‘ഒറ്റപ്പെടലിന്റെ വേദനയെന്തെന്ന് അനുഭവിച്ചാലേ അറിയൂ’; രത്തൻ ടാറ്റ സ്റ്റാർട്ടപ്പിന്റെ കൂട്ടുപിടിക്കാൻ കാരണം?

Ratan Tata Photo: ratantata/ Instagram
രത്തൻ ടാറ്റ. ചിത്രം: ratantata/ Instagram
SHARE

‘ഒറ്റപ്പെടലിന്റെ വേദനയെന്തെന്ന് അനുഭവിച്ചാലേ അറിയൂ’– ജീവിതസായന്തനത്തിലുള്ളവർക്ക് തുണയേകുന്ന ‘ഗുഡ്ഫെലോസ്’ എന്ന സ്റ്റാർട്ടപ്പിൽ താൻ നിക്ഷേപം നടത്തുന്നതായി അറിയിച്ചുകൊണ്ട് ആഴ്ചകൾക്കു മുൻപ് പ്രമുഖ വ്യവസായി രത്തൻ ടാറ്റ പറഞ്ഞത് കണ്ണു തുറപ്പിക്കുന്ന വാക്കുകളായിരുന്നു. മുതിർന്ന പൗരന്മാർക്ക് ചെറുപ്പക്കാരുടെ സൗഹൃദമേകുന്ന ‘ഗുഡ്ഫെലോസ്’ എന്ന സ്റ്റാർട്ടപ്  രത്തൻ ടാറ്റയുടെ ഓഫിസിലെ ഡപ്യൂട്ടി ജനറൽ മാനേജരായ ശന്തനു നായിഡുവിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്. 

മുതിർന്ന പൗരന്മാരോടൊപ്പം സമയം ചെലവഴിക്കാൻ താൽപര്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി മുതിർന്ന പൗരന്മാർക്ക് അവരുടെ സൗഹൃദം പകരുകയാണ് ഈ സ്റ്റാർട്ടപ്. മുതിർന്ന പൗരന്മാരോടു വർത്തമാനം പറയാനോ അവരുടെ കൂടെയിരുന്നു ടിവി കാണാനോ കഥ പറയാനോ കാരംസ് കളിക്കാനോ ഒക്കെ ഈ യുവാക്കളും യുവതികളും വരും. പ്രായമായ പലരുടെയും പ്രശ്നങ്ങളിലൊന്ന് അവർ പറയുന്നതു കേൾക്കാൻ ആരും തയാറാകുന്നില്ലെന്നതാണ്. ‘ഗുഡ്ഫെലോസ്’ അതിനും പരിഹാരമുണ്ടാക്കും. മുതിർന്ന പൗരന്മാരുടെ മുന്നിൽ നല്ലൊരു ശ്രോതാവായിരിക്കാൻ ആളെ അയയ്ക്കും. കടകളിലോ ഷോപ്പിങ് മാളുകളിലോ സാധനങ്ങൾ വാങ്ങാൻ പോകാൻ കൂട്ടു വേണോ? ഡോക്ടറെ കാണാൻ പോകാൻ ഒരാൾ കൂടെ വേണോ? അതിനെല്ലാം ഈ സ്റ്റാർട്ടപ് സഹായിക്കും. 

സ്മാർട്ഫോൺ ഉപയോഗിക്കാനറിയാത്ത മുതിർന്ന പൗരന്മാരെ സ്മാർട് ഫോൺ ഉപയോഗിക്കാൻ പഠിപ്പിക്കാനും ആളെ അയയ്ക്കും. 

നിലവിൽ മുംബൈയിൽ, ഏകാന്തതയും വാർധക്യത്തിന്റെ വിഷമതകളും അനുഭവിക്കുന്ന 20 പേർക്ക് പരീക്ഷണാർഥം സേവനം നൽകുന്നുണ്ട്. സ്റ്റാർട്ടപ് നിയോഗിക്കുന്ന ചങ്ങാതി (കംപാനിയൻ) മുതിർന്ന പൗരന്റെ വീട്ടിൽ ആഴ്ചയിൽ 3 ദിവസം സന്ദർശനം നടത്തും. ഓരോ തവണയും 4 മണിക്കൂർ വരെ അവിടെ ചെലവിടും. മുതിർന്ന പൗരന് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയും ഏറെ നേരം അവരോടു സംസാരിച്ചിരിക്കുകയും ചെയ്യും. പത്രം ഉറക്കെ വായിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തുകൊടുക്കും.

ഒരു മാസത്തെ സൗജന്യ സേവനത്തിനുശേഷം മാസം 5,000 രൂപ വരിസംഖ്യയാണ് സേവനത്തിനായി ചെലവിടേണ്ടത്. പുണെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ‘ഗുഡ്ഫെലോസ്’ വ്യാപിപ്പിക്കാൻ ശന്തനു നായിഡുവിന് പദ്ധതിയുണ്ട്. മനഃശാസ്ത്രജ്ഞരുമായി ആലോചിച്ചാണ് ‘ചങ്ങാതി’കളാകാൻ യുവാക്കളെ തിരഞ്ഞെടുക്കുന്നതും പ്രവർത്തനം രൂപപ്പെടുത്തുന്നതും. 

 വയോജനങ്ങൾക്ക് സേവനം നൽകാൻ വിവിധ സ്റ്റാർട്ടപ്പുകൾ തുടങ്ങിയിട്ടുണ്ട്. ഒറ്റയ്ക്കു ജീവിക്കുന്ന വയോജനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്റ്റാർട്ടപ്പുകളുടെ ആവശ്യകത കൂടുന്നു.  60 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗമാണ് ഇന്ത്യയിൽ വേഗത്തിൽ വളരുന്നത്. 13.8 കോടി ജനങ്ങൾ ഈ വിഭാഗത്തിലുണ്ടെന്നാണ് കണക്ക്. 2031 ആകുമ്പോഴേക്കും ഈ വിഭാഗത്തിലുള്ളവരുടെ എണ്ണം 19.4 കോടിയാകുമെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന പൗരന്മാരുടെ സേവനത്തിനായി കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. ഇന്ത്യയിൽ ഒന്നര  കോടിയിലേറെ വയോജനങ്ങൾ ഒറ്റയ്ക്കു  ജീവിക്കുന്നവരാണ്. ഓരോ ദിവസവും 15,000 ഇന്ത്യക്കാർക്ക് 60 വയസ്സാകുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. 

 മുതിർന്ന പൗരന്മാർക്ക് വിവിധ സേവനങ്ങൾ നൽകാനായി ആരംഭിച്ച ചില സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാം. മുതിർന്ന പൗരന്മാർക്ക്  യാത്ര ചെയ്യാൻ അവസരമൊരുക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്  ആണ് ‘സീനിയർ വേൾഡ്’. വിവിധ രാജ്യങ്ങളിലെ മുതിർന്ന പൗരന്മാരുമായി  ബന്ധപ്പെടാൻ അവസരമൊരുക്കുന്ന സ്റ്റാർട്ടപ് ആണ് ‘ഗെറ്റ്സെറ്റ്അപ്’. മുതിർന്ന പൗരന്മാരെ മാനസികമായും കായികമായും ഊർജ്വസ്വലരാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇതിനായി ലൈവ് ക്ലാസുകളും നൽകുന്നുണ്ട്. ഡോക്ടർ, നഴ്സ്, ഫിസിയോതെറപ്പിസ്റ്റ് തുടങ്ങിയവരുടെ സഹായം ലഭ്യമാക്കുന്ന സ്റ്റാർട്ടപ് ആണ് ‘60പ്ലസ് ഇന്ത്യ’. ചെന്നൈ കേന്ദ്രമായുള്ള സ്റ്റാർട്ടപ് ആണിത്. മുതിർന്ന പൗരന്മാർക്കായുള്ള ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമും ഈ സ്റ്റാർട്ടപ് ഒരുക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക്  ഉപകാരപ്രദമായ  വസ്തുക്കൾ ലഭ്യമാക്കുന്നുണ്ട്.  മുതിർന്ന പൗരന്മാർക്ക് മികച്ച രീതിയിൽ ജീവിക്കാൻ സഹായം നൽകാൻ തുടങ്ങിയ സ്റ്റാർട്ടപ്  ആണ് സിൽവർ ടോക്കീസ്. മുതിർന്ന പൗരന്മാരുടെ ഓൺലൈൻ കൂട്ടായ്മ ഇവിടെ ഒരുക്കുന്നു. ക്ലാസുകളും വെർച്വൽ ഇവന്റുകളുമൊക്കെയായി മുതിർന്ന പൗരന്മാർക്ക് അറിവു പകരുന്നുമുണ്ട്. 

Content Summary: Ratan tata's Good Fellows StaartUp

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA