ADVERTISEMENT

ദഹനക്കേട് എന്ന അവസ്ഥയെ തിരിച്ചറിയാൻ സഹായിക്കുന്ന ചില പൊതു ലക്ഷണങ്ങളുണ്ട്. ഏമ്പക്കം, മനം പുരട്ടൽ, ഛർദി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, വയർവീർത്തുവരുക, പുളിച്ചുതികട്ടുക, വയറിളക്കം, വയറുനോവ് അഥവാ വയറുവേദന. ഇവയിൽ ഏതെങ്കിലും ഒരു ലക്ഷണമാകും ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രകടമാകുന്നത്. ഇത് നിരവധി കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. അക്കാരണങ്ങളിൽ തന്നെ വ്യക്തിപരമായി വ്യതിയാനങ്ങളുമുണ്ടാകാം.

 

ഇറിറ്റബിൾ ബവൽ സിൻഡ്രോം

ദഹനവുമായി ബന്ധപ്പെട്ടതും മാനസികപിരിമുറുക്കത്തെത്തുടർന്നുണ്ടാകുന്നതുമായ വയറിന്റെ പ്രശ്നങ്ങളെ ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നാണു പറയുന്നത്. ഇത് ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. കുടലിന്റെ സങ്കോചവികാസങ്ങളിലൂടെയാണ് ദഹനപ്രക്രിയ നടക്കുന്നത്. എന്നാൽ മനസ്സിന്റെ പിരിമുറുക്കത്തെത്തുടർന്ന് ഈ സങ്കോചവികാസങ്ങളുടെ ചലനവൃതിയാനങ്ങൾ ഇറിറ്റബിൾ ബവൽ സിൻഡ്രോമുള്ളവരിൽ കൂടുതൽ അനുഭവപ്പെടുന്നു. മനസ്സും വയറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഏറെ ദുഃഖിച്ചിരിക്കുന്ന ഒരാൾക്കു വിശപ്പില്ലായ്മ വരാം. മാനസികപിരിമുറുക്കത്തിന്റെ ഭാഗമായി വയറുവേദനയും ഛർദിയും വരാം. ഇത് രോഗത്തിന്റെ ഭാഗമല്ല. ദഹനേന്ദ്രിയത്തിന്റെ പ്രതികരണം മൂലമാണ്.

ലക്ഷണങ്ങൾ

ആഹാരം കഴിച്ച് അധികം കഴിയും മുൻപ് വയറ്റിൽ ഇരമ്പുന്ന അനുഭവം, വയറുവീർത്തുവരുക, വയറ്റിൽ നിന്നു പോകണമെന്നു തോന്നുക, ഓരോ തവണ ആഹാരം കഴിക്കുമ്പോഴും ഇതേ ലക്ഷണങ്ങൾ ആവർത്തിക്കും.

ആഹാരത്തിൽ ശ്രദ്ധിക്കാം

എരിവും പുളിയും മസാലയും ചേർന്നവയും കൊഴുപ്പടങ്ങിയവയും കഴിക്കരുത്. ജങ്ക്ഫുഡുകൾ ഒഴിവാക്കണം. ചോക്ലെറ്റും ഐസ്ക്രീമും ദഹനപ്രശ്നമുണ്ടാക്കുന്നുവെങ്കിൽ അവയും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ദിവസവും ഏഴു മുതൽ പത്തുഗ്ലാസ് വരെ വെള്ളം കുടിക്കണം.

ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്

ആമാശയത്തിലെ ആസിഡ് ഉൾപ്പെടെയുള്ള പദാർഥങ്ങളും മറ്റും അന്നനാളത്തിലേക്ക് തിരികെയെത്തി അവിടെ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന അവസ്ഥയാണ് ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്. ഇത് സാധാരണയായി ധാരാളം കണ്ടുവരുന്ന പ്രശ്നമാണ്. ലോവർ ഈസോഫാഗൽ സ്ഫിങ്ടർ എന്ന മാംസപേശിയാണ് അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്ന ആഹാരം തിരികെ അന്നനാളത്തിലേക്കു പോകാതെ തടഞ്ഞുനിർത്തുന്നത്. എന്നാൽ ഈ പേശിയുടെ തകരാർമൂലം ആഹാരപദാർഥങ്ങളും ആസിഡും അന്നനാളത്തിലേക്കു തിരികെ പ്രവേശിക്കാം. അതാണു രോഗത്തിന്റെ തുടക്കം.

ലക്ഷണങ്ങൾ

ആഹാരം കഴിച്ച് അൽപം കഴിയുമ്പോൾ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവ അനുഭവപ്പെടുക, ആഹാരം വിഴുങ്ങുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുക.

ആഹാരം എങ്ങനെ വേണം?

എരിവ്, പുളി, മസാല ഇവയടങ്ങിയ ആഹാരം കഴിക്കരുത്. ഒരു തവണ ഏറെ അളവ് ആഹാരം ഒന്നിച്ചു കഴിക്കാതെ അതേ അളവ് ദിവസം പലതവണയായി കഴിക്കുക. ഇത് ആമാശയ ചലനങ്ങളെ സൗകര്യപ്രദമാക്കും. ആഹാരം കഴിച്ചയുടൻ കിടന്നാൽ റിഫ്ളക്സ് തിരികെ വന്നേക്കാം. കിടക്കുമ്പോൾ കട്ടിലിന്റെ തലഭാഗത്തെ രണ്ടുകാലുകൾ ഇഷ്ടികയുടെ സഹായത്താൽ ഉയർത്തിവയ്ക്കാം. സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു നല്ല പ്രവണതയല്ല. കാലക്രമേണ ദഹനരസങ്ങൾ കുടലിനെ പ്രതികൂലമായി ബാധിക്കാം.

ലാക്ടോസ് ഇൻടോളറൻസ്

പാലും പാലുൽപന്നങ്ങളും കഴിച്ചാൽ വയറിന് അസ്വസ്ഥതകളുണ്ടാകുന്നവരുണ്ട്. പാലിലെ അന്നജമായ ലാക്ടോസ് ദഹിച്ചു ചേരാൻ സഹായിക്കുന്ന ലാക്ടേസ് എൻസൈമിന്റെ കുറവുമൂലമാണ് ഇതുണ്ടാകുന്നത്. തുടർന്ന് വയറിളക്കവും ദഹനപ്രശ്നങ്ങളുമുണ്ടാകാം. ആറുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളിലാണ് ഇത് പൊതുവേ കണ്ടുവരുന്നത്. മുതിർന്നവരിലാകട്ടെ പാൽ കുടിച്ചു കഴിഞ്ഞാൽ മിൽക് ഇൻടോളറൻസ്, കൗസ് മിൽക് പ്രോട്ടീൻ അലർജി എന്നിവ വിരളമായി കാണാറുണ്ട്.

കുട്ടികളിലെ ഈ പ്രശ്നം സ്വാഭാവികമായി സുഖപ്പെടും. ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കു പശുവിൻപാൽ നൽകിയാൽ അലർജി വരാം. പശുവിൻ പാലിലെ ലാക്ടോഗ്ലാബുലിൻ എന്ന പ്രോട്ടീൻ വളർച്ച പ്രാപിക്കാത്ത കുടലിൽ നിന്ന് ആഗിരണം ചെയ്യപ്പെട്ടാൽ ശരീരത്തിൽ അലർജിയുണ്ടാകാം.

പാലുൽപന്നങ്ങൾ ഒഴിവാക്കാം

പാലും പാലുൽപന്നങ്ങളും പൂർണമായി ഒഴിവാക്കുക. പാൽ വളരെ കുറഞ്ഞ അളവിൽ അടങ്ങിയ വിഭവങ്ങളും ഒഴിവാക്കണം. കുട്ടികൾക്കു പാലിനു പകരമായി സോയപ്പാൽ നിർദേശിക്കാറുണ്ട്.

ഗർഭിണികളിലെ ദഹനപ്രശ്നങ്ങൾ

മിക്ക ഗർഭിണികളിലും ആദ്യമാസങ്ങിൽ എന്തു കഴിച്ചാലും ഛർദി വരാറുണ്ട്. ഈ മോണിങ് സിക്ക്നെസ് ഒരു ദഹനപ്രശ്നമാണെന്നു പറയാനാകില്ല. പ്രൊജസ്ട്രോൺ ഹോർമോൺ വ്യതിയാനമാണു കാരണം. ആമാശയത്തിൽ ഉണ്ടാകുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ഗർഭകാലത്ത് കുടലിലേക്കു പോകുന്നതിനു താമസം വരുന്നതു നെഞ്ചെരിച്ചിൽ ഉണ്ടാക്കാം. അവസാന മാസങ്ങളിലാണ് നെഞ്ചെരിച്ചിൽ കണ്ടുവരുന്നത്. മാത്രമല്ല ഹോർമോണിന്റെ പ്രവർത്തനം മൂലം കുടൽപേശികൾ അയയുന്നത് മുമ്പു പറഞ്ഞതുപോലെ റിഫ്ളക്സുണ്ടാക്കി അസിഡിറ്റി പ്രശ്നങ്ങൾക്കു കാരണമാകും. വയർ വീർക്കുന്നതിനനുസരിച്ച് വയറിനുള്ളിൽ കുടലിനു സ്ഥലം തികയാതെ വരുന്നതും ദഹനപ്രശ്നങ്ങളുണ്ടാക്കാം. ഇതു കൂടാതെ മലബന്ധവും കാണാറുണ്ട്.

ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്

ഗർഭിണികളിൽ പരിശോധനകളും ചികിത്സയും അഭികാമ്യമല്ല. അതിനാൽ ആഹാരക്രമീകരണത്തിൽ ഏറെ ശ്രദ്ധിക്കണം. മലബന്ധം ഒഴിവാക്കാൻ നാരുകൾ സമൃദ്ധമായടങ്ങിയ ഇലക്കറികളും തവിടു നീക്കാത്ത ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കാം. ദഹനം എളുപ്പമാക്കുന്ന ലഘു ആഹാരം കഴിക്കാം. കൊഴുപ്പു കൂടുതൽ അടങ്ങിയ, എരിവും പുളിയും ചേർന്ന ആഹാരമെല്ലാം ഉപേക്ഷിക്കണം. മൂന്നുനേരം കഴിക്കാതെ, പല നേരങ്ങളിലായി അത്രയും അളവു കഴിക്കുക. പുളി കൂടുതലുള്ള നാരങ്ങ, ഓറഞ്ച്, തക്കാളി ഇവയുടെ ഉപയോഗവും കുറയ്ക്കണം. ആഹാരശേഷം കിടക്കുമ്പോൾ തലയണ ചാരിവച്ച് നെഞ്ചിന്റെ ഭാഗം ഉയർത്തി വച്ചു കിടക്കുക.

നവജാതരിലെ ദഹനപ്രശ്നങ്ങൾ

നവജാതരിൽ ദഹനപ്രശ്നങ്ങൾ വളരെ വിരളമാണ്. ഇവർക്കു മരുന്നുകൾ നൽകാൻ പാടില്ലാത്തതിനാൽ ആഹാരക്രമീകരണം മാത്രമേ ചെയ്യാനാകൂ. ദഹനക്കേട്, മലബന്ധം, ഗ്യാസ് മുതലായ കാരണങ്ങളാൽ കുഞ്ഞിനു വയറുവേദന വരാം.

മുലപ്പാൽ നൽകുമ്പോൾ

മുലപ്പാൽ കുടിച്ചു കഴിഞ്ഞ് ഗ്യാസ് പോകാതെ വന്നാൽ വയറ്റിൽ അസ്വസ്ഥതകളും വേദനകളുമുണ്ടാകാം. പാലൂട്ടിയശേഷം തോളിൽ കിടത്തി പുറത്തുതട്ടി ഗ്യാസ് കളയാൻ മറക്കരുത്. വേദന മാറിക്കൊള്ളും.

വാർധക്യത്തിലെ ദഹനപ്രശ്നങ്ങൾ

ഉപാപചയപ്രവർത്തനങ്ങൾ കുറയുന്ന കാലമാണ് വാർധക്യം. ദഹനക്ഷമതയും കുറയുന്നു. അതുകൊണ്ടു തന്നെ ആഹാരത്തിന്റെ അളവു കുറയ്ക്കണം. എളുപ്പം ദഹിക്കുന്ന ആഹാരം മാത്രമേ കഴിക്കാവൂ. അന്നനാളത്തിന്റെ ചലനം ശരിയായി നടക്കാത്തതിനാൽ ആഹാരം തടഞ്ഞുനിൽക്കുന്നതുപോലെ തോന്നാം. വിശപ്പില്ലായ്മയും വരാം.

ലക്ഷണങ്ങളും ആഹാരവും ശ്രദ്ധിക്കൂ

ആഹാരം തടഞ്ഞു നിൽക്കുക, വിശപ്പില്ലായ്മ, തൂക്കക്കുറവ്, വിസർജ്യത്തിൽ രക്തം കാണുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ നിസാരമാക്കരുത്. ഡോക്ടറെ കാണണം. ബേരിയം പരിശോധനയോ കൊളോണോസ്കോപ്പിയോ വേണ്ടി വന്നേക്കാം. രോഗം നേരത്തേ കണ്ടെത്തിയാൽ ഉചിതമായ ചികിത്സകൾ ചെയ്തു രോഗം സുഖമാക്കാം.

ഇലക്കറികൾ, തവിടു നീക്കാത്ത ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഹാരത്തിൽ ഉൾപ്പെടുത്തണം. മൈദ, റവ തുടങ്ങിയ നാരുകൾ നീക്കംചംയ്ത ധാന്യപ്പൊടികൾ കൊണ്ടുള്ള ആഹാരം ഉപേക്ഷിക്കണം. കാലറി കൂടുതലുള്ള ആഹാരവും മധുരപലഹാരങ്ങളും കഴിയുന്നത്ര കുറയ്ക്കണം. രാത്രിയിൽ ചൂടുകഞ്ഞിയോ, ചപ്പാത്തിയോ പച്ചക്കറിക്കൊപ്പം കഴിക്കാം. മദ്യപാനവും പുകവലിയും നിർത്തണം. ആഹാരശേഷം ഉടൻ കിടക്കരുത്.

ഗ്യാസ്ട്രബിളും ആഹാരവും

മധ്യവയസു മുതൽ ഗ്യാസ്ട്രബിൾ പ്രശ്നക്കാരനാകും. പ്രമേഹരോഗികളിൽ ഗ്യാസ്ട്രബിൾ പ്രശ്നം കൂടുതലായി കാണാറുണ്ട്. ദഹനം നന്നായി നടക്കാതെ വന്നാൽ ബാക്ടീരിയ ആഹാരത്തിൽ പ്രവർത്തിച്ച് ഫെർമെന്റേഷൻ സംഭവിച്ച് ഗ്യാസ് ഉണ്ടാക്കും. കുടലിന്റെ ചലനശേഷി കുറഞ്ഞാലും ഗ്യാസ്ട്രബിൾ വരും. നന്നായി ചവച്ചരച്ചു കഴിക്കുന്നതും ദഹിക്കാൻ എളുപ്പമുള്ളവ കഴിക്കുന്നതും വ്യായാമവും ഗ്യാസ്ട്രബിൾ വരാതെ തടയും. കടല, ഉണങ്ങിയ പയർ, ഗ്രീൻപീസ്, കപ്പ, തുവരപരിപ്പ്, കിഴങ്ങുവർഗങ്ങൾ, കൊഴുപ്പടങ്ങിയ ആഹാരം എന്നിവ ഗ്യാസ് ഉണ്ടാക്കുമെന്നാണു കരുതുന്നത്. ഈ ആഹാരങ്ങൾ എല്ലാവരിലും ഗ്യാസ് ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടില്ല. പ്രശ്നമുള്ളവർ ഇവ ഒഴിവാക്കുക.

Content Summary: How does indigestion affect the body?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com