Heart Association adds sleep to cardiovascular health checklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com