ADVERTISEMENT

പഴങ്ങൾ ധാരാളം കഴിക്കുന്നത് പ്രമേഹം ഉൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പഴങ്ങളിലടങ്ങിയ പഞ്ചസാര, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമോ എന്ന് പലർക്കും സംശയമുണ്ട്. 

 

പഴങ്ങളിലടങ്ങിയ പഞ്ചസാര, മറ്റു ഭക്ഷ്യവിഭവങ്ങളായ ചോക്ലേറ്റ്, റിഫൈൻഡ് ഷുഗർ, ബേക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിലെ പഞ്ചസാരയിൽ നിന്നും വ്യത്യസ്തമാണ്. ഫ്രക്ടോസ് ആണ് പഴങ്ങളിൽ അടങ്ങിയ പഞ്ചസാര. മാത്രമല്ല അത് ശരീരം വളരെ സാവധാനത്തിലേ ആഗിരണം ചെയ്യൂ. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരുകയുമില്ല. 

 

മുന്തിരിങ്ങയും പ്രമേഹവും

മുന്തിരിങ്ങയിൽ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പതിവായി മുന്തിരിങ്ങ കഴിക്കുന്നത് പ്രമേഹത്തെ അകറ്റി നിർത്തും. ശരീരത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതോടൊപ്പം മെറ്റബോളിക് സിൻഡ്രോം വരാനുള്ള സാധ്യതയും കുറയ്ക്കാൻ മുന്തിരിങ്ങ സഹായിക്കും. 

 

പോളിഫിനോളുകൾ ഉൾപ്പെടെ നിരവധി ബയോആക്ടീവ് സംയുക്തങ്ങൾ മുന്തിരിങ്ങയിലുണ്ട്. ഇവയ്ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ആന്റിഡയബറ്റിക് ഗുണങ്ങളുള്ള ഫ്ലേവനോയ്ഡുകളും മുന്തിരിങ്ങയിലുണ്ട്. 

 

മുന്തിരിങ്ങയുെട തൊലിയിലടങ്ങിയ റെസ്‌വെറാട്രോൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഗുരുതരമായ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും റെസ്‌വെറാട്രോൾ സഹായിക്കുന്നു. 

 

100 ഗ്രാം മുന്തിരിങ്ങയിൽ 69 കാലറിയുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്സ് ആകട്ടെ 53 ആണ്. പ്രമേഹം ഉള്ളവർ ദിവസം 100–150 ഗ്രാമിലധികം മുന്തിരിങ്ങ തിന്നാൻ പാടില്ല. രാവിലെ വെറുംവയറ്റിൽ മുന്തിരിങ്ങ കഴിക്കുന്നതാണ് ഏറെ ഗുണകരം.

 

മുന്തിരിങ്ങയോ മുന്തിരിജ്യൂസോ? ഏതാണ് മികച്ചത്

പഴച്ചാറുകളിൽ വലിയ തോതിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പഴങ്ങൾ ജ്യൂസ് ആക്കുന്നതോടെ ആരോഗ്യകരമായ ഫൈബർ അതിൽ നിന്നു നഷ്ടപ്പെടുന്നു. അതുകൊണ്ട് പ്രമേഹരോഗികൾ ജ്യൂസിനു പകരം പഴങ്ങൾ തന്നെ കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. 

 

മുന്തിരിങ്ങയില്‍ നാരുകള്‍ ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മുന്തിരി ജ്യൂസിനെക്കാൾ മുന്തിരിങ്ങ കഴിക്കുന്നതാണ് പ്രമേഹരോഗികൾക്ക് നല്ലത്.

Content Summary: Are Grapes Good for Diabetics? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com