ഒസിഡി: തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍ വഴി

ocd
Photo Credit: microgen/ Istockphoto
SHARE

‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലെ ഫഹദ് ഫാസില്‍ അവതരിപ്പിച്ച മുഖ്യ കഥാപാത്രത്തെ ഓര്‍മയില്ലേ? വൃത്തിയുടെ കാര്യത്തില്‍ അമിത ശ്രദ്ധക്കാരനായ അല്‍പം വ്യത്യസ്തനായ കഥാപാത്രം. ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ അഥവാ ഒസിഡി എന്ന രോഗത്തിന്‍റെ ലക്ഷണളാണ് ഈ കഥാപാത്രം വരച്ച് കാണിക്കുന്നത്. ഒരു വ്യക്തിക്ക് വീണ്ടും വീണ്ടും അനിയന്ത്രിതമായി വരുന്ന ചിന്തകളും അവ മൂലം അവര്‍ ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളുമാണ് ഒസിഡിയുടെ പ്രത്യേകത. അനിയന്ത്രിതമായ ചിന്തകളെയും ത്വരകളെയും ഒബ്സെഷനെന്നും ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനായി രോഗി  ആവര്‍ത്തിച്ച് ചെയ്യുന്ന പ്രവൃത്തികളെ(കൈ കഴുകല്‍ പോലെയുള്ളവ) കമ്പല്‍ഷന്‍ എന്നും വിളിക്കുന്നു. ഇവ ഒരാളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാം. 

ഒസിഡി രോഗാവസ്ഥയുള്ളവര്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

1. ആവര്‍ത്തിച്ചുള്ള പരിശോധന

എവിടെയെങ്കിലും പോകാന്‍ വീട് പൂട്ടി പുറത്തിറങ്ങി കഴിയുമ്പോൾ  വീട് പൂട്ടിയോ എന്ന സംശയത്താല്‍ ആവര്‍ത്തിച്ച് പരിശോധിക്കുക, ഗ്യാസ് സിലിണ്ടര്‍ അടച്ചോ എന്ന് വീണ്ടും വീണ്ടും പോയി പരിശോധിക്കുക എന്നിങ്ങനെ പല വിധ ലക്ഷണങ്ങള്‍ ഒസിഡിയുള്ളവര്‍ കാണിക്കും. ഇമെയിലുകളും സന്ദേശങ്ങളും വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നതും ഇതിന്‍റെ ലക്ഷണമാണ്.  

2.   വൃത്തി ഭ്രമം

വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരാണ് ഒസിഡിയുള്ളവര്‍. തറയും അടുക്കളയും പ്രതലങ്ങളുമെല്ലാം ഇവര്‍ അടിക്കടി വൃത്തിയാക്കിക്കൊണ്ടിരിക്കും. അണുക്കള്‍ ദേഹത്ത് പറ്റുമോ എന്ന ഭയത്താല്‍ ഇടയ്ക്കിടെ ഇവര്‍ കൈ കഴുകുകയോ കുളിക്കുകയോ ചെയ്യും. 

3. അടുക്കും ചിട്ടയും ഉള്ളവര്‍

വസ്തുക്കള്‍ അടുക്കും ചിട്ടയുമില്ലാതെ ഇരിക്കുന്നത് ഒസിഡി രോഗികളെ അസ്വസ്ഥരാക്കും. ഇതിനാല്‍ സാധനങ്ങളെല്ലാം ഇവര്‍ നിരന്തരം അടുക്കിപ്പെറുക്കി വച്ചുകൊണ്ടിരിക്കും. ഇവര്‍ അടുക്കി പെറുക്കി വച്ച സാധനങ്ങള്‍ ആരെങ്കിലും ക്രമം തെറ്റിച്ച് വച്ചാല്‍ ഒസിഡി രോഗികള്‍ വീണ്ടും അസ്വസ്ഥരാകും. 

4. ആവര്‍ത്തിച്ചുള്ള ലൈംഗിക ചിന്തകള്‍

ആവര്‍ത്തിച്ച് വരുന്ന ലൈംഗിക ചിന്തകളും അക്രമ ചിന്തകളുമെല്ലാം ഒസിഡിയുടെ ഭാഗമാണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ  അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കാനുള്ള അടക്കാനാകാത്ത ത്വരയും ഒസിഡി ലക്ഷണമാണ്. ഇത് രോഗിക്ക് തന്നോട് തന്നെ അവജ്ഞ തോന്നാന്‍ കാരണമാകും. പക്ഷേ, ഇവര്‍ക്ക് ഇത്തരം ചിന്തകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. 

5.മരണഭയം 

അപകടം സംഭവിക്കുമോ, മരിച്ചു പോകുമോ എന്നെല്ലാമുള്ള അനാവശ്യ ഭീതിയും ഉത്കണ്ഠയും ഒസിഡി ലക്ഷണമാണ്. റോഡിലേക്ക് വണ്ടിയുമായി ഇറങ്ങിയാല്‍ അപകടം പറ്റുമോ, കുഴിയില്‍ വീഴുമോ എന്നെല്ലാം ഇവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കും. ഈ ഭയം കാരണം വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും ചില ഒസിഡി രോഗികള്‍ തയ്യാറാകില്ല. 

ഒസിഡി ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടാതിരുന്നാല്‍ ജീവിതത്തിന്‍റെ താളം തന്നെ തെറ്റിപ്പോകാം. മനഃശാസ്ത്ര ചികിത്സകളും മരുന്നുകളും തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ചികിത്സകളും ശസ്ത്രക്രിയകളുമെല്ലാം ഈ രോഗത്തിന് ഇന്ന് ലഭ്യമാണ്. 

Content Summary: Obsessive Compulsive Disorder OCD Symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS