ADVERTISEMENT

‘സർവീസ് കുറച്ചായല്ലോ. സാറിന്റെ റിട്ടയർമെന്റ് എന്നാ ?’ ഈ ചോദ്യം കേട്ടു കേട്ട് തങ്കപ്രസാദിന്റെ ചെവി തഴമ്പിച്ചിട്ടുണ്ട്. പക്ഷേ, മടുപ്പു കാണിച്ചില്ല. ചിരിച്ചുകൊണ്ട് എല്ലാവരോടും പറയും– ‘ജീവിതം അങ്ങ് ഓടിപ്പോവുകയല്ലേ.. പ്രായം 69 ആയി. റിട്ടയർ ചെയ്തിട്ട് കാലം കുറച്ചായി !’

 

health-senior-citizen-nallaprayam-cancer-survivor-marathon-winner-thanka-prasad

മഹാരോഗം വന്നാൽ അതിനെ തോൽപിച്ച് ഇങ്ങനെ ഉഷാറായി ജീവിക്കാനാകുമോ എന്ന ചോദ്യത്തിനു കൂടി ഉത്തരമാണ് എസ്ബിടിയിൽ നിന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ ആയി വിരമിച്ച തിരുവനന്തപുരം പട്ടം സ്വദേശി തങ്കപ്രസാദിന്റെ  ജീവിതം. അദ്ദേഹം കാൻസർ ബാധിതനായിരുന്നു. രണ്ടു തരം കാൻസർ. കൂടാതെ ഒരു വൃക്കയും നീക്കം ചെയ്തു. ഇന്ന് കാൻസർ മാറി നിൽക്കുകയാണ്. 

 

‘ഞാൻ ഓടാൻ തുടങ്ങിയതോടെ നിൽക്കക്കള്ളിയില്ലാതെ കാൻസറും തോറ്റോടി.’ – അദ്ദേഹം പറയുന്നു. 

രണ്ടു തവണയാണ് കാൻസർ ബാധയുണ്ടായത്. 2013 ൽ വൃക്കയിൽ രോഗബാധ. തുടർന്ന് ഒരു വൃക്ക നീക്കം ചെയ്യേണ്ടിവന്നു. തൊട്ടടുത്ത വർഷം പ്രോസ്റ്റേറ്റ് കാൻസർ. 2017ൽ വീണ്ടും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചു.  

ചികിത്സ കൊണ്ട് കാൻസർ സുഖപ്പെടും. ചികിത്സാകാലത്ത് വ്യായാമത്തിനു വലിയ മാറ്റമുണ്ടാക്കാനുമാകും. ഓട്ടം പേശികളുടെയും എല്ലിന്റെയും കരുത്തു വർധിപ്പിക്കും. യൂറിനറി ഭാഗത്ത് പേശികളുടെ കരുത്തു കുറഞ്ഞാൽ അത് പ്രശ്നങ്ങൾക്കിടയാക്കും. ഓട്ടം തങ്കപ്രസാദിന്റെ ശാരീരിക, മാനസിക നിലകളിൽ ഗുണപരമായ മാറ്റമുണ്ടാക്കി. ഏറെ നേരം ഇരുന്നുള്ള സൈക്ലിങ് ഒഴികെയുള്ള വ്യായാമങ്ങൾ രോഗികൾക്കായി ശുപാർശ െചയ്യാറുണ്ട്. ചികിത്സാകാലത്തും ചികിത്സ കഴിഞ്ഞും വ്യായാമം വഴി ശാരീരികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ പുലർത്തണം

ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ എല്ലാവരും അടങ്ങിയൊതുങ്ങി കരുതലോടെ വീട്ടിലിരിക്കുകയാണ് പതിവ്. പക്ഷേ, തങ്കപ്രസാദ് ഓടാൻ തീരുമാനിക്കുകയായിരുന്നു. ചെറുപ്പത്തിലുണ്ടായ ശീലം വീണ്ടുമങ്ങു തുടങ്ങി. 

nallaprayam-cancer-survivor-marathon-winner-thanka-prasad-medal

 

cancer-survivor-marathon-winner-thanka-prasad

തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ ആറിനെത്തും. 25 റൗണ്ട് ഓടും. ഓട്ടം തുടങ്ങിയപ്പോൾ 10 റൗണ്ട് പോലും പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ കുറഞ്ഞത് 25 റൗണ്ട് ഓടും. 10 കിലോമീറ്റർ ദൂരം. 

nallaprayam-cancer-survivor-marathon-winner-thanka-prasad-image

 

ജീവിതത്തിൽ പഴയൊരു ഓട്ടക്കഥ കൂടിയുണ്ട്. 1972 ൽ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നടന്ന കേരള മാരത്തണിൽ പങ്കെടുത്ത് 10,000 മീറ്ററിൽ വിജയം നേടിയിരുന്നു. പിന്നീട് കുറച്ചുകാലം ദീർഘദൂര ഓട്ടമത്സരങ്ങളിൽ പങ്കെടുത്തെങ്കിലും ബാങ്കുദ്യോഗസ്ഥനായതോടെ ഓട്ടം മറന്നു. കാൻസർ ബാധിച്ചതോടെ ഒന്നു ബോധ്യമായി, വ്യായാമക്കുറവാണ് രോഗത്തിനു കാരണം.  ചികിത്സിച്ച ഡോക്ടർമാരുടെ അനുമതിയോടെ ഓട്ടം പുനരാരംഭിക്കാൻ തീരുമാനിച്ചു. ഒപ്പം ചികിത്സയും തുടർന്നു. മരുന്ന് മുടക്കിയില്ല. 

 

‘പഴയ അത്‌ലിറ്റ് ഒക്കെയായിരിക്കാം. പക്ഷേ, ശരീരം അതെല്ലാം മറന്നു. ഇന്ന് സാധാരണ മനുഷ്യനാണ്. അതുകൊണ്ട് ചെറിയ രീതിയിൽ തുടങ്ങുക’ ഇതായിരുന്നു ഉപദേശം. അങ്ങനെ ഓടിത്തുടങ്ങിയതാണ്. ആരോഗ്യം പതിയെ മടങ്ങിയെത്തി, ആത്മവിശ്വാസവും. രോഗം ശരീരത്തെ വിട്ടകന്നു. ഇപ്പോഴും കരുതലോടെയാണ് ജീവിതം. മിനി മാരത്തണുകളിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ കുടുംബം വിലക്കി. പക്ഷേ, മനസ്സ് കരുത്തേകി. ബെംഗളൂരു, കൊച്ചിയിലുമായി നാലു ഹാഫ് മാരത്തണുകളിൽ പങ്കെടുത്തു. 21.1 കിലോമീറ്റർ കൂളായി ഓടി. കേരള മാസ്റ്റേഴ്സ് മീറ്റിൽ ദീർഘദൂര ഓട്ടമത്സരത്തിൽ സ്വർണവും വെള്ളിയും നേടി. ഫെബ്രുവരി 26ന് ഡൽഹിയിൽ നടക്കുന്ന ഫുൾ മാരത്തണാണ് അടുത്ത ലക്ഷ്യം. 42.2 ദൂരമാണ് കീഴടക്കാനുള്ളത്. അതിനുള്ള കഠിന പരിശീലനത്തിലാണ് ഇപ്പോൾ. 

 

ദുർമേദസ്സ് ആണ് തന്നിൽ കാൻസർ ബാധയുണ്ടാക്കിയതെന്ന് തങ്കപ്രസാദ് പറയുന്നു. ‘റിട്ടയർമെന്റിനു ശേഷം രണ്ടാം വർഷം ഓടാൻ തുടങ്ങിയതോടെ മാറ്റമുണ്ടായി. എല്ലാ കോശങ്ങളും പ്രവർത്തനക്ഷമമാകാൻ ഓട്ടം സഹായിച്ചു. മസിലുകളുടെ ശക്തി വർധിച്ചു. ഓർമ, ശ്രദ്ധ എല്ലാം തിരികെക്കിട്ടി. ശക്തമായ ഹൃദയവും പേശികളുമാണ് ഇന്നെന്റെ സമ്പത്ത്’– അദ്ദേഹം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com