ADVERTISEMENT

ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു വായില്‍ ആരംഭിക്കുന്നു എന്നാണ് വയ്പ്പ്. ശരീരത്തിന്‍റെ മുഖ്യ കവാടമെന്ന നിലയില്‍ വായില്‍ വരുന്ന ഏതൊരു രോഗവും ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ഈ രോഗം അര്‍ബുദമാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ചുണ്ടുകള്‍, നാക്കിന്‍റെ അടിവശം, കവിളുകള്‍, വായുടെ താഴ്ഭാഗം, അണ്ണാക്ക്, സൈനസുകള്‍, ടോണ്‍സിലുകള്‍, തൊണ്ട എന്നിങ്ങനെ വായ്ക്കുള്ളിലെ പലയിടങ്ങളിലായി കാണപ്പെടുന്ന അര്‍ബുദത്തെ പൊതുവായി ഓറല്‍ കാന്‍സര്‍ അഥവാ ഓറല്‍ ക്യാവിറ്റി കാന്‍സര്‍ എന്ന് വിളിക്കുന്നു. നേരത്തെ രോഗനിര്‍ണയം നടത്തിയാല്‍ വായിലെ അര്‍ബുദങ്ങളെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. എന്നാല്‍ കാലതാമസം വരും തോറും നാക്കും താടിയെല്ലുകളും വായുടെ ഒരു ഭാഗവും തന്നെ  മുറിച്ച് മാറ്റേണ്ട നില വന്നേക്കാം. ഇത് വ്യക്തിയുടെ രൂപത്തെയും കഴിക്കാനും സംസാരിക്കാനുമുള്ള കഴിവിനെയും ഇല്ലാതാക്കാം. 

 

സാധാരണ ഗതിയില്‍ ചുണ്ടുകളിലും വായ്ക്കുള്ളിലും ആവരണം തീര്‍ക്കുന്ന സ്ക്വാമസ് കോശങ്ങളിലാണ് വായിലെ അര്‍ബുദം ആരംഭിക്കുക. പിന്നീട് ഇത് വായ്ക്കുളളിലെ പേശികളിലേക്കും എല്ലുകളിലേക്കുമെല്ലാം വ്യാപിക്കാം. അമിതമായ പുകവലി, പുകയില ഉപയോഗം, മദ്യപാനം എന്നിവയെല്ലാം വായിലെ അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. മുഖത്തും ചുണ്ടുകളിലും അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും ദുര്‍ബലമായ പ്രതിരോധശേഷിയും ഈ അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കും. ലൈംഗികമായി പകരുന്ന ഹ്യുമന്‍ പാപ്പിലോമ വൈറസും (എച്ച്പിവി) വായിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. 

വായിലെ അര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങളെ കരുതിയിരിക്കാം.

 

∙ ചുണ്ടിലോ മോണയിലോ കവിളിനുള്ളിലോ വായിലെ മറ്റിടങ്ങളിലോ മുഴകള്‍, നീര്, തൊലി പരുക്കനാകല്‍ എന്നിവ ദൃശ്യമാകാം

∙ വായില്‍ വെളുത്തതോ ചുവന്ന നിറത്തിലോ ഉള്ള കീറലുകള്‍

∙ വായില്‍ അസാധാരണായ രക്തസ്രാവം

∙ മുഖത്തോ വായിലോ  കഴുത്തിലോ മരവിപ്പ്, സംവേദനമില്ലായ്മ, അതിമൃദുത്വം, വേദന എന്നിവ

∙ മുഖത്തോ വായിലോ കഴുത്തിലോ തുടര്‍ച്ചയായി മുറിവുകള്‍ അല്ലെങ്കില്‍ രണ്ടാഴ്ചയായിട്ടും കരിയാത്ത മുറിവുകള്‍

∙ കഴുത്തില്‍ എന്തോ തടഞ്ഞിരിക്കുന്നതായ തോന്നല്‍

∙ ചവയ്ക്കാനും വിഴുങ്ങാനും സംസാരിക്കാനും താടിയോ നാക്കോ അനക്കാനുമുള്ള ബുദ്ധിമുട്ട്

∙ കഴുത്തില്‍ നിരന്തരം പഴുപ്പ്, ശബ്ദത്തില്‍ വ്യത്യാസം

∙ താടിയിലോ ചെവിയിലോ വേദന

∙ പെട്ടെന്ന് ശരീര ഭാരം കുറയല്‍

 

പുകവലിയും പുകയില ഉപയോഗവും ഒഴിവാക്കിയും മദ്യപാനം നിയന്ത്രിച്ചും വായിലെ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കാമെന്ന് മുംബൈ എച്ച്സിജി കാന്‍സര്‍ ആശുപത്രിയിലെ ഹെഡ്, നെക്ക് ഓങ്കോ സര്‍ജന്‍ ഡോ. അങ്കിത് മഹുവാകര്‍ എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചുണ്ടുകളെ എപ്പോഴും നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷിക്കണം. ഇതിനായി വീതിയേറിയ തൊപ്പിയോ കുടയോ ഉപയോഗിക്കുകയോ സണ്‍സ്ക്രീന്‍ ലിപ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാം. എച്ച്പിവി വൈറസിനെതിരെ സംരക്ഷണത്തിന് വാക്സീന്‍ എടുക്കണമെന്നും വായിലെ ആരോഗ്യം ഉറപ്പാക്കാന്‍ ഇടയ്ക്ക് ദന്തരോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകള്‍ നടത്തണമെന്നും ഡോ. അങ്കിത് കൂട്ടിച്ചേര്‍ത്തു.

Content Summary: Oral Cancer Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com