ADVERTISEMENT

കോൺഗ്രസിന്റെ ഉയർച്ച താഴ്ചകൾ അമിതാഭ് ബച്ചന്റെയും ഇന്ദ്രൻസിന്റെയും ഉടലുകൊണ്ട് അളന്നതിലൂടെ ഊരാക്കുടുക്കിൽപെട്ടു മന്ത്രി വി.എൻ.വാസവൻ. ശാരീരിക പ്രത്യേകതകളെ പരിഹാസ വിഭവമാക്കി വെടി പറഞ്ഞ കാലമൊക്കെ അസ്തമിച്ചു. അക്കാലമല്ല ഇക്കാലമെന്നു മന്ത്രി ഓർത്തില്ല. 2018 എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംവിധായകൻ ജൂഡ് ആന്തണിയെക്കുറിച്ചു പറഞ്ഞ വാക്കുകൾക്കു മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചതും ഇൗ ആഴ്ച തന്നെ.  

എന്താണ് ബോഡി ഷെയ്മിങ്? 

നീ വല്ലാതങ്ങു കറുത്തു പോയല്ലോ, വണ്ണം കൂടി കൂടി ഇതെങ്ങോട്ടാ പോകുന്നത്, മുടിയെല്ലാം കൊഴിഞ്ഞു മൊട്ടത്തല ആകുന്നുണ്ടല്ലോ... ഇത്തരം കമന്റുകൾ നിത്യജീവിതത്തിൽ പലപ്പോഴും കേൾക്കുന്നതാകും. ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ വിലയിരുത്തുന്നതാണു ബോഡി ഷെയ്മിങ് (Body Shaming). വണ്ണം, ഉയരം, നിറം, തലമുടി, അവയവങ്ങളുടെ വലുപ്പം, ശബ്ദത്തിന്റെ പ്രത്യേകത, പ്രായം, വേഷം തുടങ്ങി എന്തും ബോഡി ഷെയ്മിങ്ങിനു വിഷയമാകാം. 

body-shaming-giuseppe-lombardo-istockphoto-com
Representative Image. Photo Credit : Georgia Court / iStockphoto.com

വില്ലനാകുന്ന വാക്കുകൾ 

ആത്മവിശ്വാസം തകർക്കുക, സ്വന്തം ശരീരത്തെ വെറുക്കുക, അപകർഷബോധം കൂടുക, ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവപ്പെടുക, മാനസിക സമ്മർദം തുടങ്ങി ബോഡി ഷെയ്മിങ്ങിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. കുട്ടികളെയും കൗമാരക്കാരെയുമാണു കൂടുതലായി ബാധിക്കുക. ബോഡി ഷെയ്മിങ്ങിനെതിരെ മാത്രമായി പ്രത്യേക നിയമമില്ലെങ്കിലും മറ്റു പല വകുപ്പുകൾ ഉപയോഗിച്ചു നിയമപരിരക്ഷ തേടാവുന്നതാണ്.

us-actor-will-smith-slaps-us-actor-chris-rock-robyn-beck-afp
US actor Will Smith (R) slaps US actor Chris Rock onstage during the 94th Oscars at the Dolby Theatre in Hollywood, California on March 27, 2022. Photo by Robyn Beck / AFP

ഓസ്കറിലെ അടി ഓർമിപ്പിക്കുന്നത്

കഴിഞ്ഞ ഓസ്കർ അവാർഡ് സമർപ്പണ വേദിയിൽ നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ കരണത്തടിച്ച സംഭവം വലിയ ചർച്ചയായിരുന്നു. വിൽ സ്മിത്തിന്റെ ഭാര്യ ജെയ്ഡയുടെ രോഗത്തെപ്പറ്റി ക്രിസ് നടത്തിയ പരാമർശമാണ് അടിയിൽ കലാശിച്ചത്. ബോഡി ഷെയ്മിങ് മോശമാണ്, എന്നിരുന്നാലും താൻ പ്രതികരിച്ച രീതി തെറ്റാണെന്നു വിൽ സ്മിത്ത് പിന്നീടു പറഞ്ഞു.

ഏതാനും വർഷം മുൻപ്, അമ്മ തലമുടി പിന്നിക്കൊടുക്കുമ്പോൾ വിങ്ങിക്കൊണ്ട് ‘ഐ ആം അഗ്ലി’ എന്നു കരഞ്ഞ അമേരിക്കയിലെ കറുത്ത വംശജയായ നാലു വയസ്സുകാരി അരിയാനയുടെ വിഡിയോ ലോകശ്രദ്ധ നേടിയിരുന്നു. ശരീരം വളരാത്ത ഡ്വാർഫിസം എന്ന അസുഖം ബാധിച്ച ക്വാഡൻ ബായേൽസ് എന്ന ബാലൻ കളിയാക്കൽ സഹിക്കാതെ എന്നെ ഒന്നു കൊന്നു തരൂ എന്നു കരയുന്ന വിഡിയോയും ലോകം കണ്ടു. അടുത്തിടെ ഇറങ്ങിയ കാന്താര സിനിമയിൽ സ്ത്രീയുടെ പല്ലിനെ പോത്തുമായി ഉപമിച്ചത് ഒട്ടേറെ വിമർശനങ്ങൾക്ക് ഇടയാക്കി. 

ലെറ്റ്സ് ടോക്ക് എബൗട്ട്‌ ബോഡി ഷെയ്മിങ് 

മകൾ സുഹാന ഖാനെ നിറത്തിന്റെ പേരിൽ കളിയാക്കിയവരോടു ഷാരൂഖ് ഖാൻ പറഞ്ഞത് തന്റെ മകൾ ഇരുണ്ടതാണെന്നും അവളാണ് എനിക്കു ലോകത്തിലെ ഏറ്റവും സുന്ദരിയെന്നുമാണ്. നടി വിദ്യാബാലൻ തനിക്കേറ്റ ബോഡി ഷെയ്മിങ് മുറിവുകളുടെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ അപമാനിക്കപ്പെടുന്നവർക്കു വേണ്ടി ‘ലെറ്റ്സ് ടോക്ക് എബൗട്ട്‌ ബോഡി ഷെയ്മിങ്’ എന്ന വിഡിയോയുമായി രംഗത്തുവന്നിരുന്നു. നടി സമീറ റെഡ്ഡിയും ഗായിക സിതാരയും ലൈവ് വിഡിയോകളിൽ വന്നു മേക്കപ് അഴിച്ചു മാറ്റിയതും അടുത്തിടെ.  

white-woman-golubovy-istock-photo-com
Representative Image. Photo Credit : Golubovy / iStockphoto.com

ബോഡി ഷെയ്മിങ്  അതിജീവിക്കാം 

മറ്റുള്ളവരുടെ പരിഹാസത്തിന്റെ മുനയൊടിക്കുന്നതിലും എളുപ്പം സ്വയം സ്നേഹത്തിന്റെ ഒരു കവചം കൊണ്ട് നമ്മളെ പൊതിയുന്നതാണ്. നിറത്തിനും ശരീരഭംഗിക്കും സൗന്ദര്യത്തിനുമപ്പുറം നമ്മിലുള്ള കഴിവുകളെ കണ്ടെത്തുക. അവയെ വളർത്തിയെടുക്കുന്നതിനു സമയം ചെലവഴിക്കുക. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അവരെ അവരായിത്തന്നെ ഉൾക്കൊള്ളാൻ ശ്രമിക്കണം. ശരീരവും സൗന്ദര്യവുമായി ബന്ധപ്പെട്ട നെഗറ്റീവ് പരാമർശങ്ങൾ അടുത്ത സുഹൃത്തുക്കളോടു പോലും നടത്താതിരിക്കുക.  

Content Summary : How to deal with body shaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com