ADVERTISEMENT

കർക്കടകത്തിലെ ആയുർവേദ ചികിത്സയിൽ പ്രധാനപ്പെട്ട ഒന്നാണ് ഇലക്കിഴി. വിവിധതരം ആർത്രൈറ്റിസ്, സ്പോണ്ടിലൈറ്റിസ്, നടുവേദന, കായികപരിശീലത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കും പ്രത്യേകിച്ച് സന്ധി വേദനകൾക്കും ഇലക്കിഴി വളരെ ഫലപ്രദമാണ്. കൃത്യമായ രീതിയിൽ കിഴി തയാറാക്കുന്നതും അതിലുപയോഗിക്കുന്ന മരുന്നുകളും രോഗശമനത്തിന് സഹായിക്കുന്നു. സാധാരണരീതിയിൽ ഒരു കിഴി തയാറാക്കാൻ വേണ്ടത് വേപ്പെണ്ണ, ആവണ്ണക്കെണ്ണ,  ഇന്തുപ്പ്, നാരങ്ങ, തേങ്ങ, ശതകുപ്പ പൊടി, മഞ്ഞൾപ്പൊടി, കോലകുലത്ഥം ചൂർണം, കിഴി ചെയ്യുന്നതിനാവശ്യമായ ഇലകൾ തുടങ്ങിയവയാണ്. 

 

വേപ്പെണ്ണയും ആവണ്ണക്കെണ്ണയും ചേർത്തെടുത്ത് ചൂടാക്കുക. ഇതിലേക്ക് ഇന്തുപ്പ് പൊടി ചേർത്തുകൊടുക്കണം. ഇതിട്ട് ചൂടായിക്കഴിയുമ്പോൾ നാലായി കീറിവച്ചിരിക്കുന്ന  നാരങ്ങ ചേർത്ത് പച്ചപ്പ് മാറുന്നതുവരെ വരട്ടുക. ശേഷം തേങ്ങ ചിരകിയത് ചേർത്ത് ഇളക്കാം. തുടർന്ന് ശതകുപ്പ പൊടി, മഞ്ഞൾപ്പൊടി, കോലകുലത്ഥം തുടങ്ങി യുക്തമായ പൊടികൾ േചർക്കണം. ഇതിലേക്ക് ചെറുതായി നുറുക്കിവച്ചിരിക്കുന്ന ആവണക്കില, എരിക്കില, കരിനെച്ചിഇല, പുളിയില, മുരിങ്ങഇല തുടങ്ങി അനുയോജ്യമായ ഇലകൾ ചേർത്ത് കിഴി തയാറാക്കാം. രോഗാവസ്ഥകളനുസരിച്ച് ചേർക്കുന്ന ഇലകളിലും വ്യത്യാസം വരു്തതാം. നടുവേദനയുള്ളവർക്ക് കിഴി ചെയ്യുമ്പോൾ കരിനെച്ചി ഇല കൂടുതലായി ഉപയോഗിക്കാം.

 

കിഴി ഒരു രോഗിയിൽ ചെയ്യുന്നതിനു മുൻപും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.  കിഴി ചെയ്യുന്നതിനു മുൻപ് ആദ്യം തലയിൽ തളം വയ്ക്കണം. നിമ്പാമൃതാദി ആവണക്കെണ്ണയും രാസ്നാദി പൊടിയും ചേർത്തുള്ള തളം വയ്ക്കാവുന്നതാണ്.

 

കിഴിയുടെ ചൂട് തലയിലേക്ക് ഏൽക്കാതിരിക്കാനും തലനീരിറക്കം ഉണ്ടാകാതിരിക്കാനുമാണ് ആദ്യമേതന്നെ തളം വയ്ക്കുന്നത്. കഴുത്തു വേദന, തലവേദന തുടങ്ങിയവയിൽ നിന്ന് ആശ്വാസം ലഭിക്കാനും ഇതു സഹായിക്കും. ശേഷം ശിരോ അഭ്യംഗം അതായത് തലയിൽ എണ്ണ തേപ്പിക്കണം .തുടർന്ന് ദേഹം മുഴുവൻ എണ്ണ തേച്ച് മസാജ് ചെയ്യും.

 

യുക്തമായ എണ്ണയിൽ മുക്കിയാണ് കിഴികുത്തുന്നത്. സന്ധികളിൽ റൗണ്ട് ചെയ്ത് റൊട്ടേഷൻ രീതിയിലാണ് കിഴി കുത്തേണ്ടത്. നട്ടെല്ലിന്റെ ഭാഗത്ത് കിഴികുത്തുമ്പോൾ ഒരുപാട് മർദം കൊടുക്കാൻ പാടില്ല. 

 

കർക്കടക മാസത്തിൽ മാത്രമേ കിഴി ചെയ്യാവൂ എന്നില്ല. രോഗാവസ്ഥയ്ക്കനുസരിച്ച് അനുയോജ്യമായ കിഴി ചികിത്സ ഏതു സമയത്തു വേണമെങ്കിലും വൈദ്യനിർദേശ പ്രകാരം ചെയ്യാവുന്നതാണ്.

Content Summary: Ila kizhi Chikithsa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com