രാവിലെ ബാഡ്മിന്റൻ റാക്കറ്റും പുറത്തു തൂക്കി അടുത്തുള്ള ഗ്രൗണ്ടിലേക്ക് കുതിക്കുന്ന പുരുഷന്മാർ. നമ്മുടെ നഗരങ്ങളിലെ ഒരു പതിവ് കാഴ്ചയാകും ഇത്. കളിസ്ഥലങ്ങളിലും മൈതാനങ്ങളിലും ചെന്ന് നോക്കിയാൽ നടക്കാനും ഓടാനും വരുന്നവരിലും പുരുഷന്മാർ തന്നെയാകും ബഹുഭൂരിപക്ഷം. ജിമ്മിലെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. മുൻപത്തേതിനെ അപേക്ഷിച്ച് കൂടുതൽ കൂടുതൽ സ്ത്രീകൾ പൊതുവിടങ്ങളിലേക്ക് വ്യായാമത്തിനായി ഇറങ്ങി വരുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും അതിനുള്ള സാഹചര്യം ലഭിക്കുന്നില്ല.
എന്നാൽ പുരുഷന്മാരെ പോലെതന്നെ സ്ത്രീകളും നിത്യവും എന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്. ഇതുകൊണ്ടുള്ള ഗുണങ്ങൾ ഇനി പറയുന്നതാണ് :
1. കാൻസർ സാധ്യത കുറയ്ക്കാം
നിത്യവുമുള്ള വ്യായാമം സ്തനാർബുദം, കോളൻ അർബുദം തുടങ്ങി പലവിധത്തിലുള്ള അർബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
2. ബാലൻസും വഴക്കവും
ശരീരത്തിന്റെ ബാലൻസും വഴക്കവും മെച്ചപ്പെടുത്തി വീഴ്ചകളിൽ നിന്നുള്ള പരുക്ക് കുറയ്ക്കാനും വ്യായാമം സഹായിക്കും. പ്രായമായ സ്ത്രീകളിൽ വൈറ്റമിൻ ഡി യുടെ തോത് കുറയുന്നത് വീഴ്ചകളിൽ ഒടിവുകൾ സംഭവിക്കാനുള്ള അവരുടെ സാധ്യത വർധിപ്പിക്കാറുണ്ട്. ഇത് തടയാൻ വ്യായാമം സഹായിക്കും.
3. ആരോഗ്യകരമായ ചർമം
വ്യായാമത്തെ തുടർന്ന് ശരീരത്തിലെ രക്തചംക്രമണം വർധിക്കുന്നത് ചർമം തിളക്കത്തോടെ ഇരിക്കാൻ സഹായിക്കും. ഇതിനാൽ വ്യായാമത്തിന് ചില സൗന്ദര്യഗുണങ്ങളുമുണ്ട്.
4. മാനസികാരോഗ്യം മെച്ചപ്പെടുത്തും
വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തിപ്പെടുത്തും. മൂഡ് മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും വ്യായാമം നല്ലതാണ്.
5. ഹൃദയാരോഗ്യത്തിന് നല്ലത്
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാനും വ്യായാമം സഹായകമാണ്.
6. ശക്തമായ എല്ലുകൾ
ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യത കുറച്ച് എല്ലുകളെ ശക്തിപ്പെടുത്താനും വ്യായാമം സ്ത്രീകളെ സഹായിക്കും.
7. മെച്ചപ്പെട്ട ഉറക്കം
പതിവായി വ്യായാമം ചെയ്ത് തുടങ്ങുമ്പോൾ ഉറക്കവും മെച്ചപ്പെടുന്നതായി കാണാൻ സാധിക്കും. നന്നായി ഉറങ്ങുന്നത് ശരീരത്തിനും മനസ്സിനും ഊർജവും ചെറുപ്പവും നൽകും.
8. ഭാരനിയന്ത്രണം
അമിതവണ്ണം, വിളർച്ച, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ ഇന്ത്യയിലെ സ്ത്രീകൾക്ക് വരാനുള്ള സാധ്യത അധികമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. അത്തരം ജീവിതശൈലീ രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാനും വ്യായാമം സ്ത്രീകളെ സഹായിക്കും.
Content Summary: Importance of ladies workout