ADVERTISEMENT

മുതിർന്നവരെ പോലെ തന്നെ പ്രമേഹം  (Diabetes) കുട്ടികളെയും ബാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല. പാൻക്രിയാസിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ മൂലം ഇൻസുലിൻ ഉൽപാദനം കുറയുന്ന ടൈപ്പ് 1 പ്രമേഹമാണു  (Type 1 Diabetes) കുട്ടികളിൽ കാണുന്നത്. ജീവിതകാലം മുഴുവൻ ഇൻസുലിൻ ആവശ്യമായ രോഗാവസ്ഥയാണിത്. മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹവും കുട്ടികളിൽ കാണുന്നുണ്ട്. ആവശ്യത്തിലേറെ ദാഹവും വിശപ്പും തോന്നുക, കൂടുതലായി മൂത്രമൊഴിക്കുക, പതിവില്ലാതെ ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുക, ക്ഷീണം തോന്നുക എന്നിവയെല്ലാം ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

 

kids-outdoor-excericse-fatcameraimage-istock-photo-com
Representative Image. Photo Credit : Fatcameraimage / iStockphoto.com

ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളിൽ അമിതവണ്ണം സൂക്ഷിക്കണം. ചിലപ്പോൾ ഇൻസുലിൻ കൊണ്ടു മാത്രം പ്രമേഹം നിയന്ത്രണ വിധേയമാകണമെന്നില്ല. ജനിതകപരമായി പ്രമേഹമുള്ള കുട്ടികളിൽ അമിതവണ്ണം കാരണം അസുഖം നേരത്തേ തന്നെ പ്രകടമാകാം. ഇത്തരക്കാർക്കു ഇൻസുലിനൊപ്പം മറ്റു ഗുളികകൾ കൂടി എടുക്കേണ്ടി വരുന്നു.  ടൈപ്പ് 1 പ്രമേഹമുള്ള കുട്ടിക്ക് ദിവസത്തിൽ 4–5 പ്രാവശ്യം ഇൻസുലിൻ ഇൻ‍ജക്‌ഷൻ എടുക്കേണ്ടതുണ്ട്. ഓരോ തവണ ഇൻസുലിൻ എടുക്കുന്നതിനു മുൻപും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതായി വരും. ഒരു ദിവസം തന്നെ ഇത്രയേറെ തവണ ഇൻജക്‌ഷൻ എടുക്കുന്നതു കുട്ടികളിലും മാതാപിതാക്കളിലും ഒരേസമയം മാനസിക സംഘർഷമുണ്ടാക്കുന്നു. 

 

ഇത്തരം കുട്ടികൾക്കു സ്കൂളുകൾ, അധ്യാപകർ എന്നിവരിൽ നിന്നുള്ള പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. ഇൻസുലിൻ എടുക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഷുഗർ അമിതമായി കുറയുന്ന അവസ്ഥയെ ഹൈപ്പോഗ്ലൈസീമിയ മനസ്സിലാക്കി പെട്ടെന്നു തന്നെ മധുരം നൽകി ചികിത്സിക്കാനും അധ്യാപകർക്കു കഴിയണം. പ്രമേഹമുള്ള കൗമാരപ്രായക്കാരിലുണ്ടാകുന്ന മാനസിക സംഘർഷം ഗൗരവമായി കാണേണ്ട കാര്യമാണ്. കൃത്യമായ ഭക്ഷണരീതി, ദിവസേനയുള്ള വ്യായാമം എന്നിവ ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാനപ്പെട്ടതാണ്. പാരമ്പര്യം മൂലം പ്രമേഹം വരാൻ സാധ്യതയുള്ള കുട്ടികളിൽ പോലും പ്രമേഹ സാധ്യത വൈകിപ്പിക്കാനും വരാതെ നോക്കാനും ഇതുവഴി സാധിക്കും.  

    

(വിവരങ്ങൾ: ഡോ. ഷീജ മാധവൻ, കൺസൽറ്റന്റ്, പീഡിയാട്രിക് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്, കിംസ് ഹെൽത്ത്, തിരുവനന്തപുരം)

 

Content Summary : Type 1 diabetes in children - Symptoms and causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com