ADVERTISEMENT

കോഴിക്കോട്ടു ജനിച്ചു വളർന്ന എയർമാർഷൽ പി.വി.അയ്യർക്ക് ഇപ്പോൾ പ്രായം 93. ഇതേ പ്രായമുള്ള പലരും നടക്കാൻ പാടുപെടുമ്പോൾ, അയ്യർ ദിവസവും രാവിലെ ഓടുന്നത് 8 കിലോമീറ്റർ. ആഴ്ചയിൽ 5 ദിവസം ഹോം ജിമ്മിൽ ഒന്നര മണിക്കൂർ ഒന്നാന്തരം വർക്കൗട്ട്.

വ്യോമസേനയിൽ 'റണ്ണിങ് മാർഷൽ' എന്നു വിളിപ്പേരുള്ള അയ്യർ ഇതുവരെ ഓടിത്തീർത്തത് 1.2 ലക്ഷം കിലോമീറ്റർ ദൂരമാണ്! ഒടുവിൽ 93–ാം വയസ്സിൽ ഫിറ്റ്‍നസിനെക്കുറിച്ച് ഒരു പുസ്തകവും എഴുതി– ‘ഫിറ്റ് അറ്റ് എനി ഏജ്’. പ്രായത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങൾ മാറ്റിമറിക്കുന്നതാണ് അയ്യരുടെ ജീവിതവും പുസ്തകവും. നിതി ആയോഗ് സിഇഒയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ പരമേശ്വരൻ അയ്യരുടെ പിതാവാണ് പി.വി അയ്യർ. മകൾക്കൊപ്പം ബെംഗളൂരുവിലാണു സ്ഥിരതാമസം.

മാറിമറിഞ്ഞ പ്രവചനം

25–ാം വയസ്സിലായിരുന്നു വിവാഹം. ഭാര്യ കല്യാണിയുമൊത്ത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൈനോട്ടക്കാരനെ കണ്ടു. 60 വയസ്സുവരെ ആരോഗ്യകരമായ ജീവിതമുറപ്പാണെന്നും അതുകഴിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു കൈനോക്കിയുള്ള പ്രവചനം. ആ പ്രവചനം തെറ്റിയെന്നു പിന്നീട് കാലം തെളിയിച്ചു. തിമിരം പോലെയുള്ളവയുടെ ചികിത്സ മാറ്റിവച്ചാൽ 93 വയസ്സിനിടയിൽ കാര്യമായ ഒരു അസുഖത്തിന്റെ പേരിലും ആശുപത്രിയിൽ പോകേണ്ടി വന്നിട്ടില്ല.

ചെറുപ്പം മുതലേ ഫിറ്റ്‍നസ് ആരാധകനായിരുന്നില്ല അയ്യർ. വ്യോമസേനാ മേധാവി കൊണ്ടുവന്ന ഒരു നയംമാറ്റമാണ് 47–ാം വയസ്സിൽ അയ്യരെ ഫിറ്റ്‍നെസ് ലോകത്തേക്ക് എത്തിച്ചത്. സേനയിൽ ചേരാൻ കായികക്ഷമത അനിവാര്യമായിരുന്നെങ്കിലും കാലാകാലങ്ങളിൽ ഇതു നിലനിർത്തുന്നുണ്ടോയെന്ന് അന്നു പരിശോധിച്ചിരുന്നില്ല. ഒരിക്കൽ ഇതിനായി എല്ലാ വർഷവും ഫിറ്റ്‍നസ് ടെസ്റ്റ് ഏർപ്പെടുത്തി. പ്രായമനുസരിച്ചാണു ടെസ്റ്റ്.

47 വയസ്സുള്ള അയ്യർ 7 മിനിറ്റ് കൊണ്ട് ഒരു മൈൽ ദൂരം ഓടണമായിരുന്നു. ഇതിനായി 2 മാസം മുൻപേ പരിശീലനം തുടങ്ങി. ഓട്ടത്തിന്റെ വേഗവും ക്രമാനുഗതമായി വർധിപ്പിച്ചു. ഒടുവിൽ ടെസ്റ്റിന്റെ സമയത്ത് അനായാസമായി ഒരു മൈൽ ദൂരം 7 മിനിറ്റിനുള്ളിൽ ഓടിത്തീർത്തു. 47–ാം വയസ്സിലും മനസ്സുവച്ചാൽ ഒരാൾക്ക് ഫിറ്റ് ആകാൻ കഴിയുമെന്ന തിരിച്ചറിവോടെയാണ് പിന്നീടുള്ള ഓരോ മൈൽ ദൂരവും താണ്ടിയത്.

ലോ പൾസ്, ലോ പൾസ്

വർഷങ്ങൾക്കു മുൻപ് നാഗ്പുരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യാമാതാവിനെ കാണാനായി അയ്യർ പോയി. അവർ ഉറങ്ങുകയായിരുന്നതിനാൽ തൊട്ടടുത്ത മുറിയിൽ ഒഴിവുണ്ടായിരുന്ന കിടക്കയിൽ ഒന്നു മയങ്ങി. ഉണരുമ്പോൾ തന്റെ വായിൽ ആരോ എന്തോ വച്ചിട്ടുണ്ടെന്ന് മനസ്സിലായി. അതൊരു തെർമോമീറ്ററായിരുന്നു. ഒരു നഴ്സ് കയ്യിലെ നാഡി പിടിച്ചുനോക്കുന്നുണ്ടായിരുന്നു. ചുറ്റുമെന്താണ് സംഭവിക്കുന്നതെന്ന് അറിയും മുൻപ് നഴ്സ് അലറിവിളിച്ചു ലോ പൾസ്, ലോ പൾസ്. താൻ രോഗിയല്ലെന്നു പറഞ്ഞിട്ടും നഴ്സ് കൂട്ടാക്കിയില്ല. ഒരു സാധാരണ വ്യക്തിയുടെ പൾസ് റേറ്റ് 72 ആണെങ്കിൽ അയ്യരുടെ പൾസ് റേറ്റ് വെറും 38 ആയിരുന്നു. നന്നായി വർക്കൗട്ട് ചെയ്യുന്നവരുടെയും അത്‍ലീറ്റുകളുടെയും പൾസ് റേറ്റ് കുറയുക സാധാരണമാണ്. ഗുരുതരമായ അവസ്ഥയാണെന്നു തെറ്റിദ്ധരിച്ച് നഴ്സും അറ്റൻഡറും ചേർന്ന് അയ്യരെ സ്ട്രെച്ചറിലേക്കു മാറ്റാൻ ശ്രമിച്ചു. ഒടുവിൽ ഡോക്ടറെത്തി. സ്റ്റെതസ്കോപ് വച്ച് പരിശോധിച്ചപ്പോൾ ആൾ ഫിറ്റാണെന്നു ബോധ്യമായി. പിന്നെ അയ്യർ ഒരു നിമിഷം പോലും അവിടെ നിന്നില്ല.

അയ്യർ വീട്ടിലെ ജിമ്മിൽ
അയ്യർ വീട്ടിലെ ജിമ്മിൽ

നോൺ–സ്റ്റോപ് പരിശീലനം

രാവിലെ ഓടാത്ത ഒരു ദിവസം പോലും അയ്യരുടെ ഓർമയിലില്ല. ട്രെയിനിൽ ദൂരയാത്ര ചെയ്യുന്ന ദിവസങ്ങളിലും ഓട്ടത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. 20 മിനിറ്റ് വരെയൊക്കെ നിർത്തിയിടുന്ന സ്റ്റേഷനുകളിൽ ഇറങ്ങി 15 മിനിറ്റോളം ഓടുമായിരുന്നു. ട്രെയിനിൽ വലിയ തിരക്കില്ലെങ്കിൽ കംപാർട്മെന്റിനുള്ളിലൂടെ വരെ ഓടിയിട്ടുണ്ട്.

1981ൽ കാൻപുരിലെ വ്യോമസേനാ ബേസിലായിരുന്നപ്പോൾ സ്വന്തമായി കണ്ടെത്തിയ ഒരു കായികപരിശീലന രീതിയുണ്ടായിരുന്നു. 5 കിലോയോളം വരുന്ന ഈയത്തകിടുകൾ നിറച്ച ഒരു ലെതർ ബെൽറ്റ് അരയിൽ ചുറ്റി ഗംഗാതീരത്തെ മണൽക്കൂനകളിൽ ഓടിക്കയറുകയും ഇറങ്ങുകയും ചെയ്യും. മണലിലൂടെയുള്ള ഓട്ടം ദുഷ്കരമായതിനാൽ കാലിനിതു നൽകിയ കരുത്ത് വളരെ വലുതാണ്. ഫിറ്റ്‍നസിന്റെ അടിസ്ഥാനം കാലുകളാണെന്ന് അയ്യർ പറയുന്നു. ആഗ്രയിൽ നിന്നു ഡൽഹി വരെയുള്ള 240 കിലോമീറ്റർ ദൂരം ഓടിയ ചരിത്രവുമുണ്ട് അയ്യർക്ക്. രണ്ടര ദിവസം കൊണ്ടാണ് ഡൽഹിയിലെത്തിയത്. ദിവസവും ഓടിയത് 70 കിലോമീറ്ററോളം. 300 സൈനികർ പങ്കെടുത്ത ഓട്ടത്തിൽ അവസാനം ലക്ഷ്യസ്ഥാനത്ത് എത്തിയത് 100 പേരോളം .

ഒരു ദിവസം ഇങ്ങനെ

രാവിലെ അഞ്ചിന് ഉറക്കമുണരും. അഞ്ചരയോടെ ഓട്ടത്തിനിറങ്ങും. ഇപ്പോൾ ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ (സന്ധിഗതവാതം) നേരിയ ബുദ്ധിമുട്ടുള്ളതിനാൽ ഓട്ടത്തിനു വേഗം അൽപം കുറവാണെന്നു മാത്രം. ഒന്നര മണിക്കൂർ സമയം കൊണ്ട് 6 മുതൽ 8 കിലോമീറ്റർ വരെ ഓടും. അതുകഴിഞ്ഞ് വീട്ടിലെത്തി ഓട്ട്മീൽ (പൊറിഡ്ജ്) കഴിക്കും. തുടർന്ന് എഴുത്തിലും വായനയിലും മുഴുകും. സ്കൂളുകളും കോളജുകളും പ്രഭാഷണത്തിനും വിളിക്കാറുണ്ട്. ഉച്ചയ്ക്ക് രണ്ടോ മൂന്നോ തരം പച്ചക്കറികൾ മാത്രം. വെജിറ്റേറിയനാണ്. വൈകുന്നേരം വീട്ടിലെ ജിമ്മിൽ വർക്കൗട്ട്. ഏഴരക്കിലോ തൂക്കമുള്ള ഡംബൽ ഉപയോഗിച്ചുള്ള വെയ്റ്റ് ട്രെയിനിങ്, 30 കിലോ ബെഞ്ച് പ്രസ്, കമ്പിയിൽ തൂങ്ങി അഞ്ചോ ആറോ പുള്ളപ് ഒക്കെ ഇതിന്റെ ഭാഗമാണ്. വൈകിട്ട് അത്താഴത്തിന് ചോറ് അല്ലെങ്കിൽ ചപ്പാത്തി.

ഫിറ്റ്‍നസിനായി ഒരു മാജിക് ഭക്ഷണം ഇല്ലെന്നാണ് അയ്യർ പറയുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മിനറലുകൾ തുടങ്ങിയവ അടങ്ങിയ വിവിധതരം പച്ചക്കറികൾ കഴിക്കണമെന്നു മാത്രം. 40 വയസ്സിനു ശേഷം വ്യായാമം തുടങ്ങുന്നവർ ഡോക്ടറെ കണ്ട് ആരോഗ്യക്ഷമത ഉറപ്പാക്കണം. ബാങ്കിലെ പണം പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന ഒന്നല്ല ഫിറ്റ്‍നസ്. ഓരോ ആഴ്ചയും വർക്കൗട്ട് ചെയ്തു തന്നെ നേടണം. ബാങ്കിലെ പണം എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു പിൻവലിക്കാം. പക്ഷേ, കുറെ നാൾ വർക്കൗട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾ നേടിയ ഫിറ്റ്‍നസ് നഷ്ടമാകും. വീണ്ടും ഒന്നിൽ നിന്നു തുടങ്ങേണ്ടി വരും'–അയ്യർ പറയുന്നു.

English Summary : Write up about PV Ayyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com