ADVERTISEMENT

പ്രതിദിനമെന്നോണം നിയന്ത്രിക്കപ്പെടേണ്ട ആരോഗ്യ സാഹചര്യമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് വര്‍ധിച്ച ദാഹത്തിനും ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതിനും ക്ഷീണത്തിനും അകാരണമായ ഭാരനഷ്ടത്തിനും മങ്ങിയ കാഴ്ചയ്ക്കുമെല്ലാം കാരണമാകാം. ഇതിനു പുറമേ പ്രമേഹം ശരീരത്തിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് ക്ഷതം വരുത്താം. ഇത് പല അവയവങ്ങളിലേക്കും ആവശ്യത്തിന് രക്തം എത്താത്ത സാഹചര്യമുണ്ടാക്കാം. ഇതു മൂലം ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി പ്രകടമാകുന്ന പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. കണ്ണുകള്‍

കണ്ണുകളിലെ റെറ്റിനയിലുള്ള രക്തക്കുഴലുകളെ പ്രമേഹം ബാധിക്കുമ്പോഴാണ് മങ്ങിയ കാഴ്ച, തിമിരം, ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപതി എന്നിവ ഉണ്ടാകുന്നത്. റെറ്റിനോപതി റെറ്റിനയില്‍ മാറ്റങ്ങളുണ്ടാക്കുകയും ചികിത്സിക്കാതിരുന്നാല്‍ കാഴ്ച നഷ്ടത്തിന് കാരണമാകുകയും ചെയ്യാം. 

 

2.കാലുകള്‍

രണ്ട് തരത്തിലാണ് പ്രമേഹം കാലുകളെ ബാധിക്കുന്നത്. ആദ്യത്തേത് കാലുകളിലെ നാഡീവ്യൂഹങ്ങള്‍ക്ക് ഉണ്ടാകുന്ന ക്ഷതമാണ്. ഇത് കാലുകളുടെ സംവേദനക്ഷമത നഷ്ടപ്പെടുത്തും. തൊട്ടാല്‍ പോലും അറിയാത്ത വിധത്തില്‍ കാലുകളുടെ സംവേദനശേഷി ഇല്ലാതാകും. രണ്ടാമതായി പ്രമേഹം കാലുകളിലേക്കുള്ള രക്തചംക്രമണത്തെ ബാധിക്കും. കാലില്‍ എന്തെങ്കിലും മുറിവുണ്ടായാല്‍ ഇത് കരിയാതിരിക്കുന്നതും കാലുകള്‍ പെട്ടെന്ന് കറുക്കുന്നതുമെല്ലാം രക്തചംക്രമണത്തിന്‍റെ അഭാവത്തിലാണ്. മുറിവുകള്‍ ഉണ്ടായാല്‍ അവ ഉണങ്ങാതെ പഴുത്ത് കാലുകള്‍ മുറിച്ചു കളയേണ്ട അവസ്ഥയും പ്രമേഹ രോഗികളില്‍ ഉണ്ടാകാറുണ്ട്. 

 

3. വൃക്കകള്‍

ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളുമെല്ലാം അരിച്ചു കളയുന്ന അവയവങ്ങളാണ് വൃക്കകള്‍. ഇതിന് ചുറ്റുമുള്ള ചെറിയ രക്തക്കുഴലുകളാണ് ഈ  പ്രക്രിയയെ സഹായിക്കുന്നത്. പ്രമേഹം ഈ രക്തക്കുഴലുകള്‍ക്ക് ക്ഷതമുണ്ടാക്കുന്നത് ഡയബറ്റിക് നെഫ്രോപതിയിലേക്ക് നയിക്കാം. മൂത്രത്തില്‍ പ്രോട്ടീന്‍ പ്രത്യക്ഷമാകുന്നതും അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും രക്തസമ്മര്‍ദം ഉയരുന്നതും കാലുകളും കണങ്കാലും കൈകളും കണ്ണുകളും നീരു വയ്ക്കുന്നതും ഛര്‍ദ്ദി, മനംമറിച്ചില്‍, ക്ഷീണം എന്നിവ അനുഭവപ്പെടുന്നതും ഡയബറ്റിക് നെഫ്രോപതി മൂലമാകാം. 

 

4. നാഡീവ്യൂഹങ്ങള്‍

ഡയബറ്റിക് റെറ്റിനോപതിയും നെഫ്രോപതിയും പോലെ ഉയര്‍ന്ന രക്തസമ്മര്‍ദം നാഡീവ്യൂഹത്തെ ബാധിച്ച് ഡയബറ്റിക് ന്യൂറോപതിയിലേക്കും നയിക്കാം. മരവിപ്പ്, വേദനയോ ചൂടോ തിരിച്ചറിയാനുള്ള ശേഷിക്കുറവ്, പുകച്ചില്‍, തുടിപ്പ്, ശക്തമായ വേദനയും പേശീവലിവും, സ്പര്‍ശനത്തോട് അമിതമായ സംവേദനത്വം, കാലുകളിലെ അള്‍സര്‍, അണുബാധകള്‍ എന്നിവയെല്ലാം ഡയബറ്റിക് ന്യൂറോപതി മൂലമുണ്ടാകാം. 

 

5. ഹൃദയവും രക്തക്കുഴലുകളും

ഉയര്‍ന്ന പ്രമേഹം രക്തക്കുഴലുകള്‍ക്ക് ക്ഷതം വരുത്താമെന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത അധികമാണ്. ഹൃദയാഘാത സാധ്യത ഉയര്‍ത്തുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദം പോലുളള പ്രശ്നങ്ങളും പ്രമേഹ രോഗികള്‍ക്ക് ഉണ്ടാകാം. 

 

6. മോണകള്‍

പെരിയോഡോണ്ടല്‍ ഡിസീസ് എന്നറിയപ്പെടുന്ന മോണരോഗവും പ്രമേഹവുമായി ബന്ധപ്പെട്ടതാണ്. മോണയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനെ തുടര്‍ന്ന് ഇവിടുത്തെ പേശികള്‍ ദുര്‍ബലമായിട്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഉയര്‍ന്ന പ്രമേഹം വായിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതും മോണരോഗത്തിലേക്ക് നയിക്കാം. രക്തസ്രാവം, മോണ വേദന, മോണയുടെ സെന്‍സിറ്റിവിറ്റി എന്നിവയെല്ലാം ഇതിന്‍റെ ഫലമായി ഉണ്ടാകാം. 

 

പ്രമേഹം ആര്‍ക്കും ഏത് പ്രായത്തിലും ഉണ്ടാകാം. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലി വഴി രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നതാണ്. സംസ്കരിച്ച ഭക്ഷണങ്ങളൊന്നും ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, ഭാരനിയന്ത്രണം, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍, ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധന എന്നിവ ഇക്കാര്യത്തില്‍ സഹായകമാണ്. പ്രമേഹമുള്ളവര്‍ മധുരപാനീയങ്ങള്‍, ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, വൈറ്റ് റൈസ്, ബ്രഡ്, പാസ്ത, ഫ്ളേവേര്‍ഡ് യോഗര്‍ട്ട്, ഉണക്ക പഴങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.

Content Summary: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com