ADVERTISEMENT

വിഷാദരോഗം ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. വന്നു കഴിഞ്ഞാല്‍ ഒരു രാത്രി കൊണ്ട് മാറുന്നതുമല്ല വിഷാദം. എല്ലാകാര്യങ്ങളോടുമുള്ള നെഗറ്റീവ് സമീപനമാണ് വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളിലൊന്ന്. നിരവധി തരത്തിലുള്ള നെഗറ്റീവ് ചിന്തകളും വികാരങ്ങളും വിഷാദരോഗിയെ വന്ന് മൂടും. സ്വന്തം അസ്തിത്വത്തെതന്നെ ചോദ്യം ചെയ്യുന്ന തരത്തിലുളള പ്രതികൂല ചിന്തകളുടെ പ്രവാഹത്തില്‍ നിന്ന് വിഷാദരോഗിക്ക് പുറത്ത് കടക്കല്‍ എളുപ്പമല്ല. ശരീരത്തിനു വരുന്ന രോഗം പോലെ തന്നെ മനസ്സിനെ പിടികൂടുന്ന ഈ രോഗത്തിനെയും ചികിത്സയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും മാറ്റാനാകും. ചിലപ്പോള്‍ അതിന് ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തെന്നു വരാം.

 

നിങ്ങളുടെ അടുത്ത വലയത്തിലുള്ള ആര്‍ക്കെങ്കിലും വിഷാദരോഗം പിടിപെട്ടാല്‍ അവരെ സഹായിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ആദ്യം മനസ്സിലാക്കണം. ഒരു മനഃശാസ്ത്രജ്ഞനല്ലാത്ത ഒരാള്‍ക്ക് വിഷാദരോഗിയോട് എന്ത് എങ്ങനെ പറയണമെന്നതിനെ കുറിച്ച് വലിയ ധാരണ ഉണ്ടായെന്നു വരില്ല. എന്നാല്‍ നിങ്ങളുടെ ചെറിയ പിന്തുണയും സഹാനുഭൂതിയും രോഗിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചെന്നു വരാം. ഒരു വിഷാദരോഗിയോട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.

 

1. നിങ്ങളുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും അവരുടെ മേല്‍ ചൊരിയാതിരിക്കുക. അവരുടെ അപ്പോഴത്തെ മാനസികസ്ഥിതി നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. വെറുതേ എന്തെങ്കിലും പോസിറ്റീവ് പ്രസംഗം നടത്തിയതു കൊണ്ടുമാത്രം വിഷാദരോഗിക്ക് അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. എല്ലാം നിന്‍റെ തോന്നലാണെന്ന മട്ടിലുള്ള ഉപദേശങ്ങളൊന്നും യാതൊരു വിധത്തിലും രോഗിയെ സഹായിക്കില്ല. 

 

2. ഉപദേശത്തിന് പകരം അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും അവരെ സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്യുക. വിഷാദരോഗികള്‍ക്ക് അതിന്‍റെ കാരണങ്ങളെ കുറിച്ച് മനസ്സ് തുറക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടായിരിക്കും എന്നോര്‍ക്കുക. അതിനാല്‍ അവര്‍ മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ  അവരെ തടസ്സപ്പെടുത്താതിരിക്കുക.

 

3. നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ അവരുടെ മുന്നില്‍ വച്ച് പറയാതിരിക്കുക. ഇത്തരം പരിതസ്ഥിതികളില്‍ നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ പ്രതിഷേധാത്മക ചിന്തകളുടെ നടുവില്‍പ്പെട്ട് കഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് മുന്‍പില്‍ നിങ്ങളുടെ വക വേറെ നെഗറ്റീവിറ്റി ഒന്നും ചെലുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. 

 

4. വിഷാദരോഗിയുടെ ചുറ്റും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കാതിരിക്കുക. നെഗറ്റീവ് മനോഭാവമുള്ള ആളുകളുടെ മധ്യത്തിലേക്ക് അവര്‍ പോകാതെ പരമാവധി ശ്രദ്ധിക്കണം

 

5. ഏതൊരു വ്യക്തിയാണെങ്കിലും അതിപ്പോ ഒരു വിഷാദരോഗിയാണെങ്കിലും അവരുടേതായ വ്യക്തിഗത സ്വകാര്യതയും സ്പേസും അവര്‍ക്ക് നല്‍കണം. 

 

6. അവര്‍ കടന്നു പോകുന്ന മാനസികാവസ്ഥ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് ആത്മാര്‍ഥമായി അവരോട് പറയണം.

 

7. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ അനാവശ്യമായ തിടുക്കം ആവശ്യമില്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം. കൈയില്‍ ഒരു ഒടിവ് വന്നാല്‍ അത് രണ്ട് ദിവസം കൊണ്ട് മാറാത്തതുപോലെ മാനസിക പ്രശ്നങ്ങളും ഭേദമാകാന്‍ അതിന്‍റേതായ സമയം എടുക്കും എന്ന് ഓര്‍മിപ്പിക്കുക.

 

8. നിങ്ങളോട് ഇക്കാര്യങ്ങളെ പറ്റിയൊക്കെ സംസാരിക്കാന്‍ അവര്‍ക്ക് താത്പര്യം ഇല്ലെങ്കില്‍ അതിനായി അവരെ നിര്‍ബന്ധിക്കാതിരിക്കുക.

 

9. മനസ്സ് തുറക്കാനും സഹായം തേടാനുമുള്ള അവരുടെ  സന്നദ്ധതയെ പ്രോത്സാഹിപ്പിക്കുക. കരുണയുള്ള ഓരോ വാക്കും ഈ അവസരത്തില്‍ അതിപ്രധാനമാണ്.

Content Summary: 9 Ways To Motivate A Person Suffering From Depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com