ADVERTISEMENT

കേൾവിപരിമിതിയെ അതിജീവിച്ച് ഡോക്ടറാകാൻ പഠിക്കുന്ന റിസ്വാനയുടെ മുഖചിത്രവുമായി ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ്.

മണ്ണഞ്ചേരി പുത്തൻവീട്ടിൽ അബ്ദുൽ റഷീദ്–സബിത ദമ്പതികളുടെ മകൾ പി.എ.റിസ്വാനയാണു കേൾവിപരിമിതരായ കുട്ടികൾക്കു പ്രചോദനമാകുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാനവർഷ വിദ്യാർഥിനിയാണു റിസ്വാന. 

കുട്ടിക്കാലത്തേ മകളുടെ പരിമിതി തിരിച്ചറിഞ്ഞ് തെറപ്പി നടത്തി അഞ്ചരവയസ്സിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്താൻ സാധിച്ചതിനാലാണു ശബ്ദലോകത്തേക്കു മകളെ എത്തിക്കാൻ കഴിഞ്ഞതെന്നു പിതാവ് അബ്ദുൽ റഷീദ് പറഞ്ഞു.

കുട്ടികളുടെ കേൾവിപരിമിതി നേരത്തേ തിരിച്ചറിയാൻ മാതാപിതാക്കൾക്കു സാധിച്ചാൽ കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ ഈ കുറവ് മറികടക്കാൻ കഴിയും. ഈ സന്ദേശവുമായാണ് റിസ്വാനയുടെ ചിത്രം ലോകാരോഗ്യ സംഘടന–ഇന്ത്യയുടെ വെബ്സൈറ്റിൽ ഇടം നേടിയത്.

 റിസ്വാനയുടെ ഇളയ സഹോദരൻ പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് പരിശീലിക്കുന്ന ശിഹാബുദ്ദീനും കോക്ലിയർ ഇംപ്ലാന്റ് ചെയ്തതാണ്. കോക്ലിയർ ഇംപ്ലാന്റേഷനുള്ള സാമഗ്രികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ വൻതുക ചെലവു വരും. അറ്റകുറ്റപ്പണികൾക്കു വർഷംതോറും 60,000 രൂപ വേണം.

 6–7 വർഷം കഴിയുമ്പോൾ ബന്ധപ്പെട്ട സാമഗ്രികൾ മാറ്റിവയ്ക്കാൻ 3 ലക്ഷം രൂപ വീണ്ടും ചെലവാകും. 70 വയസ്സുവരെ ജീവിച്ചിരിക്കുന്ന ഒരാൾക്ക് 70 ലക്ഷം രൂപ കേൾവിക്കുമാത്രം ചെലവഴിക്കേണ്ടി വരും.

കേരളത്തിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത 2,000 കുട്ടികളും അവരുടെ മാതാപിതാക്കളും ഈ വെല്ലുവിളി നേരിടുകയാണ്. 

ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധയും സഹായവും ആവശ്യപ്പെട്ട് ലോക കേൾവി ദിനമായ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഈ കുട്ടികളും അവരുടെ രക്ഷിതാക്കളുമായി ചേർന്ന് കോക്ലിയർ ഇംപ്ലാന്റ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി  ധർണ നടത്തും.

Content Summary: World hearing day special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com