ജോലിയിൽ നിന്നു വിരമിച്ചാൽ പിന്നെ എന്തു ചെയ്യും? പലരെയും അലട്ടുന്ന ചോദ്യമാണിത്. എന്നാൽ ക്രൈംബ്രാഞ്ച് എസ്ഐ ആയിരുന്ന കോട്ടയ്ക്കൽ തോക്കാംപാറ കുന്നത്തുപറമ്പിൽ ഗോപാലകൃഷ്ണൻ വിരമിച്ച ശേഷമുള്ള ജീവിതത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ്.
ജോലിയിൽ നിന്നു വിരമിച്ചിട്ട് ഏറെ വർഷങ്ങളായി. എന്നാൽ, വിശ്രമം എന്തെന്ന് ഈ എഴുപതുകാരൻ ഇതുവരെ അറിഞ്ഞിട്ടില്ല. തെരുവിൽ അലയുന്ന അഗതികൾക്കും പക്ഷിമൃഗാദികൾക്കുമായി ശിഷ്ടജീവിതം മാറ്റിവച്ചിരിക്കുകയാണ് നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ ‘സായി ഗോപാലേട്ടൻ’.
കാലങ്ങളായി സൈക്കിളിൽ അതിരാവിലെ നാടുചുറ്റാനിറങ്ങും ഗോപാലകൃഷ്ണൻ. വെള്ള ഷർട്ടും പാന്റ്സുമാണ് പതിവു വേഷം. കയ്യിൽ കരുതുന്ന പാത്രത്തിൽ ഇഡ്ഡലിയോ ദോശയോ ഉണ്ടാകും. തെരുവോരങ്ങളിൽ കാണുന്ന പട്ടിണിപ്പാവങ്ങൾക്കും തെരുവുനായ്ക്കൾക്കും കാക്കകൾക്കും പൂച്ചകൾക്കും മത്സ്യങ്ങൾക്കുമായി അതെല്ലാം വീതംവയ്ക്കും.
കൂടാതെ, വഴിയോരങ്ങളിലെ പുൽക്കാടുകൾ വെട്ടിമാറ്റും. ജലാശയങ്ങൾ വൃത്തിയാക്കും.
‘സർക്കാരിന്റെ പെൻഷൻ തുക വാങ്ങുന്നതിനു പകരം എന്തെങ്കിലും സേവനം എല്ലാദിവസവും സമൂഹത്തിനു ചെയ്യണം’ - ഗോപാലകൃഷ്ണൻ നയം വ്യക്തമാക്കുന്നു.
Content Summary: Healthy happy retirement life