ADVERTISEMENT

പുരുഷന്മാരെ അപേക്ഷിച്ച് പൊതുവേ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാരേക്കാൾ രോഗങ്ങള്‍ കൂടുതല്‍ വരുന്നതും സ്ത്രീകള്‍ക്കു തന്നെയാണ്. പുരുഷന്മാര്‍ക്കു വരുന്ന രോഗങ്ങള്‍ പലപ്പോഴും അവരുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുമ്പോൾ  ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ തങ്ങളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് സ്ത്രീകള്‍ക്ക് വരാറുള്ളതെന്ന് ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

 

പിഗ്മെന്‍റഡ് കരോട്ടിനോയ്ഡുകള്‍ അടങ്ങിയ ചേന, കെയ്ല്‍, ചീര, തണ്ണിമത്തന്‍, കാപ്സിക്കം, തക്കാളി, ഓറഞ്ച്, കാരറ്റ് എന്നിവ സ്ത്രീകള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ധാരണാശേഷിയിലും കാഴ്ചശക്തിയിലും ഉണ്ടാകുന്ന കുറവിനെ നിയന്ത്രിക്കാന്‍ ഈ കടുംവര്‍ണ പഴങ്ങളും പച്ചക്കറികളും സഹായിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

 

സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബില്ലി ആര്‍. ഹാമണ്ട് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ കൂടുതലായും വരാറുണ്ട്. കാഴ്ചയെ ബാധിക്കുന്ന മാക്കുലര്‍ ഡീജനറേഷന്‍ എന്ന രോഗവും ഡിമന്‍ഷ്യ എന്ന മറവി രോഗവും വരുന്നവരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണെന്നും ബില്ലി ചൂണ്ടിക്കാണിക്കുന്നു. ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ 80 ശതമാനവും സ്ത്രീകളെയാണ് ബാധിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

സ്ത്രീകളുടെ ശരീരത്തില്‍ വൈറ്റമിനുകളും ധാതുക്കളും ശേഖരിക്കപ്പെടുന്ന രീതിയാണ് ഇതിന്റെ കാരണമെന്ന് പഠനത്തില്‍ കണ്ടെത്തി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ശരീരത്തിലെ കൊഴുപ്പ് കൂടുതലുണ്ടാകും. ഇത് ഡയറ്ററി വൈറ്റമിനുകളും ധാതുക്കളും ശേഖരിച്ച് വയ്ക്കാനും ഗര്‍ഭകാലത്തും മറ്റും ഉപയോഗപ്പെടുത്താനും സ്ത്രീകളെ സഹായിക്കും. അതേ സമയം ഈ പോഷണങ്ങള്‍ കണ്ണുകളിലും തലച്ചോറിലും ലഭിക്കാത്ത അവസ്ഥയും ഇത് മൂലം ഉണ്ടാകും. ഇതാണ് നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതലായി ഉണ്ടാകാന്‍ കാരണമായി ഗവേഷകര്‍ പറയുന്നത്. 

 

ഇവിടെയാണ് ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള, നിറമുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രാധാന്യം. ല്യൂടെയ്ന്‍, സിയാസാന്തിന്‍ പോലുളള കരോട്ടിനോയ്ഡുകള്‍ കേന്ദ്ര നാഡീവ്യൂഹ വ്യവസ്ഥയുടെ നാശത്തെ ലഘൂകരിക്കുന്നു. സപ്ലിമെന്‍റുകളായി കരോട്ടിനോയ്ഡുകള്‍ എടുക്കാമെങ്കിലും ഭക്ഷണത്തിലൂടെ അവ ലഭിക്കുന്നതാണ് നല്ലതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Summary: Women Should Eat More Bright-Colored Fruits And Vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com