ADVERTISEMENT

കണങ്കാലിലോ കാലുകളിലോ ഇടയ്ക്കിടെ നീര് വയ്ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? ഈ നീര് തനിയെ പോകുമെങ്കില്‍ കുഴപ്പമില്ല. പക്ഷേ, നീണ്ടു നിന്നാല്‍ ഹൃദ്രോഗം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം ഇത്. കണങ്കാലിലും കാലുകളിലും പാദങ്ങളിലുമൊക്കെ നീര് കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് ഒ‍ഡീമ എന്നാണ് പറയുന്നത്. 

 

പല കാരണങ്ങള്‍ ഒഡീമയിലേക്ക് നയിക്കാം. കണങ്കാലിലെ നീര് ഇനി പറയുന്ന രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

 

ഹൃദയസ്തംഭനം

ഹൃദയം കാര്യക്ഷമമായി രക്തം പമ്പ്  ചെയ്യാതിരിക്കുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. രക്തയോട്ടം കുറയുന്നതോടെ കാലുകളിലും കണങ്കാലിലുമൊക്കെ ചില ദ്രാവകങ്ങള്‍ കെട്ടിക്കിടന്ന് ഇവ നീരു വയ്ക്കും. 

 

രക്തം കട്ടപിടിക്കല്‍

കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയെ ഡീപ് വെയ്ന്‍ ത്രോംബോസിസ് എന്ന് വിളിക്കുന്നു. അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള രോഗാവസ്ഥയാണ് ഇത്. ഇതിന്‍റെ ലക്ഷണങ്ങളിലൊന്ന് കണങ്കാലുകളിലുള്ള നീരാണ്. 

 

പ്രീക്ലാംപ്സിയ

ഗര്‍ഭകാലത്തിന്‍റെ ആറാം മാസമോ ഒന്‍പതാം മാസമോ വരുന്ന അപകടകരമായ ഒരു അവസ്ഥയാണ് പ്രീക്ലാംപ്സിയ. ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രത്തിലെ ഉയര്‍ന്ന പ്രോട്ടീനുമാണ് ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍. ഒഡീമ, തലവേദന, കാഴ്ചപ്രശ്നം, ഭാരവര്‍ധന തുടങ്ങിയ പ്രശ്നങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. ഗര്‍ഭകാലത്തെ പ്രീക്ലാംപ്സിയ ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെയും ബാധിക്കാം. 

 

വിട്ടുമാറാത്ത വൃക്കരോഗം

വൃക്കകളുടെ പ്രവര്‍ത്തനം പതിയെ പതിയെ മന്ദഗതിയിലാകുന്ന സാഹചര്യത്തെയാണ് ക്രോണിക് കിഡ്നി ഡിസീസ് എന്ന് പറയുന്നത്. ഇത് ഒടുവില്‍ വൃക്ക സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. വൃക്കരോഗികളിലും കണങ്കാലുകളില്‍ നീര് വയ്ക്കാറുണ്ട്. ഇതിന് പുറമേ ഹൈപ്പര്‍ ടെന്‍ഷന്‍, കുറഞ്ഞ മൂത്രത്തിന്‍റെ അളവ്, ക്ഷീണം, മൂത്രത്തില്‍ രക്തം, മൂത്രത്തിന് കടുത്ത നിറം, വിശപ്പില്ലായ്മ, ചര്‍മത്തിന് ചൊറിച്ചില്‍, വിളര്‍ച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാണ്. 

 

ഹൈപോതൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ധി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. കണങ്കാലില്‍ നീര് വയ്ക്കുന്നവര്‍ തൈറോയ്ഡ് തോതും പരിശോധിക്കുന്നത് ഇതിനാല്‍ അഭികാമ്യമാണ്. 

 

സെല്ലുലൈറ്റിസ്

ചര്‍മത്തിനുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയാണ് സെല്ലുലൈറ്റിസ്. ഇതിന്‍റെ ഭാഗമായി കാലുകളില്‍ നീര്, ചര്‍മത്തിന് ചുവന്ന നിറം, പുകച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ചികിത്സിക്കാതെ വിട്ടാല്‍ രോഗിയുടെ ജീവന് തന്നെ സെല്ലുലൈറ്റിസ് ഭീഷണി ഉയര്‍ത്താം. ഡോക്ടര്‍മാര്‍ സാധാരണ നിലയില്‍ ആന്‍റിബയോട്ടിക്സ് ഇതിനായി നല്‍കാറുണ്ട്. ആന്‍റിബയോട്ടിക്സ് കഴിച്ചിട്ടും കാലിലെ നീര് മാറുന്നില്ലെങ്കില്‍ ഡോക്ടറെ അറിയിക്കാന്‍ വൈകരുത്. 

 

കരള്‍ രോഗം

കരള്‍ ഉത്പാദിപ്പിക്കുന്ന ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കരളിനെയും വൃക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്‍റെ ചോര്‍ച്ച തടയുകയും ചെയ്യും. എന്നാല്‍ കരള്‍ രോഗം മൂലം ആവശ്യത്തിന് ആല്‍ബുമിന്‍ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങള്‍ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാന്‍ തുടങ്ങും.  കാലുകളിൽ നീര് വയ്ക്കുമ്പോൾ കരളിന്റെ ആരോഗ്യവും ഇതിനാൽ പരിശോധനയ്ക്ക് വിധേയമാക്കണം.

Content Summary: Swollen Ankle? It Could Be A Symptom Of An Impending Heart Disease And 6 Other Conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com