വൃക്കകള്‍ പണി മുടക്കിയോ? സൂചന നല്‍കും ഈ ലക്ഷണങ്ങള്‍

fatigue
Photo Credit: Shutterstock.com
SHARE

രക്തത്തിന്‍റെ ശുദ്ധീകരണത്തിനും ശരീരത്തില്‍ നിന്ന് അമിതമായ ദ്രാവകങ്ങള്‍ പുറന്തള്ളുന്നതിനും നിര്‍ണായക പങ്ക് വഹിക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ശരീരത്തില്‍ മാലിന്യങ്ങളും ദ്രാവകങ്ങളും അടിഞ്ഞ് പല വിധ രോഗസങ്കീര്‍ണതകള്‍ ഉണ്ടാകും. 

വൃക്കകള്‍ പണിമുടക്കിയാല്‍ ശരീരം ഇനി പറയുന്ന സൂചനകള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നതാണെന്ന് വൃക്കരോഗ വിദഗ്ധനും സായ് സഞ്ജീവനി സ്ഥാപകനുമായ ഡോ. പുരു ധവാന്‍ പറയുന്നു. 

1. അമിതമായ ക്ഷീണം 

എപ്പോഴും ക്ഷീണം തോന്നുന്നതും ഒരുകാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുന്നതും ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതിന്‍റെ ലക്ഷണമാണ്. ഇത് ശരീരത്തെ ദുര്‍ബലമാക്കുകും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. 

2. വരണ്ട, ചൊറിച്ചിലുള്ള ചര്‍മം

ശരീരത്തിലെ മാലിന്യം നീക്കുന്നതിനൊപ്പം വൃക്കകള്‍ രക്തത്തിലെ ധാതുക്കളുടെ അളവ് നിയന്ത്രിക്കുകയും എല്ലുകളെ ശക്തമാക്കി വയ്ക്കുകയും ചെയ്യും. വൃക്ക തകരാര്‍ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനത്തെ താളം തെറ്റിക്കുന്നത് ചര്‍മത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കി മാറ്റും. 

3. മൂത്രത്തില്‍ രക്തം

രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അമിത ദ്രാവകങ്ങളും അരിച്ച് അവയെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്കകള്‍ ചെയ്യുക. ഈ പ്രവര്‍ത്തനത്തിന്‍റെ താളം തെറ്റുമ്പോൾ  രക്തകോശങ്ങള്‍ ചോര്‍ന്ന് മൂത്രത്തിലേക്ക് എത്തും. വൃക്കകളിലെ കല്ലുകളുടെയും മുഴകളുടെയും കൂടി സൂചനയാകാം മൂത്രത്തിലെ രക്തം എന്നതിനാല്‍ ഈ ലക്ഷണത്തെ നിസ്സാരമായി എടുക്കരുത്. 

4. പതയുള്ള മൂത്രം

മൂത്രത്തില്‍ അമിതമായി പതയുണ്ടാകുന്നത് ഇതിലെ പ്രോട്ടീന്‍ സാന്നിധ്യത്തെ കുറിക്കുന്നു. ഇതും വൃക്ക തകരാറിന്‍റെ ലക്ഷണമാണ്. 

5. പേശികള്‍ക്ക് വേദന

പേശികള്‍ക്ക് വലിവും വേദനയും അനുഭവപ്പെടുന്നത് വൃക്കതകരാര്‍ മൂലം ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടപ്പെടുമ്പോഴാണെന്ന് ഡോ. പുരു ധവാന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ കാല്‍സ്യം, ഫോസ്ഫറസ് തോതും പേശിവലിവിലേക്ക് നയിക്കാം. 

6. കാലുകളും കണങ്കാലും വീര്‍ക്കല്‍

വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് ശരീരത്തില്‍ സോഡിയം കെട്ടിക്കിടക്കാന്‍ ഇടയാക്കും. ഇത് കാലുകളിലും കണങ്കാലിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകാം. ഹൃദ്രോഗം, കരള്‍ രോഗം, കാലിലെ രക്തധമനികളുടെ പ്രശ്നങ്ങള്‍ എന്നിവ കൊണ്ടും ഈ നീര്‍ക്കെട്ട് ഉണ്ടാകാം.

Content Summary: Signs your kidneys are not as healthy now

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS