ADVERTISEMENT

ശരീരത്തിലെ ഊര്‍ജ്ജമെല്ലാം ചോര്‍ന്ന് പോയി മനസ്സ് ആകെ മരവിച്ച മാനസികാവസ്ഥയില്‍ ഒരു വ്യക്തി എത്തുന്നതിനെയാണ് ഇംഗ്ലീഷില്‍ 'ബേണ്‍ ഔട്ട്' എന്ന്  വിളിക്കുന്നത്. ജോലി സംബന്ധമായ അമിത സമ്മര്‍ദമാണ് പലപ്പോഴും ബേണ്‍ ഔട്ടിന് കാരണം. ഇത്തരം ബേണ്‍ ഔട്ടുകള്‍ക്ക് പരിഹാരമാകും ആഴ്ചയില്‍ നാലു ദിവസം മാത്രം(32 മണിക്കൂര്‍) നീളുന്ന തൊഴില്‍ സംസ്കാരമെന്ന് യുകെയില്‍ നടത്തിയ പരീക്ഷണപഠനങ്ങള്‍ തെളിയിക്കുന്നു.  

 

ആഴ്ചയിലെ നാലു നാള്‍ ജോലി സംസ്കാരം തങ്ങളുടെ ബേണ്‍ ഔട്ടും സമ്മര്‍ദ തോതും കുറച്ചതായി ആറ് മാസം നീണ്ടു നിന്ന പരീക്ഷണത്തിനൊടുവില്‍ ബ്രിട്ടനിലെ തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു. ഇതു മൂലം ജീവനക്കാരുടെ ഉൽപാദനക്ഷമത കുറഞ്ഞില്ലെന്നു മാത്രമല്ല കമ്പനികളുടെ വരുമാനം 1.4 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 61 സ്ഥാപനങ്ങളാണ് തങ്ങളുടെ ജീവനക്കാരുടെ ആഴ്ചയിലെ ജോലി സമയം നാലു ദിവസമാക്കി കുറച്ചു കൊണ്ടുള്ള പഠനത്തില്‍ പങ്കെടുത്തത്. ഇതില്‍ 92 ശതമാനം കമ്പനികളും പരീക്ഷണകാലയളവ് കഴിഞ്ഞും പുതിയ സംവിധാനം തുടരാന്‍ തീരുമാനിച്ചതായി അറിയിച്ചു. ഈ ജോലി സംസ്കാരം സ്ഥിരമാക്കുമെന്ന് 18 സ്ഥാപനങ്ങള്‍ അറിയിച്ചു. 

 

അമിതമായ സമ്മര്‍ദത്തെയും ബേണ്‍ ഔട്ടിനെയും തുടര്‍ന്ന് ജീവനക്കാര്‍ ജോലിതന്നെ ഉപേക്ഷിക്കുന്ന സാഹചര്യം  വ്യാപകമായതിനെ തുടര്‍ന്നാണ് തൊഴില്‍ദാതാക്കള്‍ മാറി ചിന്തിച്ച് തുടങ്ങിയത്. മൈക്രോസോഫ്ടിന്‍റെ 2022ലെ വര്‍ക്ക് ട്രെന്‍ഡ് ഇന്‍ഡെക്സ് പ്രകാരം 48 ശതമാനം തൊഴിലാളികളും 53 ശതമാനം മാനേജര്‍മാരും തങ്ങള്‍ ജോലി മൂലം ബേണ്‍ ഔട്ടാണെന്ന് സമ്മതിക്കുന്നു. ബേണ്‍ ഔട്ട് ലക്ഷണങ്ങള്‍ക്കായി ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുള്ളതായി ഹാര്‍വഡ് ബിസിനസ് റിവ്യൂ ലേഖനം ചൂണ്ടിക്കാണിക്കുന്നു. 2022ല്‍ അമിത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് 50.5 ദശലക്ഷം പേരാണ് ജോലി ഉപേക്ഷിച്ചതെന്ന് സിഎന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

ജോലി ഷെഡ്യൂളിന് മുകളില്‍ നിയന്ത്രണമില്ലാത്ത അവസ്ഥ, ജോലിയും ജീവിതവും ബാലന്‍സ് ചെയ്യാന്‍ കഴിയാതെ ഇരിക്കല്‍, അമിതമായ ജോലിഭാരം, ദീര്‍ഘനേരത്തെ ജോലി എന്നിവയെല്ലാം ബേണ്‍ ഔട്ടിന് കാരണമാകാമെന്ന് മയോ ക്ലിനിക്ക് പറയുന്നു. ഇത് ശാരീരികവും മാനസികവുമായി പലവിധ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഉറക്കമില്ലായ്മ, മദ്യപാനം, ലഹരി മരുന്ന് ഉപയോഗം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം എന്നിവയെല്ലാം ഇതിന്‍റെ ഫലമായി ഉണ്ടാകാം. 

 

നാലു ദിവസം ജോലി എന്ന തൊഴില്‍ സംസ്കാരം കൂടുതല്‍ വിശ്രമിക്കാനും  ആരോഗ്യകരമായ ശീലങ്ങള്‍ തുടങ്ങാനുമുള്ള സമയം നല്‍കുമെന്ന് പരീക്ഷണപഠനത്തിന് രൂപരേഖ തയാറാക്കിയ സന്നദ്ധ സംഘടനയായ 4 ഡേ വീക്ക് ഗ്ലോബല്‍ പ്രോഗ്രാംസ് ആന്‍ഡ് ഡവലപ്മെന്‍റ് മാനേജര്‍ അലക്സ് സൂജുങ്-കിം പാങ് പറയുന്നു. 

Content Summary: Could a 4-Day Workweek Be the Answer to Job Burnout and Stress?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com