ADVERTISEMENT

ദഹനനാളം അഥവാ കുടലിനെ മുഴുവനായോ, ദഹനനാളത്തിന്റെ ഒരു ഭാഗത്തെ മാത്രമായോ ബാധിക്കുന്ന വീക്കമാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് അഥവാ ഐ ബി ഡി എന്നറിയപ്പെടുന്നത്. ഈ വിഭാഗത്തിൽ പ്രധാനമായും രണ്ടു രോഗങ്ങളാണ് ഉൾപ്പെടുന്നത്. വൻകുടലിൽ വീക്കവും വ്രണവുമുണ്ടാക്കുന്ന അൾസറൈറ്റീവ് കൊളൈറ്റിസും, വൻകുടൽ ഉൾപ്പെടെ നാളത്തിന്റെ ഏതു ഭാഗത്തേയും ബാധിക്കുന്ന ക്രോൺസ് രോഗവും. 

 

ഈ രോഗാവസ്ഥകളിൽ ആഹാരനിയന്ത്രണം ഏറെ പ്രാധാന്യമർഹിക്കുന്നു. ഈ രോഗമുള്ളവർക്ക് ഓരോ ആഹാരവിഭാഗത്തിലും എന്തൊക്കെ കഴിക്കാം എന്നറിയാം. 

 

ധാന്യങ്ങൾ

രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ റൊട്ടി, പാസ്ത, പുളിപ്പിച്ച മാവുകൊണ്ടുള്ള ബ്രഡ്ഡുകള്‍, കോൺഫ്ലേക്സ്, പൊരി, അരി ഉൽപന്നങ്ങൾ എന്നിവ കഴിക്കാം. വൈറ്റ് റൈസ് (വെള്ള അരി), നാരു കുറഞ്ഞ മറ്റൊരു ധാന്യമാണ്. അതു ദഹനം എളുപ്പമാക്കി വയറിന്റെ പ്രവർത്തനം സുഗമമാക്കുന്നു. 

 

ചുവന്ന അരി, മട്ടയരി, മൾട്ടിഗ്രെയ്ൻ ഉൽപന്നങ്ങൾ, ഉണങ്ങിയ പഴവർഗങ്ങൾ, നട്സ് എന്നിവ അടങ്ങിയ ധാന്യങ്ങൾ ഇവ ഒഴിവാക്കുക (ഉദാ: ഗ്രനോള, മുസ്‌ലി, ബ്രഡ്ഡുകൾ).

 

മാംസ്യം (പ്രോട്ടീൻ)

∙തൊലി നീക്കിയ കോഴിയിറച്ചി നന്നായി വേവിച്ചത്. മസാല അധികമില്ലാതെ കഴിക്കാം. 

∙സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളായ ബീൻസ്, പയറുവർഗങ്ങൾ, പരിപ്പു വർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. മുളപ്പിച്ച പയറുവർഗങ്ങൾ വായു ശല്യം ഒഴിവാക്കും.

∙സോയാ ഉൽപന്നങ്ങൾ (ടോഫു, സോയബീൻ) മാംസ്യം അടങ്ങിയവയാണ്. ഇവ എളുപ്പം ദഹിക്കും. 

∙വൻകുടൽ വീക്കത്തിനെതിരെ സംരക്ഷണം നൽകാൻ വാൽനട്ടിനു സാധിക്കും. മുഴുധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ ദഹനക്കുറവ് ഉണ്ടെങ്കിൽ പീനട്ട് ബട്ടർ പോലുള്ളവ ഉപയോഗിക്കുക. 

∙പാലുൽപന്നങ്ങൾ– പാലുൽപന്നങ്ങൾ ദഹിക്കാൻ പ്രയാസമാണ്. കൊഴുപ്പു കുറവുള്ള തൈര് നല്ലതാണ്. അതിൽ നല്ല ബാക്ടീരിയകൾ (Probiotics) ഉണ്ട്.

∙പഴവർഗങ്ങളും പച്ചക്കറികളും– വേവിക്കാത്ത പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നതു കുടലിനു ദോഷം ചെയ്യുന്നു. തൊലിയും കുരുവും കളഞ്ഞ്, കഷണങ്ങളാക്കി നന്നായി വേവിച്ച പച്ചക്കറികൾ കഴിക്കുന്നതു ദഹനത്തിനു സഹായകരമാകും. നാര് കൂടുതലായി അടങ്ങിയ ചോളം, ബ്രോക്കോളി, ബീൻസ്, അവക്കാഡോ, ഇലവർഗങ്ങൾ എന്നിവ കുടലിൽ വായുശല്യം വരുത്തും. 

 

മധുരപലഹാരങ്ങൾ

കേക്ക്, കുക്കീസ്, ഐസ്ക്രീം, പുഡ്ഡിങ് തുടങ്ങിയ മധുരപലഹാരങ്ങളിലെ കൊഴുപ്പും പഞ്ചസാരയും ദഹിക്കാൻ പ്രയാസമാണ്. ജലാറ്റിൻ, കട്ടിയുള്ള മിഠായികൾ തുടങ്ങിയവ ഉപയോഗിക്കാം. പഞ്ചസാര ഇല്ലാത്ത ഭക്ഷണപദാർഥങ്ങളിലെ ചേരുവകൾ ശ്രദ്ധിക്കുക. പഞ്ചസാരയ്ക്കു പകരമുള്ള സോർബിറ്റോൾ, മാനിറ്റോൾ, സൈലിറ്റോൾ എന്നിവ വയറിളക്കം, വായുശല്യം എന്നിവയ്ക്കു കാരണമാകുന്നു. 

പാനീയങ്ങൾ

കാർബണേറ്റഡ് പാനീയങ്ങൾ ദഹനപ്രശ്നങ്ങൾ ഉള്ളവർക്കു ദോഷം ചെയ്യുന്നു. നന്നായി വെള്ളം കുടിക്കണം. പ്രോട്ടീന്‍ അടങ്ങിയ സപ്ലിമെന്റുകൾ, പാനീയങ്ങൾ എന്നിവ വിദഗ്ധ നിർദേശാനുസരണം കഴിക്കാം.

Content Summary: Inflammatory Bowel Disease and Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com