ADVERTISEMENT

നല്ലതുപോലെ ഉറച്ചിരുന്ന പല്ലുകൾക്ക് ഈയിടെയായി ഒരു ഇളക്കം.  ഈ പല്ലുകളൊന്ന് ഉറപ്പിക്കാമോ എന്ന ചോദ്യവുമായാണ് ആ മുതിർന്ന പൗരൻ ഡോക്ടറെ സമീപിച്ചത്. പ്രായമേറിയ ഒട്ടേറെപ്പേരെ അലട്ടുന്ന പ്രശ്നമാണ് പല്ലുകളുടെ ആട്ടം.  മോണയിൽ അമിതമായ ചുവപ്പുനിറം, രക്തസ്രാവം, മോണ വീർത്തു തടിക്കുക, ഇടയ്ക്കിടെ മോണയിൽ പഴുപ്പുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിട്ടും അതെല്ലാം അവഗണിച്ചെന്ന് ഇദ്ദേഹം ഡോക്ടറോടു പറഞ്ഞു. മോണരോഗം മൂർഛിച്ച് അസ്ഥിഭ്രംശം സംഭവിക്കുമ്പോഴാണ് പല്ലുകൾ ഇളികിത്തുടങ്ങുന്നതെന്നു ഡോക്ടർ പറഞ്ഞു. മോണരോഗത്തിന്റെ തീവ്രതയേറിയ അവസ്ഥയിൽ അവസാന അത്താണിയായി ചെയ്യുന്നതാണ് മോണയിലെ ശസ്ത്രക്രിയ അല്ലെങ്കിൽ ഫ്ലാപ് സർജറി (Periodontal Flap Surgery). ഫ്ലാപ് സർജറി മൂലം പല്ലുകളുടെ ആട്ടം ഇല്ലാതാക്കാം. 

എന്താണ് ഫ്ലാപ് സർജറി

മോണ മരവിപ്പിച്ചതിനു ശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മോണ തുറക്കുന്നു. പല്ലിന്റെ വേരിലും അവയ്ക്കിടയിലും ഇരിക്കുന്ന, രക്തവും പഴപ്പും ഇടകലർന്ന ചലം പോലുള്ള ദശഭാഗം അഥവാ ഗ്രാനുലേഷൻ ടിഷ്യു ക്യൂററ്റ് എന്ന ഉപകരണം ഉപയോഗിച്ച് നീക്കം ചെയ്യുന്നു. വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തിൾ (കാൽക്കുലസ്) നീക്കം ചെയ്ത് വൃത്തിയാക്കുന്നു. 

അസ്ഥിയിലെ അപാകതകൾ രണ്ടു രീതിയിൽ പരിഹരിക്കാറുണ്ട്. 

1. അസ്ഥി ഛേദന ശസ്തക്രിയ

ഉപകരണങ്ങൾ കൊണ്ട് അസ്ഥിയെ മിനുസപ്പെടുത്തി ഒരേ പ്രതലത്തിലാക്കുന്നു. 

2. പുനരുജ്ജീവന ശസ്ത്രക്രിയ

അസ്ഥി പോയ ഭാഗത്ത് അവയെ പുനർനിർമിക്കാൻ സഹായിക്കുന്ന ഗ്രാഫ്റ്റ് എന്ന പദാർഥം നിക്ഷേപിക്കുന്നു. അതിനുശേഷം, തുറന്ന മോണ അടച്ച് തയ്യലിടുന്നു. 7–10 ദിവസങ്ങൾക്കുള്ളിൽ തയ്യൽ മാറ്റാം. 

What is periodontal flap surgery?
Representative Image. Photo Credit : Seb_ra / iStockphoto.com

ഇതിന് വേദനയുണ്ടോ

ശ്ലേഷ്മസ്തരം മരവിപ്പിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. അതിനാൽ തീർത്തും വേദനാരഹിതമാണ്. 

എത്ര സമയം വേണ്ടിവരും

എട്ടു പല്ലുകൾ വീതം ഓരോ ഭാഗമായാണ് ഇതു ചെയ്യുന്നത്. 7–10 ദിവസം ഇടവിട്ട് നാലു തവണയായി ചെയ്തു തീർക്കുന്നു. ഒരു ദിവസത്തെ പ്രക്രിയ 45 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ നീളും. 

ശസ്ത്രക്രിയ കഴിഞ്ഞാൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ?

പല്ലിന് ചെറിയ തോതിൽ പുളിപ്പ് കുറച്ചു ദിവസത്തേക്ക് തോന്നിയേക്കും. 24 മണിക്കൂർ നേരം കട്ടി കുറഞ്ഞതും തണുത്തതുമായ ആഹാരം കഴിക്കണം. തയ്യൽ എടുക്കുന്നതുവരെ കൂടുതൽ എരിവുള്ളതും പുളിയുള്ളതുമായ ആഹാരം ഒഴിവാക്കണം. മൂന്നു മാസം ഡോക്ടർ പറയുന്ന രീതിയിൽ മൃദുവായ ബ്രഷ് ഉപയോഗിച്ചു വേണം പല്ലുതേയ്ക്കാൻ. 

വിവരങ്ങൾക്കു കടപ്പാട്: 

ഡോ. ജി.ആർ. മണികണ്ഠൻ,
കൺസൽറ്റന്റ് പെരിയോഡോന്റിസ്റ്റ്, ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം

Content Summary : What is periodontal flap surgery? - Dr. G. R. Manikandan Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com