ഭക്ഷണം കഴിഞ്ഞാൽ പിന്നെ അദ്ദേഹം വിസിറ്റിങ് കാർഡ് അന്വേഷിക്കും. ആർക്കും കൊടുക്കാനൊന്നുമല്ല, പല്ലിന്റെ ഇടയിലെ ഭക്ഷണാവശിഷ്ടങ്ങൾ കുത്തിക്കളയാനാണ് ഈ വിസിറ്റിങ് കാർഡ് പ്രയോഗം. ദന്തഡോക്ടറെ കാണേണ്ട സ്ഥിതിയെത്തി. പല്ലിടകുത്താൻ മാത്രമായി കനം കുറഞ്ഞ വിസിറ്റിങ് കാർഡ് കൈവശമുണ്ടെന്ന് ഇദ്ദേഹം ഡോക്ടറോടു കുറ്റസമ്മതം നടത്തി.
ഇതൊന്നും പല്ലിനു നല്ലതല്ലെന്ന് ഡോക്ടർ പറഞ്ഞുകൊടുത്തു. ചിലർ സേഫ്റ്റി പിൻ ഉപയോഗിച്ചും പല്ലിട കുത്തും. ചിലർക്കാകട്ടെ തീപ്പെട്ടിക്കൊള്ളി മതി. വളരെ മൃദുവായ ഇന്റർ ഡെന്റൽ പാപ്പില്ല എന്ന, പല്ലുകൾക്കിടയിലെ മോണയുടെ ഭാഗത്തിന് ക്ഷതമേൽപിക്കുന്നതാണ് ഈ ചെയ്തികളെന്നൊക്കെ ഡോക്ടർ വിവരിച്ചപ്പോൾ മുതിർന്ന പൗരനായ രോഗി പശ്ചാത്തപിച്ചു– വേണ്ടായിരുന്നു ആ വിസിറ്റിങ് കാർഡ് പ്രയോഗം.
പ്രായമേറിയവർ പല്ലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പല്ലിനിടയിൽ ഭക്ഷണം കുടുങ്ങിയാൽ പിന്നെ എന്തു ചെയ്യും എന്നു ചോദിക്കുന്നവരുണ്ട്. അശാസ്ത്രീയ മാർഗങ്ങളിലൂടെ അതു നീക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്.
കാരണങ്ങൾ
പല്ലുകൾക്കിടയിൽ ഭക്ഷണം കുടുങ്ങുന്നതിന് കാരണങ്ങൾ പലതാണ്.
∙ പല്ലിന്റെ പ്രതലത്തിലുണ്ടാകുന്ന തേയ്മാനം
∙ സമീപത്തുള്ള പല്ലുകളുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്നത്.
∙ പല്ലുകൾ നേരത്തേ നഷ്ടപ്പെട്ട ഭാഗത്ത് വയ്പു പല്ലുകൾ വച്ചില്ലെങ്കിൽ പല്ലുകൾ കീഴ്പ്പോട്ട് ഇറങ്ങിവരുന്നത്.
∙ പല്ലുകളിൽ ജന്മനാ തന്നെയുള്ള അപാകതകൾ.
∙ എന്തെങ്കിലും വസ്തു പല്ലുകൾക്കിടയിൽ ഇടാനുള്ള തോന്നൽ. ആഗ്രഹം നടപ്പാക്കുമ്പോൾ പല്ലുകൾക്കിടയിൽ വിടവുണ്ടാകുന്നു.
∙ മോണയിലെ നീർവീക്കം, പഴുപ്പ്
തടയാനുള്ള മാർഗങ്ങൾ
ശരിയായ ദന്തശുചിത്വം പാലിക്കുക. ദിവസവും രണ്ടു നേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക. മേൽത്താടിയിൽ മുകളിൽ നിന്നു താഴേക്ക് മൂന്നു പല്ലുകൾ വീതമായി ബ്രഷ് ചെയ്യുക. 15 ഡിഗ്രി കോണിൽ ചെരിച്ചു വേണം ബ്രഷ് ചെയ്യാൻ. കീഴ്ത്താടിയിൽ ഇതേ രീതിയിൽ താഴെ നിന്നു മുകളിലേക്ക് ബ്രഷ് ചെയ്യുക. മീഡിയം ഫ്ലെക്സിബിൾ പിടിയുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കണം. ഡെന്റൽ ഫ്ലോസ് എന്ന പ്രത്യേക തരം നൂലുകൾ ഉപയോഗിച്ച് ദിവസവും ഒരു നേരം ഫ്ലോസിങ് ചെയ്യണം. അല്ലെങ്കിൽ പല്ലിട ശുചീകരണ ബ്രഷുകൾ അഥവാ ഇന്റൽ ഡെന്റൽ ബ്രഷുകൾ ഉപയോഗിക്കാം.
ചികിത്സാരീതികൾ
∙ പല്ല് വൃത്തിയാക്കുക, അഥവാ സ്കെയിലിങ്
∙ പല്ലിന്റെയും കേട് അടച്ച ഭാഗത്തെയും പല്ലിൽ ഇട്ടിരിക്കുന്ന ക്യാപ്പിലെയും അപാകതകൾ പരിഹരിക്കുക.
∙ ചില വ്യക്തികളിൽ മുഴച്ചു നിൽക്കുന്ന പ്ലഞ്ചർ കസ്പ് എന്ന പല്ലിന്റെ ഭാഗം ശരിയാക്കുക.
∙ മോണയിൽ മരുന്നുകൾ ഉപയോഗിച്ച് ആഴത്തിലുള്ള വൃത്തിയാക്കൽ അഥവാ സബ്ജിഞ്ചൈവൽ സ്കെയിലിങ്.
∙ മോണയിലെ ശസ്ത്രക്രിയ അഥവാ ഫ്ലാപ് സർജറി.
∙ പല്ലുകൾക്കിടയിൽ വലിയ വിടവുകൾ വന്നവരിൽ പല്ലിൽ കമ്പിയിടുന്ന ദന്ത ക്രമീകരണ ചികിത്സ.
∙ മോണരോഗ വിദഗ്ധനെ കണ്ട് ആറുമാസത്തിലൊരിക്കൽ പരിശോധന നടത്തുക.
അടുത്ത തവണ തീപ്പെട്ടിക്കൊള്ളിയും സേഫ്റ്റി പിന്നും എടുക്കും മുൻപ് ആലോചിക്കുക– പല്ലിനോട് ഈ ക്രൂരത വേണോ?
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജി.ആർ. മണികണ്ഠൻ,
പെരിയോഡോന്റിസ്റ്റ്,
ഗവ. അർബൻ ഡെന്റൽ ക്ലിനിക്,
തിരുവനന്തപുരം.
ഫോൺ: 94968 15829.
Content Summary: Dental care