ADVERTISEMENT

സര്‍വസാധാരണവും ഏറ്റവും മാരകവുമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം. വളരെ വൈകിയാണ് പലപ്പോഴും തിരിച്ചറിയുന്നത് എന്നതാണ് ഈ അര്‍ബുദത്തെ ഇത്ര മാരകമാക്കുന്നത്. ബാധിക്കപ്പെടുന്നവരില്‍ പാതിയിലേറെ പേരും രോഗം നിര്‍ണയിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുന്നതും ഇതിനാലാണ്. പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും മറ്റ് രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

 

പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ പല ലക്ഷണങ്ങളില്‍ ഒന്നാണ് ദേഹമാസകലം വരുന്ന ചൊറിച്ചില്‍. തല മുതല്‍ പാദം വരെ ശരീരത്തിന്‍റെ ഓരോ ഇഞ്ചും ചൊറിയാന്‍ തുടങ്ങും. ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് ഈ ചൊറിച്ചില്‍ മാറാം. ബൈല്‍ സാള്‍ട്ട് ചര്‍മത്തിന് കീഴെ അടിഞ്ഞു കൂടുന്നതാണ് ഈ ചൊറിച്ചിലിന് കാരണം. തുടര്‍ന്ന് ചര്‍മത്തിന്‍റെ നിറം മാറി മഞ്ഞ നിറമായി മാറും. ചൊറിച്ചിലിന് പിന്നാലെ മഞ്ഞപ്പിത്തവും ബാധിക്കപ്പെടുന്നതിനാല്‍ കണ്ണുകള്‍ക്കും വൈകാതെ മഞ്ഞനിറമാകും. 

 

മഞ്ഞപ്പിത്തത്തിനും ചൊറിച്ചിലിനും പുറമേ ഇനി പറയുന്ന ലക്ഷണങ്ങളും പാന്‍ക്രിയാറ്റിക് അര്‍ബുദവുമായി ബന്ധപ്പെട്ട് കാണപ്പെടാറുണ്ട്.

 

1. ദഹനക്കേട്

ദഹനക്കേടും നെഞ്ചെരിച്ചിലും വരുമ്പോൾ  അത് പാന്‍ക്രിയാറ്റിക് അര്‍ബുദം മൂലമാണെന്ന് ആരും ചിന്തിച്ചെന്ന് വരില്ല. എന്നാല്‍ ഈ ലക്ഷണങ്ങള്‍ക്കൊപ്പം വയര്‍വേദന, പുറം വേദന എന്നിവയെല്ലാം ശ്രദ്ധയില്‍പ്പെട്ടാല്‍ പാന്‍ക്രിയാസിന്‍റെ ആരോഗ്യം പരിശോധിക്കണം. 

 

2. വയറില്‍ നിന്ന് പുറത്തേക്ക് വ്യാപിക്കുന്ന വേദന

വയറില്‍ ആരംഭിച്ച് പുറത്തേക്ക് വ്യാപിക്കുന്ന വേദനയും പാന്‍ക്രിയാറ്റിക് അര്‍ബുദ ലക്ഷണമാണ്. ഷോള്‍ഡര്‍ബ്ലേഡുകളുടെ നടുവിലായിരിക്കും പലപ്പോഴും വേദന വരുന്നത്. എന്തെങ്കിലും കഴിച്ച് കഴിയുമ്പോൾ  ഈ വേദന കൂടുന്നതും ശ്രദ്ധയില്‍പ്പെടാം. 

 

3. ഭാരനഷ്ടം

പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഭാരം കുറയുന്നതും പാന്‍ക്രിയാറ്റിക് അര്‍ബുദ ലക്ഷണമാണ്. ഇതിനൊപ്പം വിശപ്പില്ലായ്മയും അനുഭവപ്പെടാം. അര്‍ബുദമുഴകള്‍ വയറിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാകാം വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നത്. 

 

4. മലത്തില്‍ കൊഴുപ്പ് 

അതിസാരത്തിനൊപ്പം മലത്തില്‍ കൊഴുപ്പിന്‍റെ അംശം പ്രത്യക്ഷപ്പെടുന്നതും പാന്‍ക്രിയാറ്റിക് അര്‍ബുദ മുന്നറിയിപ്പാണ്. കടും മഞ്ഞ നിറത്തിൽ എണ്ണമയമുള്ള ഈ മലം ചിലപ്പോള്‍ എളുപ്പം ടോയ്ലറ്റില്‍ നിന്ന് ഫ്ളഷ് ചെയ്ത് കളയാന്‍ സാധിച്ചെന്ന് വരില്ല. 

 

5. പ്രമേഹം

അര്‍ബുദം പാന്‍ക്രിയാസിന്‍റെ ഇന്‍സുലിന്‍ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നത് ചിലരില്‍ പ്രമേഹത്തിനും കാരണമാകാം. മറ്റ് അര്‍ബുദ ലക്ഷണങ്ങള്‍ക്കൊപ്പം അടുത്ത കാലത്ത് പ്രമേഹവും നിര്‍ണയിക്കപ്പെട്ടാൽ  പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത നിര്‍ബന്ധമായും പരിശോധിക്കണം. 

 

6. മനംമറിച്ചില്‍

ഛര്‍ദ്ദി, മനംമറിച്ചില്‍ തുടങ്ങിയവയും പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളില്‍പ്പെടുന്നു. എന്നാല്‍ മറ്റ് രോഗങ്ങള്‍ മൂലവും ഇത് വരാമെന്നതിനാല്‍ പലരും പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യത കണക്കിലെടുക്കാറില്ല. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും പാന്‍ക്രിയാറ്റിക് അര്‍ബുദ രോഗികളില്‍ കാണപ്പെടാറുണ്ട്.

Content Summary: Pancreatic Cancer symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com