കുഞ്ഞിപ്പല്ലുകൾക്കു വേണം പ്രത്യേക കരുതൽ; പാൽപ്പല്ലുകൾ കേടുവരുന്ന സാഹചര്യം അറിയാം
Mail This Article
വായ ശാരീരിക ആരോഗ്യത്തിലേക്കുള്ള ഒരു കവാടമാണ്. ശരീരത്തിന്റെ ആരോഗ്യപരിപാലനത്തിൽ ദന്ത പരിപാലനത്തിന് നൽകേണ്ട പ്രാധാന്യം പലരും മനസ്സിലാക്കുന്നില്ല. അതിൽ തന്നെ മുതിർന്നവരുടെ പല്ലുകൾക്ക് കൊടുക്കുന്ന പരിഗണന നമ്മുടെ കുഞ്ഞുമക്കളുടെ പല്ലുകൾക്ക് കൊടുക്കാറില്ല എന്നതാണ് സത്യം."ഇളകി പോവേണ്ട പല്ലല്ലേ, അതെന്താണിത്ര ശ്രദ്ധിക്കാൻ, അതിന് ചികിത്സ ചെയ്ത് വെറുതെ എന്തിനാണ് കാശ് കളയുന്നത് " കുഞ്ഞുങ്ങളുടെ പല്ലുകളെ പറ്റി ഇങ്ങനെയുള്ള സംസാരങ്ങൾ ആരെങ്കിലും മുഖേന നിങ്ങളുടെ ചെവിയിലും തീർച്ചയായും എത്തിയിട്ടുണ്ടാവും. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഉച്ചാരണശുദ്ധിയോടെ സംസാരിക്കാനും ആഹാരം നന്നായി ചവച്ചരച്ചു കഴിക്കാനും പല്ലുകൾ വഹിക്കുന്ന പങ്ക് പലപ്പോഴും നമ്മൾ മറക്കുന്നു.ആഹാരം നന്നായി ചവചരച്ചു കഴിച്ചാൽ മാത്രമേ ദഹനപ്രക്രിയ കൃത്യമായി നടക്കുകയുള്ളൂ. എന്നാൽ മാത്രമേ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ പോഷകഗുണം മുഴുവൻ നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളൂ.
കുട്ടിപ്പല്ലുകളുടെ കേടുകൾ നമ്മളെ അസ്വസ്ഥരാക്കാറുണ്ട് എങ്കിലും അതിന്റെ കൃത്യമായ ചികിത്സയിലേക്ക് വരുമ്പോൾ പലരും പല കാരണങ്ങൾ കൊണ്ടും മടി കാണിക്കാറുണ്ട്. കുട്ടികളിൽ പല്ലിന്റെ ചികിത്സകൾ ചെയ്യുമ്പോൾ അത് അവരെ ഏതെങ്കിലും രീതിയിൽ ദോഷകരമായി ബാധിക്കുമോ എന്ന ഭയമാണ് ചിലർക്ക്. പറിഞ്ഞു പോകേണ്ട പല്ലുകൾ അല്ലേ എന്ന് കരുതി കൃത്യമായി ചികിത്സ എടുക്കാതെ വേദന മാറാൻ മരുന്ന് തന്നാൽ മതി എന്ന് പറയുന്നവരുണ്ട്. എന്നിരുന്നാലും കുട്ടികളുടെ ദന്ത ശുചിത്വത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ പഴയതിനേക്കാൾ ബോധവാന്മാരാണ് എന്നതിൽ സന്തോഷമുണ്ട്. കുഞ്ഞു പല്ലുകളിലെ കേടുകൾ വരാൻ പോകുന്ന സ്ഥിരദന്തങ്ങളെ ബാധിക്കുമോ എന്ന ആശങ്ക പല മാതാപിതാക്കൾക്കും ഉണ്ട്.എന്തുകൊണ്ട് പാൽപല്ലുകളെ സംരക്ഷിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ അവബോധം ഇല്ലാത്തത് പല മിഥ്യാധാരണകളും ഉണ്ടാക്കുന്നുണ്ട്.
ഏകദേശം 6 മാസം ആവുമ്പോഴേക്കും കുട്ടികളിൽ പാൽപല്ലുകൾ മുളക്കാൻ തുടങ്ങും. ആറു മാസം എന്നത് ചില കുട്ടികളിൽ വ്യത്യാസപ്പെടാം. ആ സമയത്ത് പേസ്റ്റ് ഉപയോഗിക്കാതെ തന്നെ മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് കുട്ടികളെ പല്ല് തേപ്പിച്ചു തുടങ്ങാം. വിരലുകളിൽ ഇട്ട് ഉപയോഗിക്കാവുന്ന ബേബി ബ്രഷുകളും വിപണിയിൽ ലഭ്യമാണ്. ഒരു വയസ്സ് ആവുമ്പോഴേക്കും മുൻനിര പല്ലുകൾ എല്ലാം വന്നു തുടങ്ങും. ആ സമയത്ത് ഒരു നേർത്ത പാട പോലെ മാത്രം പേസ്റ്റ് എടുത്ത് മൃദുവായ ബ്രഷ് ഉപയോഗിച്ച് കുഞ്ഞുങ്ങൾക്ക് പല്ല് തേയ്ക്കാൻ പരിശീലനം നൽകാം. രണ്ടു വയസ്സ് ആവുമ്പോഴേക്കും ഏകദേശം എല്ലാ പാൽപല്ലുകളും മുളച്ചു കഴിഞ്ഞിരിക്കും. പല്ലുകളുടെ എണ്ണം കൂടുമ്പോൾ പേസ്റ്റ് എടുക്കുന്നതിന്റെ അളവും കൂട്ടാം. എന്നിരുന്നാലും ഒരു പയർ മണിയുടെ വലുപ്പത്തിൽ മാത്രമേ കുട്ടികൾക്ക് പേസ്റ്റ് ഉപയോഗിക്കേണ്ട ആവശ്യമുള്ളൂ. 3-4 വയസ്സാകുമ്പോഴേക്കും ദിവസേന രണ്ടു തവണ, രാവിലെ എണീറ്റ ഉടനെയും രാത്രി കിടക്കുന്നതിനു മുമ്പും കുട്ടികളെ പല്ല് തേപ്പിച്ച് ശീലിപ്പിക്കണം. കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ടൂത്ത്പേസ്റ്റുകൾ ലഭ്യമാണ്. ടൂത്ത് പേസ്റ്റുകളിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡ് എന്ന ധാതു(mineral) ദന്തക്ഷയം തടയാൻ സഹായിക്കും. കുട്ടികൾക്ക് ഉപയോഗിക്കേണ്ട ടൂത്ത്പേസ്റ്റിൽ അതിന്റെ അളവ് 450-500ppm ആയിരിക്കും. ഏകദേശം ആറു വയസ്സ് വരെ കുട്ടികൾക്ക് ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റുകൾ ആണ് ഉപയോഗിക്കേണ്ടത്. ചെറിയ കുട്ടികൾ പേസ്റ്റ് തുപ്പിക്കളയുന്നതിനു പകരം വിഴുങ്ങാൻ സാധ്യതയുണ്ട്. കുട്ടികൾ പേസ്റ്റ് കൃത്യമായി തുപ്പിക്കളയണം എന്ന് മനസിലാക്കുന്ന ഒരു പ്രായം എത്തുന്നത് ഏതാണ്ട് 5-6 വയസ്സാകുമ്പോഴാണ്. അതിനുശേഷം മുതിർന്നവർ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകൾ അവർക്ക് ഉപയോഗിച്ച് തുടങ്ങാം. അതിൽ ഫ്ലൂറൈഡിന്റെ അളവ് സാധാരണയായി 1000ppm ആയിരിക്കും.
ബ്രഷിന്റെ നാരുകൾ വലിയുന്നതുവരെ മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. രണ്ടുമാസം കൂടുമ്പോൾ ബ്രഷ് മാറ്റുന്നതാണ് നല്ലത്.
പാൽപല്ലുകൾക്ക് നൽകേണ്ട ചികിത്സകളെക്കുറിച്ചും പരിചരണങ്ങളെ കുറിച്ചും അറിയുന്നതിന് മുമ്പ് പാൽപല്ലുകൾ കേടു വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.
കുട്ടികളിലെ ദന്തക്ഷയം
മൂന്നു വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ദന്തക്ഷയം ആണ് നഴ്‌സിങ് ബോട്ടില്‍ ദന്തക്ഷയം (Nursing Bottle Caries). മുലപ്പാലോ കുപ്പിപ്പാലോ കുടിച്ചുകൊണ്ട് ഉറങ്ങുന്ന ശീലം ഇത്തരം ദന്തക്ഷയം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമാണ്. മുലപ്പാൽ, കുപ്പിപ്പാൽ, മധുര പാനീയങ്ങൾ, പഞ്ചസാര അടങ്ങിയ ദ്രാവകങ്ങൾ, മധുരമുള്ള ലഘു ഭക്ഷണങ്ങൾ എന്നിവയൊക്കെ കഴിച്ച് അത് മണിക്കൂറുകളം വായിൽ ശേഷിക്കുമ്പോൾ വായിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയകൾ ആ ഭക്ഷണാവശിഷ്ടങ്ങളുമായി പ്രവർത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കുകയും ഈ ആസിഡ് പല്ലു ദ്രവിക്കാൻ കാരണമാവുകയും ചെയ്യുന്നു. വായിലുള്ള ഉമിനീർ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ ഭക്ഷണ അവശിഷ്ടങ്ങളെ നീക്കം ചെയ്ത് അവ വൃത്തിയായി ഇരിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ ഉറങ്ങുമ്പോൾ ഉമിനീരിന്റെ ഉൽപാദനം കുറവായിരിക്കും. അപ്പോൾ ഈ വൃത്തിയാക്കൽ പ്രക്രിയയുടെ തോതും കുറവായിരിക്കും. അതുകൊണ്ടുതന്നെ കുട്ടിയെ മുലപ്പാലോ കുപ്പിപ്പാലോ കൊടുത്ത് ഉറക്കുന്നതും ഉറങ്ങുന്നതിനു മുമ്പ് കുട്ടിക്ക് കൊടുത്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, പ്രത്യേകിച്ച് മധുരപദാർഥങ്ങൾ, വൃത്തിയാക്കാതെ പല്ലിൽ പറ്റിപിടിച്ചിരിക്കുന്നതും ദന്തക്ഷയം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
മേൽ താടിയിലെ മുൻനിര പല്ലുകളിൽ വെളുത്ത നിറമുള്ള പാടുകൾ ആയിട്ടാണ് ഈ കേടുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പല്ലും മോണയും കൂടിച്ചേരുന്ന ഭാഗത്തിനോട് അടുത്തായിരിക്കും ഇത്തരം വെളുത്തപാടുകൾ ആദ്യം കാണാൻ സാധിക്കുക. ഈ പാടുകൾ തുടക്കത്തിൽ കാണാൻ പ്രയാസമായിരിക്കും. പിന്നീട് ആ കേട് കൂടുതൽ വഷളാകുമ്പോൾ അത് മഞ്ഞ നിറമോ ബ്രൗൺ നിറമോ ഉള്ള പാടുകളായി മാറും. പിന്നീട് പല്ല് പൊടിഞ്ഞു പോവുകയും മുകളിലത്തെ നിരയിലെ അണപ്പല്ലുകളിലേക്കും താഴത്തെ നിരയിലെ അണപ്പല്ലുകളിലേക്കും വ്യാപിക്കുകയും ചെയ്യും. നാക്കിന് തൊട്ടുമുന്നിലുള്ള ഭാഗമായതുകൊണ്ടും മിക്കവാറും സമയങ്ങളിലും ഉമിനീരിൽ കുളിച്ചു കിടക്കുന്നത് കൊണ്ടും ഈ തരത്തിലുള്ള ദന്തക്ഷയം സാധാരണയായി കീഴ്ത്താടിയിലെ മുൻനിര പല്ലുകളെ ബാധിക്കാറില്ല. അവിടെ ഉമിനീര് കൊണ്ടുള്ള വൃത്തിയാക്കൽ പ്രക്രിയ കൂടുതൽ നടക്കും.
മധുരപദാർഥങ്ങൾ കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. അത് പൂർണമായും ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മധുരപദാർഥങ്ങളും മറ്റ് എന്തെങ്കിലുമോ കഴിച്ചാൽ ഉടനെ തന്നെ വായ കഴുകുകയോ ബ്രഷ് ചെയ്തു വൃത്തിയാക്കുകയോ ചെയ്യാവുന്നതാണ്.
ഗർഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന വൈറല്‍ പനികളും ടെട്രാസൈക്ലിന്‍ പോലുള്ള മരുന്നുകളുടെ ഉപയോഗം മൂലവും കുഞ്ഞിന്റെ പല്ലിന് കേടുകളും നിറവ്യത്യാസവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദ്രവിച്ച പല്ലുകൾ ഉണ്ടാകാൻ കാരണമാകുന്ന ചില പാരമ്പര്യരോഗങ്ങളും ഉണ്ട്. പക്ഷേ ഇത്തരം കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ദന്തക്ഷയം ചില ഭാഗങ്ങളിലുള്ള പല്ലുകളെ മാത്രം പ്രത്യേകമായി ബാധിക്കാതെ താഴെയും മുകളിലും ഉള്ള പല്ലുകളെ ഒരുപോലെ ബാധിക്കുന്ന രീതിയിലാണ് കണ്ടുവരുന്നത്. വന്ധ്യതയ്ക്ക് ചികിത്സ സ്വീകരിച്ച അമ്മയ്ക്കുണ്ടാകുന്ന കുഞ്ഞിന്റെ പല്ലുകൾ കേടു വരാം എന്നൊരു കിംവദന്തിയും കേട്ടു. അതിൽ ഇതുവരെ ശാസ്ത്രീയമായ ഒരു തെളിവും കണ്ടിട്ടില്ല.
ദന്തക്ഷയം ഇനാമലിനെ മാത്രമാണ് ബാധിച്ചിരിക്കുന്നത് എങ്കിൽ ഫ്ലൂറൈഡ് ലവണങ്ങൾ പുരട്ടിയുള്ള ചികിത്സ കൊണ്ട് പല്ല് കൂടുതൽ ദ്രവിച്ചു പോകുന്നത് തടയാം. പല്ലടയ്ക്കാൻ ഉപയോഗിക്കുന്ന റെസിൻ സിമെന്റുകൾ ഉപയോഗിച്ച് കേട് കൂടുതലായി ബാധിക്കാതിരിക്കാൻ ഇനാമലിന് ഒരു സംരക്ഷണകവചം ഉണ്ടാക്കാനും കഴിയും. പല്ലിൽ കേടു വന്നു തുടങ്ങിയാൽ കേട് വന്ന ഭാഗം പൂർണമായും നീക്കം ചെയ്ത് അവിടെ അനുയോജ്യമായ പദാർഥം ഉപയോഗിച്ച് അടയ്ക്കുന്നു. കേട് കൂടുതൽ ആഴത്തിൽ ബാധിച്ച് പല്ലിന്റെ ഏറ്റവും ഉള്ളിലെ പാളിയായ ദന്തമജ്ജയിൽ എത്തിയാൽ കുട്ടിക്ക് പല്ലിലും മോണയിലും വേദനയും വീക്കവും അനുഭവപ്പെടാം.
കുഞ്ഞിന്റെ വായിലെ ഓരോ പാൽപല്ലും സ്വഭാവികമായി കൊഴിഞ്ഞു പോകാനും അവയുടെ സ്ഥാനത്ത് സ്ഥിരം പല്ലുകൾ വരാനും പ്രത്യേകം പ്രായപരിധിയുണ്ട്. ആ പ്രായം വരെ പാൽപ്പല്ലുകൾ നിലനിർത്തേണ്ടത് സ്ഥിരം പല്ലുകളുടെ പൂർണമായ ആരോഗ്യത്തിനും അവ നിരതെറ്റാതെ മുളച്ചു വരാനും അത്യന്താപേക്ഷിതമാണ്. സ്വഭാവികമായി കൊഴിഞ്ഞു പോകേണ്ട പ്രായം ആകുന്നതിനു മുമ്പ് പാൽപ്പല്ലുകളിൽ ആഴത്തിലുള്ള കേടും വേദനയും അനുഭവപ്പെട്ടാൽ വേര് ചികിത്സ(റൂട്ട് കനാൽ ട്രീറ്റ്മെന്റ് )ചെയ്ത് അവയെ നിലനിർത്തേണ്ടതാണ്. കൊഴിഞ്ഞു പോകുന്ന പല്ലിന് എന്തിനാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ്, അത് പറിച്ചു കളയാം എന്നൊക്കെ തോന്നാം. പക്ഷേ ഒരു പാൽപ്പല്ല് സ്വഭാവികമായി ഇളക്കം വന്ന് പറിഞ്ഞു പോകേണ്ട പ്രായം ആവുന്നതിനു മുമ്പേ എടുത്തു കളഞ്ഞാൽ അത് ആ സ്ഥാനത്തു മുളച്ചു വരേണ്ട സ്ഥിരം പല്ലുകളുടെ ക്രമീകരണത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. കുഞ്ഞുങ്ങളുടെ താടിയെല്ലിന്റെ വളർച്ചയെയും പാൽപ്പല്ലുകൾ സ്വാധീനിക്കും. അവ പ്രായമെത്താതെ പറിച്ചു കളഞ്ഞാൽ അത് കുട്ടിയെ പല രീതിയിലും പ്രതികൂലമായി ബാധിക്കും. ഇനി അഥവാ എടുത്തു കളഞ്ഞേ മതിയാവൂ എങ്കിൽ ആ സ്ഥാനത്ത് സ്ഥിരം പല്ല് മുളച്ചു വരുന്ന സമയം വരെ ആ വിടവിൽ സ്പേസ് മെയ്ന്റൈയ്നർ എന്ന ഉപകരണം ഘടിപ്പിച്ച് ആ വിടവ് ചുരുങ്ങിപ്പോകാതെ സംരക്ഷിക്കേണ്ടതാണ്. പല്ലിലെ കേടും പ്രായമെത്താതെ എടുത്തു കളഞ്ഞ പല്ലുകളുടെ വിടവും സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളുടെ ആത്മവിശ്വാസവും സന്തോഷവും കുറച്ചേക്കാം. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ പാൽപ്പല്ലുകൾ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
വേദന ഉണ്ടെങ്കിൽ മാത്രം ഡോക്ടറെ കണ്ടാൽ മതി എന്ന ചിന്ത മാറ്റി നിർത്തുക. കേടുവന്ന പല്ലുകൾ ശ്രദ്ധയിൽപെട്ടാൽ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സയോ പ്രതിരോധ മാർഗങ്ങളോ സ്വീകരിക്കേണ്ടതാണ്. പല്ലിനുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്താൻ ആറുമാസത്തിലൊരിക്കലെങ്കിലും ഒരു ദന്തൽ ചെക്കപ്പ് നടത്തുക.
Conten Summary: Dental problems in children